ഡി.വൈ.എഫ്.ഐ രക്തദാനം ആരംഭിച്ചു

keralanews dyfi started blood donation

കണ്ണൂർ :പകർച്ചപ്പനി ബാധിച്ച രോഗികൾക്ക് പ്ലേറ്റ്‌ലറ്റിനും മറ്റ് രക്തഘടകങ്ങൾക്കും അനുഭവപ്പെടുന്ന വർധിച്ച ആവശ്യം പരിഗണിച്ചു ഡിവൈഎഫ്ഐ യുടെ  നേതൃത്വത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തദാനം ആരംഭിച്ചു. ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് എന്നീ ബ്ലഡ് ബാങ്കുകൾ കേന്ദ്രീകരിച്ചാണ് അതിജീവനം എന്ന പേരിൽ ഒരാഴ്ച നീളുന്ന സന്നദ്ധ രക്തദാന പരിപാടി സംഘടിപ്പിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ ഫുട്‌ബോൾതാരം സി.കെ.വിനീതും ടി.വി.രാജേഷ് എംഎൽഎയും രക്തം നൽകി ഉദ്‌ഘാടനം ചെയ്‌തു.അതിജീവനം രക്തദാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു വിളിക്കാം: 9567663220.

വീണ്ടും പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്‌റ

keralanews behera replaces senkumar as kerala police chief

തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്‍റ തിരിച്ചെത്തും.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നിലവിലുള്ള ഡിജിപി സെന്‍കുമാര്‍ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് ബെഹ്റയെ തിരികെ കൊണ്ടുവരാനുള്ള തീരുമാനം.ഐഎംജി ഡയറക്ടർ ജേക്കബ് തോമസിനെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.നിലവിൽ വിജിലൻസ്  മേധാവിയാണ് ബെഹ്‌റ.പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.ഇത് രണ്ടാം തവണയാണ് ബെഹ്‌റ പോലീസ് മേധാവിയാകുന്നത്.എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ അന്നത്തെ പോലീസ് മേധാവിയായിരുന്ന സെൻകുമാറിനെ മാറ്റി ബെഹ്‌റയെ പോലീസ് മേധാവി ആക്കുകയായിരുന്നു.പിന്നീട് സുപ്രീം കോടതി വിധിയെ തുടർന്ന് ബെഹ്‌റയെ മാറ്റി സെൻകുമാറിനെ പോലീസ് മേധാവിയാക്കുകയായിരുന്നു. സർക്കാരിന് നന്ദി എന്നാണ് നിയമന വാർത്ത അറിഞ്ഞ ബെഹ്‌റ ആദ്യം പ്രതികരിച്ചത്.പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടിയൂരിൽ ഇന്ന് കാലംവരവ്;സ്ത്രീകൾക്ക് പ്രവേശനം ഉച്ചവരെ മാത്രം

keralanews kottiyoor kalamvaravu today

കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കലംവരവ് ഇന്ന് രാത്രി നടക്കും.മുഴക്കുന്ന് നല്ലൂരാൻ സ്ഥാനികൻ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലവുമായി കൊട്ടിയൂരിലെത്തുക.കൂരിരുട്ടിലാണ് ഇവർ കലവുമായി അക്കരെ കൊട്ടിയൂർ സന്നിധാനത്തിലെത്തുക.ഗണപതിപ്പുറം മുതൽ കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ ഓഫ് ചെയ്യും.ദേവസ്വത്തിന്റെ ലൈറ്റുകളും ഈ സമയത്തു അണയ്ക്കും.ശരീരമാസകലം ഭസ്‌മം പൂശി പച്ചിലകൾ ഉപയോഗിച്ച് നാമമാത്രമായ വസ്ത്രം മാത്രം ധരിച്ചാണ് സംഘമെത്തുക.ഇവരെ ശിവന്റെ ഭൂതഗണങ്ങളായിട്ടാണ് കരുതുന്നത്.പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന ഇവർക്ക് പനയൂർ നമ്പൂതിരി ഏകനായി മണിത്തറയിൽ ഇരുന്നു പ്രസാദം നൽകും.കലക്കെട്ടുകൾ കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിൽ ഇറക്കി വച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ മാത്രമേ സന്നിധാനത്ത് വിളക്കുകൾ തെളിക്കുകയുള്ളൂ.അൽപ സമയത്തിനകം അക്കരെ സന്നിധാനത്തെ വിളക്കുകൾ വീണ്ടും അണയ്ക്കും.പിന്നെ പുലരുവോളം കലം പൂജ തുടരും.

സംസ്ഥാനത്തു അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു

keralanews five new coastal police station started

തലശ്ശേരി:സംസ്ഥാനത്തു പുതുതായി അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു.സ്റ്റേഷനുകളുടെ ഉൽഘാടനം തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിൽ വീഡിയോ കോൺഫെറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കണ്ണൂർ ജില്ലയിൽ തലശ്ശേരി,കാസർകോഡ് ജില്ലയിൽ കുമ്പള,തൃക്കരിപ്പൂർ തൃശൂർ ജില്ലയിൽ മഞ്ഞക്കടവ്,ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ ഇന്നിവിടങ്ങളിലാണ് തീരദേശ പോലീസ് സ്റ്റേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങിയത്. പൂവാർ,അഞ്ചുതെങ്,പൊന്നാനി,എലത്തൂർ,വടകര എന്നീ സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊന്നാനി സ്റ്റേഷൻ അടുത്ത ദിവസം തന്നെ ഉത്‌ഘാടനം ചെയ്യും.മൂന്നാം ഘട്ടത്തിൽ വലപ്പാട്,തൃക്കുന്നപ്പുഴ,താനൂർ,ആലപ്പുഴ,ഇരവിപുരം,തുമ്പ എന്നിവിടങ്ങളിൽ തീരദേശ  സ്റ്റേഷൻ തുടങ്ങും.

കണ്ണൂർ വിമാനത്താവളം; സർവീസ് അടുത്ത വർഷം മാത്രം

keralanews kannur airport service strat in the next year

കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഈ വർഷം അവസാനത്തോടെ സർവീസ് ഉണ്ടാകുമെന്നു കരുത്തപ്പെട്ടിരുന്നെങ്കിലും പണി മന്ദഗതിയിലായതോടെ ഈ വർഷം സർവീസ് ഉണ്ടാകില്ല.അടുത്ത വർഷം പകുതിയോടെ മാത്രമേ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ സാധ്യതയുള്ളൂ. റൺവേ സുരക്ഷിത മേഖലയിൽ പണി നടത്തണമെങ്കിൽ മഴ പൂർണ്ണമായും മാറണം.കെട്ടിടങ്ങളുടെ നിർമാണത്തിൽ തടസ്സമില്ല.സാങ്കേതിക വിഭാഗം പണി പൂർത്തിയാക്കണമെങ്കിൽ വൈദ്യുതി കണക്ഷൻ കിട്ടണം.ഇതിനുള്ള അപേക്ഷ നല്കിയിട്ടേയുള്ളു.പണി മുഴുവൻ പൂർത്തിയാക്കിയാലേ എയ്റോഡ്രോം ലൈസൻസിങ് അതോറിറ്റി പരിശോധനക്ക് പോലും എത്തുകയുള്ളൂ.ഇതിനൊപ്പം കമ്യുണിക്കേഷൻ,സിഗ്നൽ പരിശോധനക്കായി കാലിബറേഷൻ ഫ്ലൈറ്റ് വിമാനത്താവളത്തിലിറങ്ങണം.അടുത്ത വർഷം ജനുവരിക്കും മാർച്ചിനും ഇടയിൽ മാത്രമേ കാലിബറേഷൻ ഫ്ലൈറ്റ് കണ്ണൂരിലിറങ്ങാൻ സാധിക്കുകയുള്ളു എന്നാണ് എയർപോർട്ട് അതോറിറ്റിയുടെ കണക്കുകൂട്ടൽ.അതുകഴിഞ്ഞാൽ മാത്രമാണ് ലൈസൻസ് ലഭിക്കുക.

ചർച്ച പരാജയം;നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

keralanews nurses to go on indefinite strike

തിരുവനന്തപുരം:യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് മുതൽ സെക്രെട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കും.സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനകാത്തതിനെ തുടർന്നാണ് സമരം.ശമ്പള വർദ്ധനവിനെ സംബന്ധിച്ചു സർക്കാർ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം.ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന നിലപാട് മാനേജ്‌മെന്റുകളും എടുത്തതോടെ ഇന്നലെ നടന്ന ചർച്ച വഴിമുട്ടി.തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ, ആസ്പത്രികളില്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു.

 

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

keralanews health minister visited iritty taluk hospital
ഇരിട്ടി:ഡെങ്കിപ്പനി ഉൾപ്പെടെ സാംക്രമികരോഗ വ്യാപനം ശക്തമാകുന്നതായുള്ള ആശങ്കകൾക്കിടയിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സന്ദർശനം നടത്തി. മേഖലയിൽ വിവിധ പരിപാടികൾക്കെത്തിയ മന്ത്രി താൽപര്യമെടുത്ത് താലൂക്ക് ആശുപത്രിയിൽ നേരിട്ട് എത്തി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയായിരുന്നു.മേഖലയിൽ രോഗവ്യാപനം ഉണ്ടെങ്കിലും ഭീതികരമായ സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പു വരുത്താൻ എല്ലാവരും ആത്‌മാർഥമായി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് പ്രത്യേക പരിഗണന നൽകും. മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതനുസരിച്ച് ഫണ്ടും അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

ആത്മഹത്യ ചെയ്ത കർഷകന്റെ മകളുടെ പഠനച്ചിലവ് സർക്കാർ ഏറ്റെടുക്കും

keralanews social security mission will take over the cost of education of joys daughter
കോഴിക്കോട്: ചെമ്ബനോടായിൽ ജീവനൊടുക്കിയ കര്‍ഷകന്‍ ജോയിയുടെ ഇളയ മകള്‍ അമലുവിന്റെ പഠനച്ചെലവ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പണമില്ലാത്തതിനാല്‍ തുടര്‍പഠനം മുടങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കി.ജോയിയുടെ മരണത്തെ തുടർന്ന് സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്  ഇളയമകള്‍ അമലു.ഹോസ്റ്റല്‍ ഫീസടക്കം ഒരു വര്‍ഷം 80000 ത്തോളം രൂപ വേണ്ടിവരും. അതിനുള്ള വഴി മുന്‍പിലില്ലെന്നും പഠനം ഉപേക്ഷിക്കുകയാണെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു. മക്കളെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്നായിരുന്നു ജോയിയുടെ സ്വപ്നമെന്നും ഭാര്യ വ്യക്തമാക്കി.മക്കളുടെ പഠനാവശ്യത്തിനെടുത്ത വായ്പകളും, രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി വായപയെടുത്ത തുകയും ചേർത്ത് പതിനാറ് ലക്ഷത്തോളം രൂപയാണ് ഈ കുടുംബത്തിന്റെ ബാധ്യത. തന്റെ 80 സെന്‍റ് സ്ഥലം വിറ്റുകിട്ടുന്ന പണംകൊണ്ട് ബാധ്യതകളെല്ലാം തീർക്കാന്നുള്ള ജോയിയുടെ അവസാന ശ്രമമായിരുന്നു അധികൃതർ തട്ടിത്തെറുപ്പിച്ചത്.

ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

keralanews tree falls onto lorry

കോഴിക്കോട്:ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.എഫ്.സി.ഐ തിക്കോടി ഗോഡൗണിനു സമീപത്തു നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരം വീണത്.ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവമുണ്ടായത്.ഇതിനെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തസ്സപ്പെട്ടു.തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.

കനത്ത മഴ;ആലപ്പുഴയിലും,ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി

keralanews collector announced holiday for educational institutions due to heavy rain

ആലപ്പുഴ:കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ബുധനാഴ്‌ച്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം മീനച്ചിൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.