തിരുവനന്തപുരം:കെ.എസ്.ർ.ടി.സി ക്കു പുതിയ 850 ബസുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകിയതായി മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.കോര്പറേഷന് പുതുതായി ആരംഭിച്ച മിന്നൽ സർവീസ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ ബസുകൾ വാങ്ങുന്നതിനു കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം നൽകിയ പദ്ധതി ഗതാഗത വകുപ്പ് ധനവകുപ്പിന് സമർപ്പിച്ചിരുന്നു.ഇന്നലെയാണ് ആ പദ്ധതിക്ക് അംഗീകാരം നൽകിയത്.കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ കെ.എസ്.ആർ.ടി.സി ഉടൻ ആരംഭിക്കും.
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
റിയാദ്:സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.സൗദി തലസ്ഥാനമായ റിയാദിൽ നിന്നും മദാഇൻ സാലിഹിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.മലപ്പുറം വളാഞ്ചേരി ഇരിമ്പ്ളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷാജിലാ(32),മാതാവ് ചിറ്റാർ ആലുങ്ങൽ സാബിറ(62) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ഫാറൂഖ്,മക്കളായ ഷയാൻ(7),റിഷാൻ(4),ഫാറൂഖിന്റെ പിതാവ് അബ്ദുള്ളകുട്ടി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പൾസർ സുനിയുടെ കേസ് അഡ്വക്കേറ്റ് ആളൂർ ഏറ്റെടുക്കും
കൊച്ചി:നദി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്തേറ്റെടുക്കാൻ പ്രസിദ്ധ ക്രിമിനൽ അഡ്വക്കേറ്റ് ബി.എ ആളൂർ.കുപ്രസ്സിദ്ധമായ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്ത വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ആളൂർ.പൾസർ സുനിയെ റിമാൻഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ്ജയിലിൽ എത്തിയ ആളൂർ സുനിയുമായി കൂടിക്കാഴ്ച നടത്തി.ഇതിനു ശേഷം തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനിൽ നിന്നും ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് നൽകി.ഈ അപേക്ഷ ജയിൽ സൂപ്രണ്ട് നാളെ കോടതിയിൽ അവതരിപ്പിക്കും.ഇത് കോടതി അനുവദിക്കുന്നതോടെ ആളൂരായിരിക്കും സുനിക്ക് വേണ്ടി ഇനി കോടതിയിൽ ഹാജരാവുക.
ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി:നദി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നടൻ ദിലീപിനെയും നാദിർഷയെയും ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യൽ അഞ്ചാം മണിക്കൂറിലേക്ക് കടന്നു.എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.ഇരുവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് മൊഴിയെടുക്കുന്നത്.
അപൂർവയിനം പവിഴപ്പാമ്പിനെ മയ്യിലിൽ കണ്ടെത്തി
ആധാര്‍ – പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി
ന്യൂഡൽഹി: ജൂലൈ ഒന്നു മുതല്‍ നികുതിദായകര്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ആദായനികുതി നിയമം ഭേദഗതി ചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് നടപടി കര്‍ശനമാക്കിയത്. ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണം.ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത തടയാനാണ് നടപടി. ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. ഇതിനോടകം രണ്ടു കോടിയിലേറെ പേര്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 25 കോടിയോളം പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി അടക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രിംകോടതി ശരിവെച്ചിരുന്നു.
മുംബൈ ജയിലിൽ തടവുകാരി മരിച്ചത് പോലീസിന്റെ പീഡനം മൂലമെന്ന് റിപ്പോർട്ട്
മുംബൈ:മുംബൈ ബൈഖുല ജയിലിൽ തടവുകാരി മജ്ഞുള മരിച്ചത് പോലീസുകാരുടെ പീഡനം മൂലമെന്ന് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ട് വന്നാലുടൻ തന്നെ കാരണക്കാരായ വനിതാ ജയിൽ ഓഫീസറുടെയും ആറ് കോൺസ്റ്റബിൾമാരുടെയും അറസ്റ്റ് രേഖപ്പെടുത്തും.സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മഞ്ജുള ഷെട്ടിയാണ് ജയിലർമാരുടെ ആക്രമണത്തിൽ മരിച്ചത്.ഭക്ഷണ സാധനത്തിൽ മാവും രണ്ടു മുട്ടയും കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.ജയിൽ ഓഫീസറുടെ മുറിയിൽ നിന്നും മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് കണ്ടെത്തിയത് തളർന്നെത്തിയ മഞ്ജുളയെയായിരുന്നെന്നും പിന്നീട് അഞ്ചു വാർഡന്മാർ വന്നു മജ്ഞുളയെ മർദിക്കുകയും ചെയ്തുവെന്ന് സഹതടവുകാരി മൊഴി നൽകി.
മുത്തച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനി ടിപ്പർ ലോറി കയറി മരിച്ചു
ഹരിപ്പാട്:മുത്തച്ഛനൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോയ വിദ്യാർത്ഥിനി ടിപ്പർ ലോറി കയറി മരിച്ചു.നങ്ങിയാർകുളങ്ങര ബഥനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മുട്ടം ഉഷസ് വില്ലയിലെ എയ്മി(9)യാണ് മരിച്ചത്.നങ്യാർകുളങ്ങര-മാവേലിക്കര പാലമൂട് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.15 നായിരുന്നു അപകടം.മുത്തച്ഛൻ റിട്ട.എസ്.ഐ രാഘവനൊപ്പം പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറുകയുമായിരുന്നു.സ്കൂളിന് അമ്പതു മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്.ട്രെയിൻ പോയ ശേഷം ലെവൽക്രോസ്സ് തുറന്നപ്പോൾ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒന്നിച്ചു മുന്പോട്ടെടുത്തപ്പോൾ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിൽ പെട്ടത് തന്റെ മകളാണെന്നറിയാതെ കുട്ടിയുടെ അമ്മ പുറകിലുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു.മൂവരും ഒന്നിച്ചാണ് വീട്ടിൽ നിന്നിറങ്ങിയതെങ്കിലും ചാറ്റൽ മഴയെ തുടർന്ന് കുട്ടിയുടെ അമ്മ സ്കൂട്ടറിൽ നിന്നും ഇറങ്ങി ബസിൽ കയറുകയായിരുന്നു.
ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി:മാധ്യമ വിചാരണയ്ക്ക് നില്ക്കാൻ തനിക്കു നേരമില്ലെന്നു നടൻ ദിലീപ്.പൾസർ സുനിക്കെതിരായുള്ള ബ്ലാക്‌മെയ്‌ലിംഗ് കേസിൽ തനിക്കു പറയാനുള്ളത് പോലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി.ആലുവ പോലീസ് ക്ലബ്ബിലേക്ക് പോകുന്ന വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സുനി തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പോലീസ് മൊഴിയെടുക്കുന്നു.ഇതിനായി നാദിര്ഷയും പോലീസ് ക്ലബ്ബിൽ എത്തി.അമ്മ യോഗത്തിനു മുൻപ് മൊഴിയെടുക്കാനാണ് തീരുമാനം.പൾസർ സുനിയുടെ കത്തിലെ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയും.