ഇടുക്കി: മൂന്നാറില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ചുവെന്നാണ് പോലീസ് പറയുന്നത്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കുറ്റകൃത്യം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു. കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്
ഹർത്താൽ: ആബുലൻസിനും ആശുപത്രിക്കും നേരെ അക്രമം
പരിയാരം: കണ്ണൂരിൽ ജില്ലയിലെ BJP പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ BJP ആഹ്വാനം ചെയ്ത ഹർത്താലിൽ രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് പോയ പയ്യന്നൂർ കോ-ഓപറേറ്റിവ് ആശുപത്രിയുടെ ആബുലൻസാണ് ഹർത്താലിന്റെ മറവിൽ അക്രമിക്കപ്പെട്ടത്.
പരിയാരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗവും അക്രമികൾ അടിച്ച് തകർത്തു. ആശുപത്രികൾക്കും രോഗികൾക്കും നേരെയുള്ള അക്രമത്തിൽ രോഗികളും പൊതു സമൂഹവും ആശങ്കയോടെയാണ് പ്രതികരിച്ചത്.
മനുഷ്യത്വരഹിതമായ ഈ അക്രമത്തിനെതിരെ സോഷ്യൽ മീഡിയകളിലും ശക്തമായി ജനങ്ങൾ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ട്.
ജിഷ്ണു കേസ് ; രക്തകറയില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിക്കാനാവില്ല
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെതായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം.കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലേ വീഴ്ച ഉണ്ടായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. സംഭവം നടന്ന ശേഷം ഹോസ്റ്റല്‍ മുറിയും പി.ആര്‍.ഒയുടെ മുറിയും കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇതുമൂലം മങ്ങിയ രീതിയിലുള്ള രക്തക്കറ മാത്രമാണ് പോലീസിന് ഇവിടെ നിന്ന് ലഭിച്ചത്.
പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാതിരുന്നതാണ് ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് അധികൃതര്‍ പറയുന്നത്.സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷം അവസാനഘട്ട അന്വേഷണത്തിലാണ് പോലീസ് ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തിയത്.നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. ജിഷ്ണു മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു എന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു കണ്ടെടുത്ത രക്തക്കറ. ഇത് കേസിലും നിര്‍ണായകമായിരുന്നു.
നാവില്‍ വയ്ക്കുന്ന എല്‍എസ്ഡി സ്റ്റാമ്പ് എന്ന മാരക മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: എല്‍എസ്ഡി സ്റ്റാമ്പ് എന്ന മാരക മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍. വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി വൈശാഖ് (23), ആറ്റിങ്ങല്‍ കീഴാറ്റിങ്ങല്‍ എന്‍വിഎസ് നിലയത്തില്‍ വൈശാഖ് (22), ആര്യനാട് ലക്ഷ്മി ഭവനില്‍ അക്ഷയ് (25) എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. നൂറിലേറെ സ്റ്റാമ്പ് പിടിച്ചെടുത്തു.
പിടിയിലായവര്‍ക്ക് ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്നാണ് ലഹരിമരുന്ന് ലഭിച്ചത്. സ്റ്റാമ്പ് രൂപത്തിലുള്ള നാവില്‍ വയ്ക്കുന്ന മാരക മയക്കുമരുന്നാണ് എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈ എത്തലമേഡ്. ശരീരത്തിന്റെ താപനില കൂട്ടുകയും അമിത രക്തസമ്മര്‍ദവും ഇത് ഉയര്‍ത്തുകയാണ് എല്‍എസ്ഡി സ്റ്റാമ്പ് ചെയ്യുന്നത്. എല്‍എസ്ഡി സ്റ്റാമ്പ് വിതരണത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ ഇനി ഉപയോഗിക്കുക വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി ; ഇനി മുതല്‍ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെതാണ് ഈ ഉറപ്പ്. വോട്ടിങ് യന്ത്രങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ തിരിമറി സാധ്യമാണോയെന്ന കാര്യത്തില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുവരുത്തി വോട്ടിങ് യന്ത്രങ്ങള്‍ കൈമാറിയുള്ള പരസ്യ പരിശോധനയും കമീഷന്‍ നടത്തും.
തെരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാക്കുന്നതിനുള്ള ഏത് ശ്രമത്തെയും സ്വാഗതം ചെയ്യും. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റുകള്‍ ഉപയോഗിക്കുന്നതിനൊപ്പംതന്നെ ഒരു നിശ്ചിത ശതമാനം വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. യന്ത്രത്തിലെ വോട്ടുകണക്കും വിവിപാറ്റ് കണക്കും ആനുപാതികംതന്നെയെന്ന് ഉറപ്പാക്കാനാണിത്.
തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ദുരുപയോഗവും കോഴയും തടയുന്നതിന് പരിഷ്കാരങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയപാര്‍ടികളുടെ ഫണ്ടില്‍ സുതാര്യത ഉറപ്പാക്കാന്‍ ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.
കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു
ജമ്മു : ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
സൂററ്റിലെ റബ്ബര്‍ മനുഷ്യന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്
സൂറത്ത് : സൂററ്റിലെ പതിനെട്ടുകാരന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. യാഷ് ഷായ്ക്ക് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കി . പുസ്തകത്തില്‍ എഴുതുന്നത് പോലെ നിങ്ങള്‍ പറയുന്ന ഏത് അക്കത്തെയും തന്റെ ശരീരം കൊണ്ട് വരച്ച് കാട്ടും. കാലുകള്‍ കഴുത്തിലൂടെ ചുറ്റി വികൃത ഭാവത്തിലാക്കും, കൈകള്‍ കഴുത്തിന് പുറകിലൂടെ ചുറ്റി മുന്നിലേക്ക് തൂക്കിയിട്ട് ആരെയും അഭുതപ്പെടുത്തും, ടെന്നീസ് ബാറ്റിന്റെ ഉള്ളിലൂടെ കടന്ന് തന്റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്ത് വരും. അങ്ങനെ നാട്ടുകാര്‍ യാഷ് ഷായ്ക്ക് ഒരു പേരും കൊടുത്തു റബ്ബര്‍ മനുഷ്യന്‍.
പ്ലസ്ടു വിദ്യാര്‍ഥിയായ യാഷ് ഷാ ഒരു ചാനല്‍ പരിപാടി കണ്ടാണ് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കാന്‍ ചിന്തിച്ചത്. തുടര്‍ന്ന് കഠിന പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ തന്റെ ശരീര പ്രദര്‍ശനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് യാഷ് ഷാ.
സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു
തിരുവനന്തപുരം: ഡിജിപി ടി.പി.സെൻകുമാറും സര്‍ക്കാരും തമ്മില്‍ ഇടയുന്നു. ഡിജിപിയായി സ്ഥാനമേറ്റ ഉടന്‍ സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചതോടെയാണ് സര്‍ക്കാരും ഡിജിപിയും തമ്മിലുള്ള ശീതസമരം തുടങ്ങിയത്. ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടി കാര്യകാരണ സഹിതം സെന്‍കുമാര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയെങ്കിലും സ്ഥലംമാറ്റം റദ്ദ് ചെയ്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉത്തരവ് പുറത്തിറക്കിയിട്ടില്ല. എന്നാൽ പൊലീസ് ആസ്ഥാനത്ത് വിവാദങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് സെൻകുമാറിന്റെ നിലപാട്.
കണ്ണൂരില്‍ AFSPA പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (Armed Force Special Power Act -AFSPA) പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ കണ്ണൂരില്‍ അഴിഞ്ഞാടുകയാണെന്നും കുമ്മനം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്‌സ്പ പ്രയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ ബിജു രക്തം വാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.