തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല.അറസ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ കൃത്യമായ ഏകോപനമുണ്ടെന്നും ബെഹ്റ പറഞ്ഞു.
നഴ്സുമാരുടെ സംഘടനകളുമായി നാളെ ചർച്ച നടത്തും
തിരുവനന്തപുരം:വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാരുടെ സംഘടനകളുമായി തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ ചൊവ്വാഴ്ച ചർച്ച നടത്തും.ഇന്ത്യൻ നഴ്സസ് അസോസിയേഷൻ(ഐ.എൻ.യു),യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ)എന്നീ സംഘടനകളുമായിട്ടാണ് ചർച്ച.നഴ്സുമാർ നടത്തുന്ന സമരം നിർത്തിവെക്കണമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിരുന്നു.സമരവുമായി ബന്ധപ്പെട്ടു ജൂലൈ പത്തിന് ചർച്ച നടത്തുമെന്നും സമരം നിർത്തിവെച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൃക്ഷത്തൈകൾ നട്ടു
തളിപ്പറമ്പ്∙ ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ കമ്മിറ്റിയുടെയും ആന്തൂർ നഗരസഭയുടെയും നേതൃത്വത്തിൽ ബക്കളം–പുന്നക്കുളങ്ങര സുൽത്താൻ റോഡരികിൽ നൂറു ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു തുടക്കമായി. ജയിംസ് മാത്യു എംഎൽഎ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.ഷാജു അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.കെ.മുജീബ് റഹ്മാൻ, സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്വി, കെ.വി.ശശിധരൻ, പി.ദാമോദരൻ, മനോജ് മാത്തൻ, കെ.സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഫീസിളവ്
തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിജ്ഞാപനമിറക്കി. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം.ഇഗ്നോയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.
കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:തലശ്ശേരി നായനാർ റോഡിൽ സി.പി.എംപ്രവർത്തകന് വെട്ടേറ്റു.എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ പ്രസവിച്ചതറിഞ്ഞു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.
കണ്ണൂർ:ഭാര്യ പ്രസവിച്ചതറിഞ്ഞു കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.ചെങ്ങളായി മണക്കാട്ട് തുണ്ടുവളപ്പിൽ വാസുദേവൻ(40)ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ ദേവദർശിനെ(5)മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലുദിവസം മുൻപ് നാട്ടിലെത്തിയ വാസുദേവൻ മകനോടൊപ്പം മനക്കട്ടെ തറവാട്ട് വീട്ടിലെത്തി സഹോദരങ്ങളെ സന്ദർശിച്ചു തിരികെ മടങ്ങുമ്പോഴാണ് അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ നിലയിലായിരുന്നെന്നും മറ്റു വാഹനങ്ങൾ ഇടിച്ചതായി തോന്നുന്നില്ലെന്നും പോലീസ് പറഞ്ഞു.എം.രാജിതയാണ് ഭാര്യ.
എ.സി കോച്ചുകൾ ഉള്ള എല്ലാ ട്രെയിനിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ
ന്യൂഡൽഹി:നിലവിൽ എ.സി കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ.എക്കണോമി എ.സി കോച്ചുകളിൽ നിരക്ക് തേർഡ് എ.സി യിലും താഴെ ആയിരിക്കും.ഇവിടെ താപനില 24-25 ഡിഗ്രി ആയി നിലനിർത്തും.ചില ട്രെയിനുകൾ പൂർണമായി ശീതീകരിക്കാനും പദ്ധതിയുണ്ട്.
നഴ്‌സുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്
കണ്ണൂർ: മിനിമം വേതനം കൂട്ടാത്തതിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, സ്പെഷ്യാലിറ്റി,തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജോലിക്കു ഹാജരാകാതെ സമരം നടത്തുന്നത്. ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സമരപ്പന്തലിൽ അഞ്ചു വീതം പേരെ സജ്ജമാക്കിയാണ് സമരം.അതേസമയം നഴ്സുമാർ അഞ്ചു മുതൽ ജില്ലയിലെ നാല് ആശുപത്രികളിൽ കൂടി സമരം തുടങ്ങും.പയ്യന്നൂരിലെ സബ, അനാമയ, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് സമരം ആരംഭിക്കുന്നത്.നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു കഴിഞ്ഞു. പുതുതായി രോഗികളെ കിടത്തിചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല.
കാറിനു മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ:കാറിനു മുകളിലേക്ക് ആൽമരം വീണ് യുവാവിന് ദാരുണാന്ത്യം.കുറുപ്പംപടി പുത്തന്‍കുടി വീട്ടില്‍ ബേസില്‍ (24) ആണ് മരിച്ചത്.മറ്റു രണ്ടു സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്ന.എന്നാൽ അവർ ഇറങ്ങിയോടിയതിനെ തുടർന്ന് രക്ഷപ്പെട്ടു.രാത്രി ശക്തമായ മഴയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ തുരുത്തിയില്‍ വേട്ടക്കരന്‍ കാവിന് പരിസരത്തേക്ക് ഓടിയെത്തിയത്. ക്ഷേത്രത്തിനു മുന്നിലായി റോഡരികില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വീണത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതിനുള്ളില്‍ കുടുങ്ങിപ്പോയ കാര്‍ പിന്നീടാണ് കണ്ടത്.മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടുകയും വൈദ്യുതിക്കാലുകള്‍ മറിയുകയും ചെയ്തിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് പെട്ടെന്ന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി കാറിന്റെ വാതില്‍ പൊളിച്ച് ബേസിലിനെ പുറത്തെടുത്ത് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജരെ വിളിച്ചു
കൊച്ചി:നടിയെ ആക്രമിച്ചതിന് തൊട്ടുമുന്‍പുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ ആക്രമിച്ചതിന് തൊട്ട് മുന്‍പ് നാല് നമ്പറുകളിലേക്കാണ് സുനി വിളിച്ചത്. അതിലൊന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയുടേതാണ്. അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് പള്‍സര്‍ സുനിയെയും വിളിച്ചിട്ടുണ്ട്. ദിലീപാണ് തിരിച്ചുവിളിച്ചതെന്ന് അപ്പുണ്ണി നേരത്തെ നടന്ന ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.26 ഫോൺനമ്പറുകളാണ് പോലീസിന് സംശയം ഉണ്ടായിരുന്നത്.ഇതിൽ നിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്.