കോഴിക്കോട്: പ്രമുഖ ഛായാഗ്രാഹകൻ സി. രാമചന്ദ്രമേനോൻ (ചെങ്കലത്ത് രാമചന്ദ്രമേനോൻ 88) അന്തരിച്ചു. 30 വർഷത്തോളം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, മലൈ, ചൈനീസ് എന്നീ ഭാഷാചിത്രങ്ങൾക്കുവേണ്ടി ഛായാഗ്രഹണം നടത്തി. കോഴിക്കോടെ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജയെൻറ നായാട്ട്, നസീറിന്‍റെ ഒതേനന്‍റെ മകൻ, കമൽഹാസന്‍റെ ഈറ്ററ്റ, അഭിനന്ദനങ്ങൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കുവേണ്ടി ക്യാമറ ചലിപ്പിച്ചു . സംസ്ക്കാരം ഇന്നു രാവിലെ നടക്കും.
മോട്ടോർ വാഹനങ്ങൾക്ക് ഓണ്‍ ലൈന്‍ വഴി നികുതി അടക്കാനുള്ള സംവിധാനം ഇന്നു മുതൽ നിലവിൽവരും
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങൾക്ക് ഓണ്‍ ലൈന്‍ വഴി നികുതി അടക്കാനുള്ള സംവിധാനം ഇന്നു മുതൽ നിലവിൽവരും. ഇൻറർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റ് വഴി നികുതി അടക്കാം. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഇതുവരെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്. ഓൺലൈനായി നികുതി അടച്ചുകഴിഞ്ഞാൽ വാഹന ഉടമക്ക് താൽക്കാലിക രസീത് അപ്പോൾതന്നെ സ്വയം പ്രിൻറ് ചെയ്തെടുക്കാം.
ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സെന്‍ററുകളും ഇ- സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടക്കാം. മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റും വാഹന തൊഴിലാളികൾക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിെൻറ രസീതും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി; കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.
2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു.
ജാദവിനെ കാണാൻ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്നു 13 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായിരുന്നില്ല.
കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍
കൊച്ചി: കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുന്നത്. 11 സ്റ്റേഷനുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിലുള്ളത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷ : നാല് അധ്യാപികമാർക്ക് സസ്‌പെൻഷൻ
കണ്ണൂർ: നെറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ നാല് അദ്ധ്യാപികമാർക്ക് സസ്‌പെൻഷൻ. ഇൻവിജിലേറ്റർമാരായി ജോലിയിലുണ്ടായിരുന്ന പയ്യന്നൂർ കുഞ്ഞിമംഗലം റിസ്ക് സ്കൂൾ അദ്ധ്യാപികമാരെയാണ് സ്കൂൾ മാനേജ്‌മന്റ് ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഷീജ, ഷാഹിന, ബിന്ദു ,ഷഫീന എന്നിവർക്കെതിരെയാണ് നടപടി. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തിരമായി ഇടപെടുകയും കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഇൻവിജിലേറ്റർമാരായ അധ്യാപികമാരെ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂൾ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കൂടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാവുമെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു. നീറ്റ് പരീക്ഷയ്ക്കെത്തിയ തങ്ങളെ ഇൻവിജിലേറ്റർമാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചെന്നാണ് ചില വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ.
പുഞ്ചിരിക്കൂ ; അഭിരുചിയ്ക്കനുസരിച്ച് തൊഴിൽ തിരഞ്ഞെടുക്കാം
കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അഭിരുചിയ്ക്കനുസരിച്ച് തൊഴിൽ തിരഞ്ഞെടുക്കാൻ ;സ്‌മൈൽ’ ക്യാമ്പുമായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ്). സംസ്ഥാന ഉന്നത പൊതു വിദ്യാഭ്യാസ വകുപ്പുകൾ ചേർന്നാണ് സ്‌മൈൽ എന്ന പേരിൽ മുന്ന് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ ക്യാമ്പ് ജി എച്ച് എസ് എസ് കൊട്ടിലയിൽ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് ക്യാമ്പ് അംഗങ്ങൾ.പ്രമുഖരുമായുള്ള സംവാദം,സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ സെഷനുകൾ തുടങ്ങിയവയും ജില്ലയിലെ ഏക ക്യാമ്പിൽ നടക്കും.
വിദ്യാർത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധന; ഖേദം പ്രകടിപ്പിച്ച് സി ബി എസ് ഇ
ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം നിർഭാഗ്യകരമെന്ന് സി ബി എസ് ഇ . കണ്ണൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വസ്ത്രമഴിച്ച് ചില വിദ്യാർത്ഥിനികളെ പരിശോധിച്ച സംഭവത്തിൽ കുട്ടികളോട് പ്രിൻസിപ്പൽ നിരുപാധികം മാപ്പ് പറയണമെന്നും സി ബി എസ് സി നിർദേശിച്ചു.
മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ തന്നെ വിശ്വാസയോഗ്യമായ പരീക്ഷാ നടത്താൻ നടപടിയെടുക്കുമെന്നും പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അമിതാവേശമാണെന്നും സി ബി എസ് ഇ അറിയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട ഡ്രസ്സ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങൾ ബുള്ളറ്റിനിലും വെബ്സൈറ്റിലും അഡ്മിറ്റ് കാർഡിലും ഇമെയിലിലും എസ് എം എസ് മുഖേനെയും വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും സി ബി എസ് ഇ അറിയിച്ചു.
ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന്
തിരുവനന്തപുരം : ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും.
ഇന്ത്യയെ ആക്രമിക്കാൻ നിയന്ത്രണ രേഖയിൽ സ്ഥാപിച്ചിരുന്ന ബങ്കർ പട്ടാളം തകർത്തു
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക്ക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു. മോട്ടോർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടുത്ത പ്രകോപനങ്ങളാണ് ഉണ്ടായത്. തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്കാൻ തീരുമാനിച്ചത്.
വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകം; പരിശോധന ശക്തമാക്കി
തലശ്ശേരി: വിദ്യാർത്ഥികളിൽ വ്യാപകമാവുന്ന ലഹരി വസ്തു ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ലഹരി വസ്തുക്കൾ പിടികൂടാൻ പരിശോധന ശക്തമാക്കി. തലശ്ശേരി പരിസരത്തെ എല്ലാ സ്കൂൾ പരിസരത്തെയും കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി കഴിഞ്ഞു.
നഗരസഭാ ആരോഗ്യ വിഭാഗം ലഹരി വസ്തുക്കൾ പിടികൂടിയാൽ പിഴ ഈടാക്കി പിടികൂടിയ വസ്തുക്കൾ നശിപ്പിക്കാനേ ഇവർക്ക് അധികാരമുള്ളൂ. അതിനാൽ ഒരിക്കൽ ലഹരി വസ്തു പിടികൂടുന്ന ഉടമ പിഴ ഒടുക്കിയ ശേഷം വീണ്ടും ഈ രംഗത്ത് കച്ചവടം പൊടി പിടിക്കുകയാണ്.ഇക്കാര്യം മനസ്സിലാക്കിയ ആരോഗ്യ വിഭാഗം നാർക്കോട്ടിക് വകുപ്പ് പ്രകാരം കേസെടുത്തു എക്സൈസ് വകുപ്പിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. എക്സൈസ് ഇത്തരം കേസുകൾ കൈകാര്യം ചെയ്‌താൽ ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന കടയുടമകൾക്ക് തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.