പഴയങ്ങാടി: പഴയങ്ങാടിയിലും നെരുവംപ്രത്തും അഞ്ചു പേർക്ക് തെരുനായയുടെ കടിയേറ്റു.വെള്ളിയാഴ്ച രാവിലെ പത്രവിതരണം നടത്തുന്നതിനിടെ നെരുവമ്പ്രത്തെ എം.പി അബ്ദുല്ലക്കാണ് ആദ്യം കടിയേറ്റത്.ഉടുതുണിയടക്കം നായകൾ കടിച്ചുകീറി.വൈകുന്നേരം ബസ്സ്റ്റാന്റിനടുത്തു വെച്ചാണ് ബാക്കി നാലു പേർക്കും കടിയേറ്റത്. പൊയിൽ ബിജു,പഴയങ്ങാടി കുളങ്ങരത്തുള്ള മുസ്തഫ,താവത്തെ പി.ശ്രീലത,ചൂടാട്ടെ എ.രജീഷ് എന്നിവർക്കാണ് കടിയേറ്റത്.വിവിധ ആവശ്യങ്ങൾക്കായി പഴയങ്ങാടിയിലെത്തിയതായിരുന്നു ഇവർ.ഇവരെ രക്ഷിക്കുന്നതിനിടെ പള്ളിക്കരയിലെ കൂട്ടിലെ വളപ്പിൽ റൗഫിന് ബസ്സ്റ്റാൻഡിലെ കുഴിയിൽ വീണു സാരമായി പരിക്കേറ്റു.ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നായയുടെ കടിയേറ്റവർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ
ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചു.ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹം.സ്വാതന്ത്രസമര സേനാനി കെ.മാധവന്റെ സഹോദരനും ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ മകനുമാണ് കെ.കെ വേണുഗോപാൽ.
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച അഞ്ചു ഡ്രൈവർമാർക്കെതിരെ കേസ്
ആലപ്പുഴ:ജില്ലയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച അഞ്ചു സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.സ്കൂൾ ബസുകളിൽ കുട്ടികളെ തിക്കി നിറച്ച് കൊണ്ടുപോകുന്നതടക്കം പരിശോധിക്കാൻ ഇന്നലെ രാവിലെ എട്ടുമണി മുതൽ പത്തുവരെ നടത്തിയ പ്രത്യക പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിക്കുന്നതായ് കണ്ടെത്തിയത്.മദ്യപിച്ചു വാഹനമോടിച്ചതിന് രണ്ട് ടിപ്പർ ലോറി ഡ്രൈവർമാർക്കെതിരെയും കേസെടുത്തു.അശ്രദ്ധമായി വാഹനമോടിച്ചതിന് 47 പേർക്കെതിരെയും അമിത വേഗത്തിനു 46 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ഒൻപതു പേർക്കെതിരെയും നടപടിയെടുത്തു.പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം;കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ റെയ്ഡ്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി.നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ഐ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.വെളളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടു മണി വരെ നീണ്ടു.നടൻ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു ജയിലിൽ നിന്ന് സുനി എഴുതിയ കത്തിൽ പരാമർശിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.പണമിടപാടുകളും കംപ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചത് എന്നാണ് അറിയുന്നത്.എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യഗസ്ഥന് തടവുശിക്ഷ
കാസർകോഡ്:ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ.കാസർകോഡ് നഗരസഭാ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ശിക്ഷ വിധിച്ചത്.ഒരു വർഷവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.തലശ്ശേരി വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.സർട്ടിഫിക്കറ്റിലെ ഇനിഷ്യൽ തിരുത്തുന്നതിന് 1000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
നടിക്കെതിരായ അതിക്രമം; അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവിധായകന്‍ വിനയനും സി പി എം നേതാക്കളും അമ്മ നിലപാടിനെതിരെ രംഗത്തെത്തി.ഇരയായ നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പോലും പാസാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവർത്തകർനടന്‍ മുകേഷിന്റെ കോലം കത്തിച്ചു. മുകേഷിന്റെ നടപടികളില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വനിതാ കൂട്ടായ്മ വിപ്ലവകരമായ ആശയമാണെന്നും പറഞ്ഞു. മന്ത്രി ജി സുധാകരനും അമ്മയുടെ നടപടിയെ വിമര്‍ശിച്ചു.ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുടെ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് മന്ത്രി പി.കെ ശ്രീമതി
തിരുവനന്തപുരം:ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ ശ്രീമതി.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി അഭിപ്രായം വ്യക്തമാക്കിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ സ്ത്രീവിരുദ്ധ നിലപാടാണ് ‘അമ്മ’ കൈക്കൊണ്ടതെന്നാണ് ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഇതുകൊണ്ടാകാം വനിതാ താരങ്ങൾ മറ്റൊരു സംഘടനാ രൂപീകരിക്കാൻ കാരണമെന്നും മന്ത്രി പറയുന്നു.ഇരയും ആരോപണ വിധേയനായ നടനും അമ്മയ്ക്ക് ഒരുപോലെയാണെന്ന പ്രസ്താവന ‘അമ്മ’ ക്കു യോചിച്ചതല്ലെന്നും ശ്രീമതി പറഞ്ഞു.
അംബേദ്കർ പദ്ധതിയിൽ കണ്ണൂരിലെ രണ്ടു കോളനികൾ
കണ്ണൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിലേക്കു കണ്ണൂർ മണ്ഡലത്തിലെ അവേര, പള്ളിപ്രം കോളനികളെ തിരഞ്ഞെടുത്തു. ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് ഓരോ കോളനിയിലും നടപ്പാക്കുക. ആദ്യഘട്ടമായി 50 ലക്ഷം രൂപ വീതം നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്രത്തിനു കൈമാറി.കോളനിക്കുള്ളിലെ നടപ്പാതകൾ, ശുദ്ധജല വിതരണം, വീട് അറ്റകുറ്റപ്പണി, തെരുവുവിളക്കുകൾ, മാലിന്യ നിർമാർജനം വീടുകളുടെ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളാണു നടപ്പാക്കുക. ഇതിനു പുറമെ കോളനിവാസികൾക്കായി സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കും.പട്ടികജാതി കോളനികളിൽ എൻഎസ്എസ് കണ്ണൂർ സർവകലാശാലാ സെല്ലും ടെക്നിക്കൽ സെല്ലും പ്രാരംഭ വിവരശേഖരണ സർവേ സർവേ നടത്തും. സർവകലാശാലയിലെ എൻഎസ്എസ് വൊളന്റിയർമാരാണു സർവേക്കു നേതൃത്വം നൽകുക.സർവേയുടെ ഉദ്ഘാടനം നാളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഷാർജയിൽ മൂന്നു ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു
ഷാർജ:മൂന്നു ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു.പാക്കിസ്ഥാൻ സ്വദേശിയായ 57 കാരനാണ് മരിച്ചത്.മറ്റു രണ്ടു ഡ്രൈവർമാർക്കും പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.എമിറേറ്റ്സ് റോഡിൽ അൽ സുബൈറിനും അൽ റഹ്‌മയ്യക്കും ഇടക്കുള്ള സ്ഥലത്താണ് അപകടമുണ്ടായത്.അമിത വേഗതയിൽ പോവുകയായിരുന്ന ഒരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ നിന്നും തെന്നിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
കുടിവെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്:കുടിവെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച സഹോദരങ്ങളായ രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ.തെലുങ്കാനയിലെ മെഹ്ബൂബ നഗറിനു സമീപത്തെ സേക്രട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥിയും സഹോദരനുമാണ് വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ചത്.കുട്ടികളുടെ മുത്തശ്ശി ഈ സ്കൂളിൽ ജോലി നോക്കിയിരുന്നു.ഇവരുടെ കൊച്ചു മകൻ ഈ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.മുത്തശ്ശി സ്കൂളിലേക്ക് വരുമ്പോൾ മൂന്നു വയസ്സുള്ള ഇളയ കുട്ടിയേയും ഒപ്പം കൂട്ടിയിരുന്നു.സംഭവം നടക്കുന്ന ദിവസം മുത്തശ്ശി ഇരിക്കുന്ന സ്ഥലത്തു സൂക്ഷിച്ചിരുന്ന ദ്രാവകം വെള്ളമാണെന്നു കരുതി കുട്ടികൾ കുടിക്കുകയായിരുന്നു.നേർപ്പിച്ച ആസിഡായിരുന്നു ഇത്.വെള്ളം കുടിച്ചതിനു പിന്നാലെ കുട്ടികൾ ഛർദിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.മുത്തശ്ശിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.