തിരുവനന്തപുരം:അരുവിക്കര എം.എൽ.എ ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ.എസ്.അയ്യരും വിവാഹിതരായി.തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യക്കു താലി ചാർത്തി.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.ഡി സതീശൻ,കെ.സി ജോസഫ്,ആന്റോ ആന്റണി,ടി.പി ശ്രീനിവാസൻ,ബിജു പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തിരുവനതപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വച്ച് ഇന്ന് വൈകുന്നേരം വിവാഹ സൽക്കാരം നടക്കും.
പുതിയതെരുവിൽ നിന്നും അമോണിയ കലർത്തിയ മൽസ്യങ്ങൾ പിടികൂടി
കണ്ണൂർ:പുതിയതെരു മൽസ്യമാർക്കറ്റിൽ ആരോഗ്യവകുപ്പധികൃതർ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ അമോണിയ കലർത്തി മൽസ്യങ്ങൾ വില്പന ചെയ്യുന്നതായി കണ്ടെത്തി.അയില,തിരണ്ടി തുടങ്ങിയ മൽസ്യങ്ങളാണ് അമോണിയ കലർത്തിയ നിലയിൽ കണ്ടെത്തിയത്.മൽസ്യങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ വിതരണം ചെയ്യുന്നതും കണ്ടെത്തി.ചിറക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തമ്പാൻ,സുനിൽ രാജ്,രാജേഷ്,നസീർ,ടൈറ്റസ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
സയൻസ് എക്സ്പ്രസ്സ് ട്രെയിൻ ജൂലൈ 8 ന് കണ്ണൂരിൽ
കണ്ണൂർ:വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വിവിധ ശാസ്ത്രമേഖലകളിൽ വിജ്ഞാനം പകരാൻ സയൻസ് എക്സ്പ്രസ്സ് കണ്ണൂരിലെത്തുന്നു.ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ജൂലൈ എട്ടിനാണ് കണ്ണൂരിലെത്തുക.ജൂലൈ പത്തുവരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടാകും.ദിവസവും രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് പ്രദർശനം.ശീതീകരിച്ച പതിനാറു കോച്ചുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങൾ,ഇതിൽ മനുഷ്യന്റെ പങ്ക്,ശാസ്ത്രീയ വശങ്ങൾ,അന്തരഫലം,ലഘൂകരിക്കാനുള്ള മാര്ഗങ്ങള്,ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളാണ് പ്രദർശനത്തിലുള്ളത്. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ പരിശീലനം നേടിയ ശാസ്ത്ര പ്രവർത്തകരുടെ സേവനവും ലഭ്യമാണ്.അഹമ്മദാബാദിലെ വിക്രംസാരാഭായ് കമ്മ്യൂണിറ്റി സയൻസ് സെന്ററിനാണ് പ്രദർശനത്തിന്റെ മേൽനോട്ടം.19000km താണ്ടി രാജ്യത്തെ 68 കേന്ദ്രങ്ങളിലായാണ് സയൻസ് എക്സ്പ്രസ്സ് പര്യടനം നടത്തുക.സ്കൂളുകൾക്ക് 9428405407,9428405408 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യാതെയും പ്രദര്ശനം കാണാം. പ്രവേശനം സൗജന്യമാണ്.
സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങി
കണ്ണൂർ:ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങി.കണ്ണൂർ ജില്ലയിൽ കൊയിലി,സ്പെഷ്യലിറ്റി,ധനലക്ഷ്മി,ആശിർവാദ്,തളിപ്പറമ്പിലെ ലൂർദ് എന്നീ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.എമർജൻസി ഐ.സി.യു കളിലെ ജോലികൾക്ക് തടസ്സമുണ്ടാകില്ല.അടിയന്തിര ഘട്ടങ്ങളിൽ നേഴ്സ്മാരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ദേശീയ സെക്രട്ടറി വിനീത് കൃഷ്ണൻ അറിയിച്ചു.വരും ദിവസങ്ങളിൽ കോഴിക്കോട്,കാസർകോഡ്,തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വ്യഴാഴ്ച പണിമുടക്കിയ നഴ്സുമാർ ടൗൺസ്‌ക്വറിൽ നിന്നും കളക്ടറേറ്റിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
അലവിലിൽ ബസിടിച്ചു വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ:സ്കൂളിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒൻപതു വയസ്സുകാരി ബസിടിച്ചു മരിച്ചു.അളവിൽ ഒറ്റത്തെങ്ങിലെ അജിത്തിന്റെ മകൾ അഭിനന്ദനയാണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെ സ്കൂൾ വിട്ടു വരുമ്പോഴാണ് അപകടം.ഒറ്റത്തെങ്ങിൽ റോഡ് മുറിച്ചു കടക്കുമ്പോൾ അഴീക്കൽ ഭാഗത്തു നിന്നും വന്ന ബസ്സിടിക്കുകയായിരുന്നു .ഉടനെ നാട്ടുകാർ കുട്ടിയെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് സൗത്ത് യു.പി സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച അഭിനന്ദന.അമ്മ ബിന്ദു,സഹോദരങ്ങൾ അഭിജിത്,അനുജിത്.
ജി.എസ്.ടി ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും
ന്യൂഡൽഹി:ദേശീയ തലത്തിൽ ഒറ്റ നികുതി എന്ന ആശയവുമായി ചരക്കു സേവന നികുതി(ജി.എസ്.ടി)ഇന്ന് നിലവിൽ വരും.ഇന്ന് അർധരാത്രി മുതലാണ് ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നത്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന പരോക്ഷ നികുതികൾ എടുത്തു കളഞ്ഞു കൊണ്ടാണ് പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നത്.പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടി വിളംബരം ചെയ്യും. പാർട്ടിനേതാക്കൾ,മുഖ്യ മന്ത്രിമാർ, രാജ്യസഭാ,ലോക്സഭാ എം.പി മാർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ രത്തൻ ടാറ്റ മുതൽ അമിതാഭ് ബച്ചൻ വരെ വിധ മേഖലകളിലെ പ്രമുഖർക്കും ക്ഷണമുണ്ട്.ഒരു മണിക്കൂർ നീളുന്ന യോഗം രാത്രി 10.45 ന് ആരംഭിക്കും.ജമ്മു കാശ്മീർ ഒഴികെയുള്ള രാജ്യങ്ങളിലാണ് ജി.എസ്.ടി നിലവിൽ വരുന്നത്.ജി.എസ്.ടി നിലവിൽ വരുന്നതോടെ എക്‌സൈസ്, വാറ്റ്, ഒക്ട്രോയ്,സേവന,വില്പന,പ്രവേശന നികുതികളെല്ലാം ഇല്ലാതാവും.നികുതി ഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ സാധനങ്ങൾക്ക് വിലകുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുമോ എന്നൊന്നും കൃത്യമായി വിലയിരുത്താനായിട്ടില്ല.ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈനയുടെ യുദ്ധടാങ്ക് പരീക്ഷണം
ബെയ്‌ജിങ്:ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈനയുടെ പ്രകോപനം തുടരുന്നു.35 ടണ്ണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയിൽ നടത്തി.പുതിയ നീക്കം ഇന്ത്യയെ ലക്‌ഷ്യം വച്ചാണോ എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്‌ഷ്യം വച്ചെല്ലാനായിരുന്നു സൈന്യത്തിന്റെ മറുപടി.അതേസമയം സിക്കിമിന്റെ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിലുള്ള സംഘർഷത്തെ കുറിച്ചും ചൈന പ്രതികരിച്ചു.ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിന്മാറിയാൽ മാത്രമേ ചർച്ചക്കുള്ളൂ എന്നുമാണ് ചൈനയുടെ നിലപാട്.
വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്തള്ളാൻ അദാലത് നടക്കുന്നു എന്നത് വ്യാജ വാർത്തയെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ മൂന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. അത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
മെട്രോ അധികൃതർക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം:കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് കെ.എം.ആർ.എൽ നൽകിയ പരാതിക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.മെട്രോയുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് ട്രെയിനിൽ യാത്ര ചെയ്തതെന്നും കേരളാ പോലീസിനെ കെ.എം.ആർ.എൽ അപമാനിക്കുകയാണ് എന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ 128 പേരടങ്ങുന്ന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സംഘമാണ് ഡ്യൂട്ടിക്കുള്ളത്.എന്നാൽ ഒരു സ്റ്റേഷനിൽ നിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കാൻ ഇവർക്ക് വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ മെട്രോയോ സർക്കാരോ ഏർപ്പെടുത്തിയിട്ടില്ല എന്നും പരാതിയിൽ പറയുന്നു.
200 രൂപയുടെ നോട്ട് വരുന്നു
മുംബൈ: 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. 2016 നവംബർ 8 നാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കിയത്.ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറക്കാൻ ആർ ബി ഐ തീരുമാനിച്ചത്.