തിരൂർ: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി മൂന്നു മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു.തിരൂർ മൂച്ചിക്കൽ അരംഗത്തിൽ മുഹമ്മദ് റാഫി-ഷഫീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കുട്ടികളുടെ ശരീര വളർച്ച സംബന്ധിച്ച് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു.പുലർച്ചെ മുലപ്പാൽ കുടിച്ചു ഉറങ്ങിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും എണീക്കാത്തതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്.തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയാണ് മരണം എന്ന് കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് ബൈപാസിൽ ടാങ്കർ ലോറി മറിഞ്ഞു വാതക ചോർച്ച
കോഴിക്കോട്:വെങ്ങളം-രാമനാട്ടുകര ബൈപാസിൽ ടാങ്കർ ലോറി കാറിലിടിച്ചു മറിഞ്ഞു വാതകം ചോർന്നു.ഇന്ന് പുലർച്ചെ മൊകവൂരിലായിരുന്നു അപകടം നടന്നത്.വാതകം ചോർന്നതിനെ തുടർന്ന് നാട്ടുകാരിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു എന്ന് റിപ്പോർട്ട് ഉണ്ട്.ഫയർഫോഴ്‌സും പോലീസും എത്തി ചോർച്ചയടച്ചു.ബൈപാസിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.പ്രദേശത്തെ വൈദ്യുതി ബന്ധവും വിശ്ചേദിച്ചിട്ടുണ്ട്.ഗ്യാസ് ചോർന്നു അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാനടപടികളും എടുത്തിട്ടുണ്ടെന്നു പോലീസും ഫയർഫോഴ്‌സും അറിയിച്ചിട്ടുണ്ട്.
ഇന്ധന വില പരിഷ്കരണം – പമ്പുടമകൾ ഭീമമായ നഷ്ടത്തിൽ
ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.
ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.
കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.
ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.
അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.
2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.
വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.
സ്കൂളിൽ ബീഫ് പാചകം ചെയ്തു,പ്രിൻസിപ്പൽ അറസ്റ്റിൽ
റാഞ്ചി:സ്കൂളിൽ ബീഫ് പാചകം ചെയ്തതിനു പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ പാക്കൂർ ജില്ലയിലെ മാൽപഹാഡി സർക്കാർ സ്കൂളിലാണ് സംഭവം.മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പ്രിൻസിപ്പൽ റോസ ഹാൻസ്ദയെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹായി ബിജു ഹാൻസ്ദയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തു ബീഫ് പാചകം ചെയ്തു നൽകി എന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.പാചകം ചെയ്തത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്നറിയുന്നതിനായി മാംസം ലാബിലേക്ക് അയച്ചു.
പെരുന്നാളിന് കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം:പെരുന്നാളിന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തും.വിവിധ ജില്ലകളിലേക്കായി 10 സർവീസുകളാണ് നടത്തുക.ബംഗളൂരുവിൽ നിന്ന് മാനന്തവാടി വഴി കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് ഡീലക്സ് ബസുകളും കോഴിക്കോട്ടേക്ക് മാനന്തവാടി വഴിയുള്ള ഒരു എക്സ്പ്രസ്സ് ബസും ബത്തേരി വഴിയുള്ള ഒരു ഡീലക്സ് ബസുമാണ് സർവീസ് നടത്തുന്നത്.കൂത്തുപറമ്പ് വഴി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും രണ്ട് സൂപ്പർഫാസ്റ് ബസുകളും ചെറുപുഴ വഴി പയ്യന്നൂരിലേക്കു ഒരു എക്സ്പ്രസ്സ് ബസും സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരിലേക്ക് ഒരു സൂപ്പർഫാസ്റ് ബസുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇരിട്ടിയിൽ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി,കല്ലുംമുട്ടിയിൽ ബസ് മറിഞ്ഞു സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.പലരുടെയും പരിക്ക് ഗുരുതരമാണ്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും വാണിയപ്പാറയിലേക്കു പോവുകയായിരുന്ന റോമിയോ ബസ് ആണ് അപകടത്തിൽ പെട്ടത്.വൈകുന്നേരമായതിനാൽ വിദ്യാര്ഥികളുൾപ്പെടെ നിരവധിപേർ ബസിലുണ്ടായിരുന്ന.ഇരിട്ടി പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പനി ബാധിച്ചു പതിനൊന്നു വയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ പനിബാധിച്ചു ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു.വെള്ളായണി സ്വദേശിയായ അമൽ കൃഷ്ണയാണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്ചയായി അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമൽ.രോഗാവസ്ഥ ഗുരുതരമായതോടെ അമലിനെ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും
കൊച്ചി:മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും യാത്ര ചെയ്തത് വിവാദമാകുന്നു.പ്രതിപക്ഷ നേതാവിനും സ്ഥലം എംഎൽകും പ്രവേശനം നിഷേധിച്ചിടത്താണ് സുരക്ഷാ വീഴ്ച വരുത്തി കുമ്മനത്തിന് അവസരം നൽകിയത്.എസ് പി ജി നൽകിയ പട്ടികയിൽ കുമ്മനത്തിന്റെ പേരില്ലായിരുന്നിട്ടും അവസരം നൽകിയത് വിവാദമായി.മാധ്യമങ്ങളെയടക്കം മാറ്റി നിർത്തി പ്രധാനമന്ത്രിക്കൊപ്പം ഗവർണറും കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മെട്രോയിൽ യാത്ര നടത്താനായിരുന്നു സുരക്ഷാ നിർദ്ദേശം.പ്രതിപക്ഷ നേതാവിന് പ്രസംഗം നിഷേധിച്ചു സീറ്റ് നൽകുകയും സ്ഥലം എം എൽ എക്ക് വേദി പോലും നിഷേധിച്ചിടത്ത് കുമ്മനത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം യാത്രക്ക് സീറ്റ് നൽകിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ മുൻ കയ്യിൽ നടന്ന പരിപാടിയിൽ ദേശീയ ഗാനം ആലപിക്കാത്തതും ഗൗരവമുള്ള പ്രശ്നമായി മാറി.എന്നാൽ താൻ മെട്രോയിൽ കയറിയത് പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണെന്നു കുമ്മനം രാജശേഖരൻ ബി ജെ പി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.താൻ കയറിയത് മോദിയുടെ നിർദേശം അനുസരിച്ചാണെന്നും പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ എന്ത് എസ് പി ജി എന്നുമാണ് കുമ്മനം പ്രതികരിച്ചത്.പ്രധാനമന്ത്രിയുടെ മെട്രോ യാത്രയിൽ എസ് പി ജി യുടെ പ്രോട്ടോകോൾ മാത്രമേ ഉണ്ടായിരുന്നുള്ളു.സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെകിൽ എന്തുകൊണ്ട് എസ് പി ജി കുമ്മനത്തെ തടഞ്ഞില്ല എന്നും ബി ജെ പി നേതാക്കൾ ചോദിക്കുന്നു.
കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു
കൊട്ടിയൂർ:അമിത വേഗതയിൽ വരികയായിരുന്ന കാറിടിച്ചു റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് മരിച്ചു.കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ കുന്നുമ്പുറത്ത് സന്തോഷാണ്(37)ദാരുണമായി മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രക്കാരായ നാലുപേരെ പേരാവൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടിയൂര്‍ അമ്പായത്തോടില്‍ ഇന്ന് ഉച്ചയോടയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന് കീഴപ്പള്ളിയിലേക്ക് വരികയയിരുന്ന നാനോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന സന്തോഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനടിയിലേക്ക് വീണ സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.പാല്‍ചുരത്തെ കുന്നുമ്പുറത്ത് കുമാരന്റെയും ഭാനുമതിയുടെയും മകനാണ് സന്തോഷ്. ഭാര്യ:മിനി. മക്കള്‍:സാനിയ,മിന്നു,കണ്ണന്‍.
മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
കണ്ണൂർ:മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി.ആലക്കോട് ഒറ്റത്തൈ സ്വദേശി ബിജു തോമസാണ് ആത്മഹത്യക്കു ശ്രമിച്ചത്.ഇന്നലെ രാവിലെ പത്തു മണിയോടെ ആലക്കോട് ടൗണിലെ ബി എസ് എൻ എൽ ടവറിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി.ജലനിധി പദ്ധതിക്കായി ജലസംഭരണി നിർമിക്കാൻ ബിജു രണ്ടു വര്ഷം മുൻപ് സ്ഥലം വിട്ടു നൽകിയിരുന്നു.ഈ ഇനത്തിൽ ബിജുവിന് കിട്ടാനുള്ള പതിനായിരം രൂപക്കായി പലപ്പോളായി ഓഫീസിൽ ചെന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.പെട്രോൾ നിറച്ച കുപ്പിയുമായിട്ടായിരുന്നു ഇയാൾ മൊബൈൽ ടവറിൽ കയറിയത്.ആലക്കോട് എസ് ഐ സ്ഥലത്തെത്തി ഇയാളോട് സംസാരിച്ചെങ്കിലും ബിജു താഴെ ഇറങ്ങാൻ തയ്യാറായില്ല.തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെടുമെന്നു ഉറപ്പ് നല്‍കിയതോടെയാണ് ബിജു താഴെയിറങ്ങിയത്. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍ ജലനിധി അധികൃതരുമായി ബന്ധപ്പെടുകയും ഉച്ചയോടെ പതിനായിരം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.