കണ്ണൂർ: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സമാന്തര രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോഡി സർക്കാരിന്റെ നീക്കം ആപൽക്കരമാണെന്ന് സി പി എം പോളിറ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്തു ചേരുന്നത്.ഇത് അതീവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
നാവിക അക്കാദമിക്ക് ഏഴിമല വിട്ടുകൊടുത്തത് ഏറ്റവും വലിയ പിഴവ് : ഇ പി ജയരാജൻ
കണ്ണൂർ: നാവിക അക്കാദമിക്ക് ഏഴിമല വിട്ടു കൊടുത്തത് നമുക്ക് പറ്റിയ ഏറ്റവും വലിയ പിശകാണെന്ന് ഇ പി ജയരാജൻ എം എൽ എ.വേണ്ടത്ര ആലോചിക്കാതെയും ദീര്ഘവീക്ഷണമില്ലാതെയും ചെയ്തതിന്റെ പിഴവാണ് ഇന്ന് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടാള ക്യാമ്പായി മാറ്റിയ ഏഴിമല ഏഴിമലയായി നിലനിർത്തിയിരുന്നെങ്കിൽ ഏറ്റവും വലിയ അന്താരാഷ്ട്ര ടുറിസ്റ് കേന്ദ്രമായി മാറുമായിരുന്നു. വികസനം ജനകീയമായിരിക്കണം. അത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം. നേവൽ അക്കാദമി മാലിന്യ പ്രശ്ന പരിഹാരത്തിന് അവിടുത്തെ ജനങ്ങളും ജന പ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ടുമാസമായി തുടരുന്ന സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചില്ല.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപവൽക്കരണ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് കൊണ്ഗ്രെസ്സ് നേതാക്കൾ രംഗത്ത് . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരളാ കൊണ്ഗ്രെസ്സ് എമ്മിന്റെ കൈകോർത്ത സി പി എം സി പി ഐ ക് മറുപടി നല്കിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു. മാണി മര്യാദകളെല്ലാം ലംഘിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരുമായി യുദ്ധത്തിനില്ലെന്ന് സെൻകുമാർ
തിരുവനന്തപുരം : ഡി ജി പി സ്ഥാനത്തേക്കുള്ള പുനർനിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി പി സെൻകുമാർ. നിയമനം വൈകുന്നത് സംബന്ധിച്ച് താൻ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന രേഖകൾ താൻ നല്കിയതാണെന്ന് ആരോപണം സെൻകുമാർ നിഷേധിച്ചു. രേഖകൾ വിവരാവകാശ നിയമപ്രകാരം എടുത്താകും പലരും ഉപയോഗിച്ചത്. തനിക്കും വിവരാവകാശ നിയമപ്രകാരമാണ് രേഖകൾ ലഭിച്ചതെന്ന് സെൻകുമാർ വ്യക്തമാക്കി. വിധി നടപ്പാക്കുന്നത് സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് അർധരാത്രിമുതൽ ബസ് തൊഴിലാളി പണിമുടക്ക്
കണ്ണൂർ : വിഷുവിനു മുമ്പുള്ള ബോണസും 2016 സെപ്റ്റംബർ മുതലുള്ള ഡി എ യും അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുകത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണി മുടക്കുന്നത്. സമരസമിതി നൽകിയ പരാതിയെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ മൂന്നു തവണ യോഗം വിളിച്ചെങ്കിലും ബസുടമകൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ വാദം.
വടക്കൻ ജില്ലകളിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും : മുഖ്യമന്ത്രി
കണ്ണൂർ : വടക്കൻ ജില്ലകളിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ ശരിയായ രീതിയിൽ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ പദ്ദതികളാവിഷ്‌ക്കരിച്ചതായും മുഖ്യമന്തി പിണറായി വിജയൻ. ധർമ്മടം സുസ്ഥിര വികസനത്തിലേക്ക് വികസന സെമിനാർ ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കൻ ജില്ലകളുടെ ടുറിസം വികസനത്തിന് അനുകൂലമായ സാഹചര്യമാണ് അന്താരാഷ്ര വിമാനത്താവളം യാഥാർഥ്യമാവുന്നതോടെ ഉണ്ടാവാൻ പോകുന്നത്. വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ ഇവിടേക്ക് വരാനും പോവാനും സാധിക്കും. നാടിൻറെ മൊത്തത്തിലുള്ള വികസനത്തിന് അത് ആക്കം കൂട്ടുകയും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഉത്തരവാദിത്ത ടുറിസം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളും ജനങ്ങളും നല്ലതുപോലെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാട്ടാനയെ തളയ്ക്കാൻ ആറളം ഫാമിൽ ആനക്കൂടൊരുങ്ങി
ഇരിട്ടി: ആറളം ഫാമിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതി പരത്തുകയും നാലോളം പേരെ കൊല്ലുകയും ചെയ്ത ആനയെ മയക്കു വെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കൂടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ കാട്ടാനയെ പിടികൂടി കാട്ടിലയക്കുന്ന നടപടി ഇനിയും വൈകുമെന്നാണ് അറിയുന്നത്. കാട്ടാനയെ മയക്ക് വെടി വെച്ച് പിടികൂടിയാൽ കൂട്ടിലാക്കാനും പിന്നീട് ഉൾവനത്തിലെത്തിക്കാനുമായുള്ള കുങ്കി ആനകളെ (പ്രത്യേക പരിശീലനം ലഭിച്ച നാട്ടാനകൾ)തമിഴ് നാട്ടിൽ നിന്ന് ആറളത്ത് എത്തിക്കണം.
ഇതിനു ശേഷമായിരിക്കും ചുള്ളിക്കൊമ്പനെ തളയ്ക്കുന്നത്. കൂടിന്റെ നിർമാണ പ്രവർത്തി ഡോക്ടറുടെ നിരീക്ഷണത്തിലാണ് നടന്നത്. ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്തു നാല് ദിവസം കൊണ്ടാണ് കൂട് നിർമിച്ചത്. ചുള്ളിക്കൊമ്പനെ തളച്ചാലും മേഖലയിലെ ആന ഭീതി മാറുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം 15ലധികം കാട്ടാനകൾ മേഖലയിൽ ഭീതി പരത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്
വേനൽ മഴയിൽ വൻ നാശം
ചെറുപുഴ: വേനൽ മഴയിൽ വൻ നാശനഷ്ടം. കോഴിച്ചാൽ കുനിയാങ്കല്ലിൽ കുലച്ച 800നേന്ത്ര വാഴകളാണ് തിങ്കളാഴ്ച എട്ടരയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. 2000വാഴകൾ വെച്ചതിൽ പകുതിയോളം കാറ്റിൽ ഒടിഞ്ഞു വീണു. കുലച്ച വാഴകളായിരുന്നു ഏറെയും. വേനൽ മഴ എന്നും മലയോരത്തിന്റെ പേടി സ്വപ്നമാണ്. ശക്തിയേറിയ കാറ്റ് എല്ലാ വർഷവും കനത്ത നാശനഷ്ടങ്ങളാണ് വരുത്തി വെക്കുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രവും സേവാ കേന്ദ്രവും ആക്രമിച്ചു
തലശ്ശേരി: പെരുന്താറ്റിൽ സി പി എമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ആർ എസ് എസ് സേവാ കേന്ദ്രമായ കേശവസ്മൃതി സേവാലയത്തിനും നേരെ അക്രമം. സംഭവവുമായി ബാബദ്ധപ്പെട്ട് സി പി എം ബിജെപി പ്രവർത്തകരായ ഇരുപത് പേർക്കെതിരെ തലശ്ശേരി ധർമ്മടം പോലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച്ആർ എസ് എസ് -ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പെരുന്താറ്റിൽ സി പി എം പെരുന്താറ്റിൽ ചൊവ്വാഴ്ച ഹർത്താൽ നടത്തി. അക്രമത്തെ തുടർന്ന് പ്രദേശത്തു കനത്ത പോലീസ് സുരക്ഷ ഒരുക്കി.
മലിനജലം ഒഴുക്കുന്നത് റോഡിലേക്ക്
ഇരിട്ടി: പകർച്ചവ്യാധികൾക്കെതിരെ നാടുനീളെ ബോധവൽക്കരണം നടത്തുമ്പോഴും സംസ്ഥാന പാതയോരത്ത് മലിനജലം ഒഴുക്കിവിടുന്നത് ആരും കാണുന്നില്ല. പായം പഞ്ചായത്തിന്റെ ഭാഗമായുള്ള ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടയിൽ നിന്നുള്ള മാലിന്യം ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോരത്തേക്കാണ് ഒഴുക്കി വിടുന്നത്.
കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീളത്തിൽ ഹൈവേക്ക് സമീപത്തു കൂടി കാന കീറിയാണ് മാലിന്യമൊഴുക്കുന്നത്. വൃത്തിഹീനമായി കിടക്കുന്ന പ്രദേശത്തെ അനധികൃത തട്ടുകടകൾക്കെതിരെയും ഒരു നടപടിയും ഉണ്ടാവുന്നില്ല. മലിനജലം കെട്ടിക്കിടന്ന് പ്രദേശം ദുർഗന്ധ പൂരിതമാണ്. എന്നിട്ടും നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല.