തിരുവനന്തപുരം: മുന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം നടന്ന കൈയേറ്റം ഒഴിപ്പിക്കൽ സ്വാഭാവിക നടപടികൾ മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ മലയാളിയായ ഐ എസ് ഭീകരനും കൊല്ലപ്പെട്ടതായി സൂചന. ഐ എസിൽ ചേർന്നവരുടെ തലവനെന്നു കരുതുന്ന സജീർ മംഗലശ്ശേരി അബ്ദുല്ലയാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചത്.
വയനാട്ടിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് സജീർ മംഗലശ്ശേരി അബ്ദുല്ല. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം യു എ ഇ ഇൽ എത്തിയ സജീർ അവിടെ നിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം
മൂന്നാര്‍ വിഷയം മുഖ്യമന്ത്രി കളക്ടറെ ശാസിച്ചു
തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രി അനിഷ്ടം രേഖപ്പെടുത്തി. വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായുമാണ് റിപ്പോര്‍ട്ട്. കുരിശ് പൊളിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണെന്ന് പിണറായി കോട്ടയത്ത് പൊതുപരിപാടിയില്‍ പറഞ്ഞു. കുരിശ് എന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ നാളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളി ലാലേട്ടനോട് വേണ്ടെന്നു മല്ലു ഹാക്കേഴ്‌സ്
രണ്ടാമൂഴത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ കളിയാക്കി ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമ നിരൂപകനും നടനുമായ കമൽ ആർ ഖാനെതിരെയുള്ള സൈബർ ആക്രമണം തുടങ്ങി കഴിഞ്ഞതായി കമ്പ്യൂട്ടർ ഹാക്കർ മാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്സ്. കെ ആർ കെ യുടെ പ്രധാന വരുമാന മാർഗമായ ഗൂഗിൾ അഡ്ഡ്‌സെൻഡ് അക്കൗണ്ടും പൂട്ടിക്കും. എം ടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാം ഊഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് കെ ആർ കെ മോഹൻലാലിനെ പരിഹസിച്ചു രംഗത്തെത്തിയത്. മോഹൻലാൽ ഛോട്ടാഭീമിനെപോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങനെ ആണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെ ആർ കെയുടെ വിവാദ ട്വീറ്റ്. ഇതിനെതിരെയാണ് മലയാളികൾ ശക്തമായ ആക്രമണം അഴിച്ചു വിട്ടത്.
ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്നു പെട്രോളിയം മന്ത്രാലയം
ന്യൂഡൽഹി: ഞായറഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്നു പെട്രോളിയം മന്ത്രാലയം. ഇത്തരം നീക്കം പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ ഒരിക്കൽ പെട്രോൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാന മന്ത്രി രാജ്യത്തെ ജനങ്ങളോടാണ് അഭ്യർത്ഥിച്ചത് അല്ലാതെ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ഔദ്യോഗിക ട്വിറ്റെർ പേജിൽ പറഞ്ഞു.
കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ മെയ് 14 മുതൽ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനാണ് ഉടമകൾ തീരുമാനിച്ചിരുന്നത്. ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രധാന മന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.
ഹൈ കോടതി ജഡ്ജിയുടെ ഇംഗ്ലീഷ് മോശം: ഉത്തരവ് സുപ്രീം കോടതി റദ്ധാക്കി
ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഇംഗ്ലീഷ് ഭാഷ മോശമായതിനെ പേരിൽ വിധി റദ്‌ചെയ്തു സുപ്രീം കോടതി ഉത്തരവ്. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ ഈ അപൂർവ നടപടി. വാടക തർക്കം സംബന്ധിച്ചുള്ള ഹർജിയിലെ ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണിച്ചേയ്ക്കും.
ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്നു തീർപ്പ്
വാതുവെപ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബി സി സി ഐ തീർപ്പ് കല്പിച്ചിരിക്കുന്നു തന്റെ വിലക്കിനെതിരെ ശ്രീശാന്ത് കൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരു ഉദ്ദേശവും തങ്ങൾക്ക് ഇല്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി നിലപാട് വെളിപ്പെടുത്തിയത്.
ആരോഗ്യമന്ത്രിയുടെ നാട്ടിലെ ഡെങ്കിപ്പനി: മട്ടന്നൂരിൽ ഇന്ന് ഹർത്താൽ
മട്ടന്നൂർ: ആരോഗ്യ മന്ത്രിയുടെ നാടായ മട്ടന്നൂരിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. നൂറു കണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനംപ്രതി പനി പിടിപെട്ടവരുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ ചുണ്ടി കാട്ടുന്നു.
മാസങ്ങൾക്ക് മുൻപ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡെങ്കിപ്പനി മൂർച്ഛിച്ച് മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് തന്നെ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പുകൾ നൽകിയതാണ്. എന്നാൽ മുന്നറിയിപ്പിനെ വേണ്ട രീതിയിൽ ഗൗനിക്കാതെ അധികൃതരുടെ നടപടിയാണ് പുതിയ സംഭവ വികാസങ്ങൾക്ക് വഴി ഒരുക്കിയിരിക്കുന്നത്.
അതേസമയം ഡെങ്കിപ്പനി മട്ടന്നൂർ മേഖലയിൽ വ്യാപകമായിട്ടും ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടന്നൂർ നഗരസഭാ പ്രദേശത്തു ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകുനേരം 6 വരെ നടക്കുന്ന ഹർത്താലിൽ നിന്നു പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ് വീട്ടുമുറ്റത്തു ഇടിച്ചു നിന്നു
ശ്രീകണ്ഠപുരം: ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചന്ദനക്കാം പാറയിലെ ജോയ് വറുകൊഴുപ്പേലിന്റെ വീട്ടു മുറ്റത് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസാണ് നാൽപ്പത് മീറ്ററോളം റോഡിൽ നിന്ന് പറമ്പിലൂടെ ഓടി വീട്ടു മുറ്റത്തെ കൽക്കെട്ടിൽ ഇടിച്ചു നിന്നത്.
അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് വൻ നുണ: യുദ്ധക്കപ്പൽ നീങ്ങുന്നത് ഓസ്‌ട്രേലിയയിലേക്ക്
വാഷിംഗ്ടൺ: ലോകത്തെ മുൾ മുനയിൽ നിർത്തി ഉത്തര കൊറിയ ലക്ഷ്യമാക്കി അമേരിക്കൻ യുദ്ധക്കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്ന എന്ന വാർത്ത കളവെന്നു വ്യക്തമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീരവാദം മുഴക്കുമ്പോൾ കാൾ വിൻസൻ എന്ന വിമാനവാഹിനി കപ്പൽ കൊറിയയ്ക്കടുത്തെന്നതു പോയിട്ട് നേരെ വിപരീത ദിശയിൽ നീങ്ങുകയായിരുന്നുവെന്നു വ്യക്തമായത് യു എസ് നാവികസേനാ പുറത്തു വിട്ട ചിത്രങ്ങളിലൂടെ തന്നെയാണ്.
സുൻദ കടലിടുക്ക് കടന്ന് യുദ്ധ കപ്പൽ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചെന്നു സേന വെളിപ്പെടുത്തിയതോടെ സംഘർഷത്തിന് അയവു വന്നെന്നാണ് നിഗമനം. യു എസ് യുദ്ധ കപ്പൽ വരുന്നുണ്ടെന്നു കേട്ട് പുതിയ മിസൈലുകളുമായി ഉത്തര കൊറിയയും തയ്യാറെടുത്തിരുന്നു.