കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സബ് ജയിൽ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കുത്തുപറമ്പ പഴയ പോലീസ് സ്റ്റേഷനും സ്റ്റേഷനോട് ചേർന്ന് നേരത്തെ ഉണ്ടായിരുന്ന സബ് ജയിലും നവീകരിച്ചുകൊണ്ടാണ് പുതിയ ജയിൽ സ്ഥാപിക്കുക.
പെമ്പിളൈ ഒരുമൈ മണിയുടെ രാജിയാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി
തൊടുപുഴ∙ മൂന്നാറില്‍ മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈയുടെ നേതാക്കളായ ഗോമതി, കൗസല്യ എന്നിവർ നിരാഹാര സമരം തുടങ്ങി. എം.എം. മണി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും മാപ്പു പറയണമെന്നുമാണ് ആവശ്യം. സിപിഎമ്മുകാരുടെ ഭീഷണി ഭയന്ന് തൊഴിലാളികള്‍ സമരത്തില്‍നിന്നു വിട്ടുനിൽക്കുന്നത് കാരണം തൊഴിലാളികളുടെ കാര്യമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സമരക്കാര്‍ക്കു കഴിഞ്ഞിട്ടില്ല എന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
ഡേറ്റ ലയനം: നാലു ദിനം എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം∙ എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി മേയ് ആറ്, 13, 20, 27 തീയതികളിൽ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ നിശ്ചലമാകും. രാത്രി 11.30 മുതൽ പിറ്റേന്നു രാവിലെ ആറു വരെയാണ് ഇടപാടുകൾ സ്തംഭിക്കുക. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതൽ ഒറ്റ ശൃംഖലയിലാണു പ്രവർത്തിക്കുന്നത്. മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളിൽ ഇടപാടുകാർ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.
മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം∙ മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. ചോദ്യോത്തരവേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, ചോദ്യോത്തരവേള നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
ജവാന്മാരെ ആക്രമിച്ചത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട സംഘം
സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം . 150 ജവാന്മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് മാവോവാദികള്‍ ലക്ഷ്യംവച്ചത്. 26 ജവാന്മാര്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നും ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗ്രാമവാസികളുടെ സഹായത്തോടെ ജവാന്മാരുടെ സാന്നിധ്യം കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു ആക്രമണമെന്നമെന്നാണ് ജവാന്മാരുടെ വെളിപ്പെടുത്തല്‍. മാവോവാദി ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദജ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയവര്‍ ശക്തമായി അപലപിച്ചു. ജവാന്മാരുടെ ധീരതയില്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഛത്തീസ്ഗഡിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്
ഏഴിമല നാവികഅക്കാദമിപ്ലാന്റ്: രമേശ് ചെന്നിത്തല കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി
കണ്ണൂര്‍: ഏഴിമല നാവികഅക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്ത് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ അശാസ്ത്രീയമായ നിലയിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം നാവിക അക്കാദമി മേഖലയിലെ ജനം ദുരിതത്തിലാണ്. നാട്ടുകാര്‍ രണ്ടു മാസമായി അക്കാദമിക്ക് മുന്നില്‍ സമരം നടത്തുകയാണ്.
പായത്ത് മദ്യശാല: പഞ്ചായത്തിലേക്ക് സര്‍വകക്ഷി മാര്‍ച്ചും ധര്‍ണയും
ഇരിട്ടി: പായം എരുമത്തടത്തില്‍ ബിവറേജസിന്റെ ചില്ലറമദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബുധനാഴ്ച രാവിലെ 11ന് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ പായം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കണ്ണൂര്‍ കാല്‍ടെക്‌സില്‍ പ്രവര്‍ത്തിച്ചു!വന്നിരുന്ന ബിവറേജസിന്റെ മദ്യവില്‍പ്പനശാല കോടതിയുത്തരവിനെത്തുടര്‍ന്ന് ദേശീയപാതയോരത്തുനിന്ന് മാറ്റിയാണ് പായത്ത് സ്ഥാപിക്കുക.
എം.എം മണിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാ ദേവി പറഞ്ഞു. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഡബിൾ ഡക്കർ എ സി ട്രെയിനുകൾ വരുന്നു
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോടു കൂടിയുള്ള ഡബിൾ ഡക്കർ എ സി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്‌കൃഷ്ട്ട ഡബിൾ ഡെക്കർ എ സി യാത്രി (ഉദയ്) എക്സ്പ്രെസ്സാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ സീറ്റുകളുള്ള എ സി കോച്ചുകളാണ് ഉണ്ടാവുക. ജൂലായ് യോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് സൂചന.
ഡൽഹി-ലക്നൗ റൂട്ടിലാണ് ട്രെയിൻ ആദ്യം ഓടിക്കുക. തേർഡ് എ സി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെ ആയിരിക്കും ഈടാക്കുക. ചായ , ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ-ഫൈ സംവിധാനം, വലിയ എൽ സി ഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാവും.
എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു : യാത്രക്കാർ സുരക്ഷിതർ
കൊൽക്കത്ത : എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ആണ് ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചത്. എങ്കിലും വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാർ അടക്കം 254 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.,