മധ്യപ്രദേശ്: എ ടി എമ്മിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ് ബി ഐ എ ടി എമ്മിൽ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500രൂപ നോട്ടുകൾ ലഭിച്ചത്. എസ് ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അച്ചടി പിശകാണെന്നായിരുന്നു വിശദീകരണം. നോട്ട് അധികൃതർ മാറ്റി നൽകുകയും ചെയ്തു. ഏപ്രിൽ 25നും സംസ്ഥാനത്തു ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. അന്ന് പക്ഷെ 2000രൂപ നോട്ടിലായിരുന്നു പ്രശ്‍നം.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ നാളെമുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുന്നു
കൊച്ചി: നാളെ മുതൽ പാചക വാതക തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളി നേതാക്കളുമായി ലേബർ കമ്മീഷൻ ചർച്ച നടത്തിയിട്ടും അത് ഫലം കണ്ടില്ല. തുടർന്നാണ് തൊഴിലാളികൾ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. 1500 ല്‍ പരം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വലിയതോതിലുള്ള പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കുക. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുന്നുവെന്നാണ് വിവരം.
ന്യൂ മാഹിയിൽ അനധികൃത കെട്ടിട നിർമാണം പെരുകുന്നു
തലശ്ശേരി: ന്യൂ മാഹി പഞ്ചായത്ത് കാര്യാലയത്തിന് സമീപം വിവിധ ഭാഗങ്ങളിൽ അനധികൃത കെട്ടിട നിർമാണം വ്യാപകം. മാഹി പുഴയോരത്തു നടന്ന അനധികൃത കെട്ടിട നിർമാണം പഞ്ചായത്ത് അധികൃതർ തടഞ്ഞിരുന്നു. പുഴയോരത്തെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പ്രവർത്തിയാണ് തടഞ്ഞത്. ഇതിനെതിരെ പഞ്ചായത്ത് നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ച് രാത്രിയും അവധി ദിവസങ്ങളിലുമാണ് നിർമാണം നടത്തിയത്. പ്രവൃത്തി തടയണം എന്നാവശ്യപ്പെട്ട് ന്യൂ മാഹി പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
കുരിശുപൊളിച്ചതിൽ ഗുഡാലോചനയില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മുന്നാറിൽ കുരിശുപൊളിച്ചതിൽ ഗുഡാലോചനയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ഗുഡാലോചന ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മുന്നാറിൽ കുരിശു പൊളിച്ചത്തിൽ ദുരൂഹത ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു റവന്യൂ മന്ത്രി,
മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരം ഏഴുദിവസം പിന്നിട്ടു
മൂന്നാർ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം എം മണി രാജി വെക്കണം എന്നാവശ്യപ്പെട്ട് മുന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെമ്പിളൈ ഒരുമൈ നേതാക്കളായ രാജേശ്വരി, കൗസല്യ, ഗോമതി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയ്‌ക്കെതിരെയുള്ള സമരം ആരംഭിച്ചത്. സമരം ഏഴാം ദിവസം പിന്നിടുമ്പോഴും മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഉള്ള തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. അതെ സമയം മന്ത്രി രാജി വെക്കുന്നത് വരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കൾ പറഞ്ഞു.
തൃശൂർപൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചേക്കും
തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കും. എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. പൂരം ആഘോഷപൂർവം നടത്തുമെന്ന് കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു. വെടിക്കെട്ട് നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.
സ്ത്രീപീഡന കേസിൽ കോൺഗ്രസ്സുകാർ മുൻപന്തിയിൽ; എം എം മണി
ഇടുക്കി : സ്ത്രീപീഡന കേസുകളിൽ കോൺഗ്രസ്സുകാർ എന്നും മുൻപന്തിയിലാണെന്ന് മന്ത്രി എം എം മണി. സോളാർ കേസ്, നിലംബൂർ രാധ വധം, സുനന്ദ പുഷ്‌ക്കറിന്റെ മരണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. താൻ സ്ത്രീകളെ അപമാനിച്ചു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്നാറിലെ പെമ്പിളൈ ഒരുമൈ സമരം തീർക്കാൻ ഇടപെടില്ല. സമരം തുടങ്ങി വെച്ചത് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും മാധ്യമങ്ങളും കൂടിയാണ്. മൂന്നാർ കയ്യേറ്റത്തിൽ നിലപാടറിയിക്കാൻ രമേശ് ചെന്നിത്തലക്ക് മടിയുള്ളതിനാലാണ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിയൂരിൽ ഹരിത ഉത്സവം
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്തു പ്ലാസ്റ്റിക് സഞ്ചി ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങൾ തുണിസഞ്ചി, പേപ്പർ എന്നിവ മാത്രമേ ഉപയോഗിക്കാവു. ഉത്സവശേഷം പ്രദേശം വൃത്തിയാക്കുന്ന കാര്യവും ശ്രദ്ധിക്കണം. കൂടാതെ റോഡ് ഗതാഗതം തടസ്സപ്പെടുന്ന തരത്തിൽ കച്ചവടം പാടില്ലെന്നും നിർദേശം നൽകും. ഉത്സവത്തോടനുബന്ധിച്ച് പ്രാഥമിക ശുശ്രുഷ നൽകുന്നതിൽ തെരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർമാർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. ഇക്കരെ കൊട്ടിയൂരിൽ പോലീസ് ഔട്ട് പോസ്റ്റും പ്രദേശത്തു സി സി ടി വികളും സ്ഥാപിക്കും. കുടിവെള്ള വിതരണം, വൈദ്യുതി വിതരണം എന്നിവയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്റ്ററുടെ സാന്നിധ്യത്തിൽ മെയ് പതിനഞ്ചിനകം യോഗം ചേരാനും തീരുമാനമായി.
പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി
കണ്ണൂർ : വൈദ്യുതി ചാർജ് വര്ധനവിനെതിരെ കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്‌ഘാടനം ചെയ്തു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട ഭരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്കാർക്ക് വേണ്ടിയാണ് ഭരിക്കുന്നത്. പാർട്ടിക്കാരായവരെ എന്ത് നെറികേട് ചെയ്തും സംരക്ഷിക്കുകയാണ്. സർക്കാരിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ
കാസർഗോഡ്: യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുമ്പള പെർവാർഡിലെ അബ്ദുൽ സലാം (32)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത് ബദരിയാ നഗറിലെ നൗഷാദിനാണ്(28) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. സലാമിന്റെ ശിരസ്സ് ഭേദിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തു രണ്ടു ബൈക്കുകൾ മറിഞ്ഞു കിടക്കുന്ന നിലയിലും ഒരു ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുടിപ്പകയാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.