തിരുവനന്തപുരം∙ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി പത്രം എന്ന നിലയില്‍ ദേശാഭിമാനിക്ക് മാത്രം സ്ഥാനം. .കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഈ ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ, ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്നു.
മെട്രോയുടെ ഉദ്ഘാടനം സമയം തീരുമാനിച്ചത് കേന്ദ്രത്തെ അറിയിക്കാതെ
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്. മെയ് 30 ന് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ് വിദേശ പര്യടനം. ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സര്‍ക്കാരിന്റെ പിടിവാശിയാണ് ഉദ്ഘാടനം മെയ് 30 ന് തന്നെ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ ഉള്‍പ്പെടുത്തിയില്ല; ഭാഗ്യലക്ഷ്മിയും മാലാ പാര്‍വ്വതിയും രംഗത്ത്
തിരുവനന്തപുരം: മലയാള ചലചിത്രരംഗത്തെ വനിതാപ്രവര്‍ത്തകകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനാ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയും നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതിയും രംഗത്ത്. സംഘടനയുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ താനുണ്ടായിരുന്നെങ്കിലും യോഗം ചേരുന്നത് സംബന്ധിച്ചോ മുഖ്യമന്ത്രിയെ കാണുന്നതിനെക്കുറിച്ചോ തന്നെ അറിയിച്ചിരുന്നില്ല. ഭാഗ്യലക്ഷ്മി തന്റെ പ്രതിഷേധം അറിയിച്ചു. സംഘടനയുമായി സഹകരിക്കണോ എന്ന കാര്യത്തെ സംബന്ധിച്ച് ഭാഗ്യലക്ഷമി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊരു സംഘടന ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടാകാമെന്നാണ് പാര്‍വതിയുടെ സംശയം. തന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം ഒഴിവാക്കിയതെന്നും പാര്‍വതി പറയുന്നു. പ്രശസ്തരായവര്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. സംഘടനുമായി സഹകരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ അഭിപ്രായം പറയാനാവില്ലെന്നും പാര്‍വ്വതി പറഞ്ഞു.
തനിക്കു നീതി കിട്ടില്ലെന്ന് ഉറപ്പായി ;കുമ്മനം
കോഴിക്കോട്: രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിന് ശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ തനിക്ക് നീതി കിട്ടില്ലെന്ന് ഉറപ്പായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ്കല്‍പിച്ച് കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍. എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ലെന്നും കുമ്മനം ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനും, അതിലേക്ക് സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ്.
ഇരകളുടെ വേദന പങ്കുവെയ്ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. സദുദ്ദേശത്തോടെ ഞാന്‍ചെയ്ത പ്രവര്‍ത്തിയെ മുഖ്യമന്ത്രി നിയമസഭയില്‍ തെറ്റായി വ്യാഖ്യാനിച്ച് കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ നിയമനം : എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം
തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയ എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അതിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞവരാണ് അതെല്ലാം വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ ബാലകൃഷ്ണപിള്ളയെ ചെയര്‍മാനാക്കിയിരിക്കുന്നത്.
യുഡിഎഫ് കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തീരുമാനത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ചെന്നിത്തല പറഞ്ഞു.
ജോലിയില്‍ പ്രവേശിക്കാതിരുന്ന ഡോക്ടർമാർക്കെതിരെ നടപടി
തിരുവനന്തപുരം: ജോലിയില്‍ പ്രവേശിക്കാതിരുന്ന കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർക്കെതിരെ നടപടി. ജൂനിയര്‍ റെസിഡന്‍റ്, സീനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികളാണ് ആരംഭിച്ചത്.
യമനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാവും.
കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു.അര്‍ബുധ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ ഏറെക്കാലമായി ചികിത്സയിലായിരുന്നു.2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.
കലാഭവൻ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു
തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ വ്യക്തതയില്ലാത്ത നിരവധി ചോദ്യങ്ങളെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാൽ മരണത്തിൽ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. മണിയുടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. കേസിൽ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും വരും ദിവസങ്ങളിൽ സിബിഐ സംഘം വീണ്ടും ചോദ്യം ചെയ്യും. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു.
ഷീ പാഡ്….സ്‌കൂളുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും നിര്‍ബന്ധമാക്കി. ഈ മാസം 31ന് മുമ്പ് സ്‌കൂളുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രവും മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാത്ത സ്‌കൂളുകള്‍ എത്രയും വേഗം അവ സജ്ജമാക്കണമെന്ന് പ്ലസ് ടു സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍
ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരനും മുന്‍ നാവികസേന ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്താന്‍. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന പാകിസ്താന്റെ വാദവും കോടതി തള്ളിയിരുന്നു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും ഇന്ത്യ യഥാര്‍ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.