തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യു എ പി ഐ നിലനിൽക്കില്ലെന്ന് ഡിജിപി യുടെ റിപ്പോർട്ട്. 2012 മുതൽ രജിസ്റ്റർ ചെയ്ത 162 കേസുകളിൽ ഡിജിപി അധ്യക്ഷനായ സമിതി നടത്തിയ പരിശോധനയിലാണ് 42 കേസുകളിൽ യു എ പി ഐ നിലനിൽക്കില്ലെന്ന് കണ്ടെത്തിയത്. നാല്പത്തിരണ്ടു കേസുകളിലും യു എ പി ഐ പ്രകാരമുള്ള കുറ്റം ഒഴിവാക്കാൻ കോടതികളിൽ റിപ്പോർട്ട് നൽകും.യു എ പി ഐ നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് സമിതി കേസുകൾ പുനഃപരിശോധന നടത്തിയത്.
റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രിൽ പതിനഞ്ചു വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നൽകിയിരുന്നത്. എന്നാൽ ഇതിനു ശേഷവും സിമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ റീചാർജ് ചെയ്യാത്തവരുടെ കണക്ഷൻ ഉപഭോക്താക്കൾക്ക് മെസ്സേജ് അയച്ചതിനു ശേഷം ഘട്ടം ഘട്ടമായാണ് റദ് ചെയ്യുക.
ജഡ്ജി നിയമനം: ഹൈകോടതിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി : അർഹത ഇല്ലാത്തവരെ ജില്ലാ, സെഷൻസ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു. സെലെക്ഷൻ പ്രക്രിയയിൽ എഴുത്തുപരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും കുടി ലഭിച്ച മാർക്കുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരളാ ഹൈകോടതിക്ക് നോട്ടീസ് അയച്ചത്.
എ ഐ എ ഡി എം കെ ലയിക്കുന്നു: ശശികലയെ പുറത്താക്കും
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടുമൊരു ട്വിസ്റ്റിനു അരങ്ങൊരുങ്ങി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം രണ്ടായി തിരിഞ്ഞ എ ഐ എ ഡി എം കെ ഒന്നിക്കാൻ പോവുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉടൻ യാഥാർഥ്യമായേക്കും. പാർട്ടി ലയിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ഭാവി എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മുൻ മുഖ്യമന്ത്രി പനീർ സെൽവത്തെ പാർട്ടിയിലേക്ക് തിരിച്ചു വിളിക്കുന്നതുമായി ബന്ധപ്പെട്ടു ശശികല പക്ഷത്തെ മന്ത്രിമാർ തിങ്കളാഴ്ച രാത്രി ചർച്ച നടത്തി. മന്ത്രി എടപ്പാടി പളനിസ്വാമിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം തമ്പിദുരൈയും പുതിയ നീക്കത്തിന് പിന്തുണയേകിയിട്ടുണ്ട്. 25 പേർ ചർച്ചയിൽ പങ്കെടുത്തുവെന്നതാണ് സൂചന.
എ ഐ എ ഡി എം കെ രണ്ടു ഗ്രുപ്പുകളായി തിരിഞ്ഞതോടെ പാർട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ധാക്കിയിരുന്നു. ലയനത്തിലൂടെ ഇത് തിരിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും ഒന്നിക്കാൻ നീക്കങ്ങൾ നടത്തുന്നത്.
വി എസ് അച്യുതാനന്ദന് മുറി നൽകാതെ കേരള ഹൗസ്
ന്യൂഡൽഹി: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന് കേരള ഹൗസിൽ മുറിനൽകിയില്ല. വി എസിന്റെ പതിവ് 204 നമ്പർ മുറി വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയെന്നായിരുന്നു കേരള ഹൗസ് നൽകിയ വിശദീകരണം. വി എസ് പ്രതിഷേധിച്ചപ്പോൾ മുറി നൽകി. പത്തു ദിവസം മുൻപ് പറഞ്ഞു വെച്ച മുറിയാണ് കേരള ഹൗസ് അനുവദിക്കാതിരുന്നത്.
പുല്ലൂപ്പിയിൽ ആർ എസ് എസ് ആക്രമണം: കോൺഗ്രസ് പ്രവർത്തകന് പരിക്ക്
കണ്ണൂർ : പുല്ലൂപ്പിയിൽ ആർ എസ് എസ് സംഘത്തിന്റെ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകന് പരിക്ക്. പുല്ലൂപ്പിയിലെ കോച്ചോത് വീട്ടിൽ മൂസയുടെ മകൻ മുനിസിനാണ്(20) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ ആണ് സംഭവം. പുലൂപ്പി ക്രിസ്ത്യൻ പള്ളിയ്ക് സമീപം ഇരിക്കുകയായിരുന്ന മുനീസിനെ ആറോളം ബൈക്കുകളിൽ എത്തിയ 15ഓളം വരുന്ന ആർ എസ് എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തലക്കും ഇടതു കൈമുട്ടിനും വലതുകാൽമുട്ടിനും പരിക്കേറ്റ മുനീസിനെ കണ്ണാടിപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കണ്ണാടിപ്പറമ്പ് വില്ലേജിൽ ഹർത്താൽ നടത്തി.
സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ചാർജ് വർധിപ്പിച്ചു. 10 പൈസമുതൽ 30 പൈസ വരെയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.
മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയ്ക്ക് തകർപ്പൻ വിജയം
മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ എതിർകക്ഷികളുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു കുഞ്ഞാപ്പ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പി കെ കുഞ്ഞാലിക്കുട്ടി 1.71ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയം നേടി. 5,15,325വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന വോട്ടെണ്ണലിൽ ആദ്യ അഞ്ചുമിനുട്ടിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുവായിരം കടന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിയമസഭാ കക്ഷി ഉപനേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ഉപതിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പാർട്ടി തീരുമാനം തെറ്റായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ഏഴിമല മാലിന്യവിരുദ്ധ സമരം : മനോജ്‌കുമാറിനെ അറസ്റ്റുചെയ്തു നീക്കി
പയ്യന്നൂർ: രാമന്തളി ജനവാസ മേഖലയിൽ മലിനീകരണം സൃഷ്ട്ടിക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മലിനജല സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു അക്കാദമി ഗേറ്റിൽ ജനാരോഗ്യ സംരക്ഷണസമിതി നടത്തുന്ന നിരാഹാര സമരം 47 ദിവസം പിന്നിട്ടു . നിരാഹാരം നടത്തിവന്ന സമിതി പ്രവർത്തകൻ ടി കെ മനോജ് കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്തു പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സമരസമിതി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കൽ നിരാഹാരം ആരംഭിച്ചു. നിരാഹാരം നടത്തുന്ന നാലാമത്തെ സമരസമിതി പ്രവർത്തകനാണ് വിനീത്.
വറ്റാത്ത പൊതുകിണർ: ഇപ്പോൾ ജനത്തിന് കുപ്പത്തൊട്ടി
തളിപ്പറമ്പ്: കടുത്ത വേനലിൽ പോലും വറ്റാത്ത ധർമശാല ടൗണിലെ പൊതുകിണർ മാലിന്യം നിറഞ്ഞ നിലയിൽ. ഏറെ പഴക്കമുള്ള ഈ കിണർ സമീപ പ്രദേശത്തെ നിരവധി നാട്ടുകാർക്കും ഹോട്ടലുകാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. ഏതാനും വര്ഷം മുൻപ് കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ കഴിയാത്തവിധം സാമൂഹ്യദ്രോഹികൾ മാലിന്യം നിക്ഷേപിച്ചതോടെയാണ് പലരും കിണർ ഉപേക്ഷിച്ചത്.കിണർ ശുചീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനുള്ള നടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.