പേരാവൂർ: ആറളം ഫാമിൽ മയക്കുവെടി വെച്ച് പിടികൂടിയ ചുള്ളിക്കൊമ്പന് കാവലൊരുക്കാൻ ഏറുമാടം നിർമിച്ച് അധികൃതർ. വലയംചാൽ വനം റേഞ്ച് ഓഫീസിനു സമീപം ചുള്ളിക്കൊമ്പനെ തളച്ച കൂടിനു സമീപത്തായാണ് 24 മണിക്കൂർ നിരീക്ഷണത്തിനായി ഏറുമാടം നിർമ്മിച്ചത്. മയക്കുവെടി വെച്ചപ്പോൾ ചുള്ളികൊമ്പനോടൊപ്പം ഉണ്ടായിരുന്ന ആനക്കൂട്ടങ്ങൾ കൂട് തകർക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏറുമാടം നിർമ്മിച്ചത്. കാവലിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ജനകീയ കൂട്ടായ്മയുടെ കരുത്തിൽ കാനാനിപുഴയ്ക്ക് പുനർജനി
കണ്ണൂർ: നാടാകെ കൈ കോർത്തപ്പോൾ പുഴയ്ക്ക് പുനർജനി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മാലിന്യ വാഹിനിയായ കാനാനി പുഴയെ ആണ് ആയിരങ്ങൾ അണിനിരന്ന ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽ നിന്ന് തുടങ്ങി കണ്ണൂർ കോർപറേഷനിലെ മരക്കാർ കണ്ടി വഴി ഒഴുകി അറബി കടലിലേക്ക് ചേരുന്ന 10 കിലോമീറ്റർ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്ഷങ്ങളോളം , കൃഷിയ്ക്ക് വേണ്ടിയും ശുദ്ധ ജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തിൽ നശിക്കുകയായിരുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയർമാർ അണിനിരന്ന ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
റാൻസംവെയർ ആക്രമണം ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു ഐജി മനോജ് എബ്രഹാം
തിരുവനന്തപുരം: റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം കേരള പൊലീസിനു കീഴിലെ ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം. ഇതിനു വേണ്ടി സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് മനോജ് എബ്രഹാം പറഞ്ഞു.
പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്നു മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. മനോജ് എബ്രഹാം പറയുന്നു.
മാസങ്ങൾക്കു മുമ്പു തന്നെ റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ.
മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചു: ശോഭാ സുരേന്ദ്രൻ
ന്യൂഡല്‍ഹി: ഇന്ത്യയിലെ പട്ടാളക്കാർ മാനഭംഗം നടത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജ്യത്തെ പട്ടാളക്കാരുടെ മനോവീര്യത്തെ തകർത്തു. പട്ടാളക്കാരെ അപമാനിച്ച മുഖ്യമന്ത്രി രാജ്യത്തോടു മാപ്പുപറയണം.
സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഗവർണറെപ്പോലെ ഉന്നതമായ ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരോട് മാന്യമായിട്ട് പെരുമാറണം എന്നുപറയുന്നതിൽ എന്തുതെറ്റാണുള്ളത്.ഗവർണർക്ക് നൽകിയ പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതിനെ കുറിച്ചാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
സൈനിക നിയമം (അഫ്സ്പ) കണ്ണൂരിൽ നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശങ്ങളാണ് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്..പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗവര്‍ണര്‍ക്ക് ഇരിക്കുന്ന കസേരയോട് നീതിപുലര്‍ത്താതിരിക്കാന്‍ സാധ്യമല്ല.
ഗവർണർക്കെതിരെ നിശിത വിമർശനം നടത്തിയ കേരളാ നേതാക്കളെ ബിജെപി കേന്ദ്ര നേതൃത്വം കൈവിടുന്നു
ന്യൂഡൽഹി: ഗവർണർക്കെതിരെ നിശിത വിമർശനം നടത്തിയ സംസ്ഥാന ബിജെപി നേതാക്കളെ ബിജെപി കേന്ദ്ര നേതൃത്വം കൈവിടുന്നു. കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ നീങ്ങിയ ശോഭാ സുരേന്ദ്രന്റെയും , എം.ടി.രമേശിന്റെയും പ്രസ്താവനകളെ കേന്ദ്ര ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ഗവർണറുടെ ഭരണഘടനാപദവി മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ഇരുവരുടെയും പ്രസംഗങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ പി.സദാശിവം ഇറങ്ങിപ്പോകണമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സമൂഹമാധ്യമത്തിലൂടെയാണ് ഗവർണർക്കെതിരെ രംഗത്തെത്തിയത്.
‘സിപിഎമ്മും ബിജെപിയും അക്രമം നിര്‍ത്തണം’
തളിപ്പറമ്പ് : കണ്ണൂർ ജില്ലയിൽ കൊലപാതക രാഷ്ട്രീയം നിലനിർത്തുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും ഹിഡൻ അജൻഡയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കണ്ണൂരിലെ അമ്മമാരുടെ കണ്ണീരിന് അറുതിവരുത്താൻ സിപിഎമ്മും ബിജെപിയും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൊലീസിനെ സ്വതന്ത്രമാക്കണമെന്നും ഇത്തരം നടപടികളിലൂടെ മാത്രമേ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ രാഷ്ട്രീയ അക്രമങ്ങൾക്ക് തടയിടാനാകൂ എന്നും പാച്ചേനി പറഞ്ഞു.
മദ്യവില്പനശാലയ്ക്ക് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം
കണ്ണൂർ: കണ്ണൂർ നഗരത്തിലെ കുഴിക്കുന്നിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തു സ്കൂളിൽ നിന്ന് ദൂര പരിധി പാലിക്കാതെ മദ്യ വിൽപ്പന ശാലയ്ക്ക് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് എസ് ഡി പി എ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു. സ്കൂളിന് തൊട്ടടുത്തു ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്താണ് മദ്യ വില്പന നടക്കുന്നത്. നഗരത്തിൽ തന്നെ നേതാജി റോഡിൽ ആരംഭിച്ച മറ്റൊരു മദ്യ വിൽപ്പന ശാലയ്‌ക്കെതിരെ സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത് വകവെക്കാതെ കുഴിക്കുന്നിലും ഔട്ട്ലെറ്റ് ആരംഭിച്ചിട്ടുള്ളത്. സംഗമത്തിൽ നിരവധി പ്രദേശവാസികളും സ്ത്രീകളും പങ്കെടുത്തു.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള ശീതസമരത്തിൽ ആരോഗ്യമന്ത്രിയുടെ താക്കീത്
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള ശീതസമരത്തിൽ ആരോഗ്യമന്ത്രിയുടെ താക്കീത്. ജില്ലാ ആശുപത്രിയിൽ ചില ഡോക്ടർമാരുടെ കളിയുണ്ടെന്നും ഇനി അതുവേണ്ടെന്നും മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർക്കു സർക്കാർ എല്ലാവിധ സംരക്ഷണവും നൽകും. ഡോക്ടർമാരെ ആക്രമിക്കാനൊന്നും ആരെയും അനുവദിക്കില്ല. ഇതിനനുസരിച്ചു ഡോക്ടർമാരിൽ നിന്നും മികച്ച സേവനം ഉണ്ടാകേണ്ടതുണ്ട്. രോഗികളോടു നല്ല നിലയിൽ ഡോക്ടർമാർ പെരുമാറണം. ആശുപത്രിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അധികൃതർ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
‘ജില്ലയിൽ അക്രമം ഇല്ലാതാക്കാൻ ഇനി പൊലീസ് മനസ്സുവയ്ക്കണം’
പയ്യന്നൂർ ∙ ജില്ലയിൽ അക്രമം ഇല്ലാതാകണമെങ്കിൽ പൊലീസിന്റെ ഭാഗത്തു നിന്നു നിഷ്പക്ഷവും കാര്യക്ഷമവുമായ പ്രവർത്തനം അനിവാര്യമാണെന്ന് രാജ്യാന്തര സമാധാന പ്രവർത്തകനും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് സ്ഥാപകനുമായ പി.വി.രാജഗോപാലൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കണ്ണൂരിലെ സമാധാന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി എടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു.
ഇനി പ്രവർത്തിക്കേണ്ടതു പൊലീസാണ്. സമാധാന പ്രവർത്തനത്തിന് പൊലീസിന്റെ ഭാഗത്തു നിന്നു സഹായങ്ങൾ ലഭ്യമാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു രാഷ്ട്രീയം നോക്കാതെ സഹായം നൽകുമെന്നും സമാധാനം നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തെരുവത്ത് ക്ഷേത്രത്തിൽ കുടുംബസംഗമം നടത്തി
പയ്യന്നൂർ ∙ പെരുങ്കളിയാട്ടത്തിനു മുന്നോടിയായി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കുടുംബസംഗമം നടന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 1500ൽ അധികം കുടുംബങ്ങൾ ഈ ക്ഷേത്രത്തിന്റെ പരിധിയിൽ വരും. പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം മുച്ചിലോടും മുച്ചിലോട്ട് ഭഗവതിയും’ എന്ന വിഷയത്തിൽ ഡോ. വൈ.വി.കണ്ണൻ പ്രഭാഷണം നടത്തി. 70 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു.2018 ഡിസംബറിൽ പെരുങ്കളിയാട്ടം നടത്താൻ തീരുമാനിച്ചു.