കേരളത്തിൽ ഈമാസം പതിനൊന്നിന് പെട്രോൾ പമ്പ് സമരം

keralanews petrol pump strike in kerala on july11

കൊച്ചി:പെട്രോൾ ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഈ മാസം പതിനൊന്നിന് സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു സമരം ചെയ്യും.10 നു അർധരാത്രി മുതൽ 11 നു അർധരാത്രി വരെയാണ് സമരം.ദേശീയതലത്തിൽ 12 ന് പണിമുടക്കുമെന്ന് വ്യാപാര സംഘടനകൾ അറിയിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് തലേദിവസം സമരം നടത്താനാണ് തീരുമാനം.പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനികളിൽ നിന്നുമുള്ള പ്രീമിയം സ്റ്റോക്കുകൾ എടുക്കുന്നത് പമ്പുകൾ നിർത്തിയിട്ടുണ്ട്.കൂടാതെ എട്ടു മുതൽ പത്തുവരെയുള്ള തീയതികളിൽ സ്റ്റോക്കുകൾ എടുക്കാതെ പതിനൊന്നിന് സമരം ചെയ്യാനാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.കമ്പനികൾ നേരിട്ട് നടത്തുന്നതും സ്വകാര്യ പമ്പുകളും ഒഴിച്ചുള്ള എല്ലാ പമ്പുകളും സമരത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

വിമാനത്താവള പ്രദേശത്തെ മണ്ണൊലിപ്പ്: ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ

keralanews damage in soil erosion

മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്തു നിന്നു കനത്ത മഴയിൽ മണ്ണൊലിച്ച് താഴെ ഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായി. വീടുകളിൽ ചെളിയും മണ്ണും വന്നടിയുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു.എളമ്പാറ, പുതുക്കുടി, ആനക്കുനി, കാര എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടായത്. വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ചെറിയ കൈത്തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് കൃഷിയിടങ്ങളി‍ൽ ചെളി കയറിയത്.വീട്ടുപരിസരത്തു കെട്ടിക്കിടക്കുന്ന ചെളി വിമാനത്താവള തൊഴിലാളികളെ ഉപയോഗിച്ചു നീക്കം ചെയ്യാൻ നടപടിയെടുത്തു.

കീച്ചേരി കോലത്തുവയലിൽ വീടുകൾക്ക് നേരെ അക്രമം

keralanews violence against houses in kallyasseri
കല്യാശ്ശേരി:കീച്ചേരി കോലത്തുവയലിൽ സിപിഎം, ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകൾക്കു നേരെ അക്രമം. സിപിഎം ചിറക്കുറ്റി സാംസ്കാരിക നിലയം ബ്രാഞ്ച് സെക്രട്ടറി ഇ.പി.രതീഷ്ബാബുവിന്റെ ചിറക്കുറ്റിയിലെ വീടിനു നേരെ ഒരു സംഘം കല്ലെറിഞ്ഞതായി പരാതി.തിങ്കളാഴ്ച രാത്രി 12 മണിയോടെ ‌‌‌‌ ആയിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ മുൻവശത്തെ രണ്ടു ജനലുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.ബിജെപി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എ.രതീഷിന്റെ വയലിലെ കോട്ടത്തിനു സമീപമുള്ള വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ ഒരു ജനലിന് നാശനഷ്ടമുണ്ടായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് അറിയിച്ചു.കണ്ണപുരം പൊലീസ് ഇരുവീടുകളിലുമെത്തി അന്വേഷണം നടത്തി.

ജിഎസ്‍ടി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു

keralanews price increased for essential commodities

തിരുവനന്തപുരം:ജിഎസ്‍ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. അരി, മൈദ, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലയും ഹോട്ടല്‍ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. കോഴിക്ക് നികുതി ഒഴിവാക്കിയെങ്കിലും വിപണിയില്‍ വില കുറഞ്ഞിട്ടുമില്ല.ഇതുവരെ നികുതി ഇല്ലാതിരുന്ന അരി, അരിമാവ്, മൈദ, ആട്ട തുടങ്ങിയവയുടെ ബ്രാന്‍ഡഡ് ഇനങ്ങള്‍ക്കെല്ലാം 5 ശതമാനം നികുതി ആയി.കേരളീയര്‍ സാധാരണയായി ഉപയോഗിക്കുന്ന സുരേഖ, ജയ ഉള്‍പ്പെടെ എല്ലാ അരികള്‍ക്കും വില കൂടും. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ജിഎസ്‍ടി ചുമത്തിയില്ലെങ്കിലും അരിവില 50 രൂപക്ക് മുകളിലായി.നഗരത്തിലെ മിക്കവാറും ഹോട്ടലുകളിലും നികുതി 18 ശതമാനമായി.കെട്ടിട നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതിയിലുണ്ടായ കുറവ് കെട്ടിട നിര്‍മാണ ചെലവ് കുറക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. നികുതിയിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ വില ഉല്പാദകര്‍ കുറക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവും ഈ മേഖലയില്‍ നിന്നുയരുന്നു.ജിഎസ്ടി നിരക്കുകള്‍ പ്രാബലത്തിലാകുന്നതോടെ നിത്യവും ഉപയോഗിക്കുന്ന പല മരുന്നുകളുടെയും വില കുറയും. എന്നാല്‍ കോസ്മെറ്റിക്സ്, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് വില കൂടും.ജിഎസ്ടി പ്രകാരം ഇന്‍സുലിന്‍ പോലെ അവശ്യ മരുന്നുകള്‍ക്ക് 5 ശതമാനമാണ് നികുതി. നേരത്തെ ഇത് 6 മുതല്‍ 8 ശതമാനം വരെയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷാവിഭാഗത്തില്‍ പെടാത്തവയുടെ നികുതി  17ല്‍ നിന്ന് 18 ശതമാനമായി.

നടി ആക്രമിക്കപ്പെട്ട സംഭവം;ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു,നടന്നത് ക്രൂരമായ ലൈംഗികാക്രമണം

keralanews the visuals were identified

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത്  നടിയും സുനിയും തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ക്രൂരമായിഅപമാനിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.കേസിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്.ഞായറാഴ്ച ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള പോലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നടപടികളാണ്.ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽ നിന്നും പിന്നോക്കം പോകാൻ പറ്റാത്ത വിധം അന്വേഷണ സംഘത്തെ ബെഹ്‌റ തളച്ചു. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ പിഴവുപോലും സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.ചോദ്യം ചെയ്യൽ സമയത്ത് നാദിർഷായുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് സംഭവത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയങ്ങൾക്ക് വഴിവെച്ചത്.

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്

keralanews ksu announced strike on tomorrow 2

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു അധ്വാനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെയുള്ള ആറുപേരെ കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.പോലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ ;ഫോറൻസിക് റിപ്പോർട്ട് പുറത്ത്

keralanews forensic report is out

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.നടിയെ ആക്രമിച്ചത് പൾസർ സുനി തന്നെയാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ പൊലീസിന് ലഭിച്ചു.ഇക്കാര്യം തെളിയിക്കുന്ന റിപ്പോർട്ടാണ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയിരിക്കുന്നത്.ഇത് കേസന്വേഷണത്തിൽ ഏറെ നിർണായകമാണ്.സുനിയല്ലാതെ മറ്റാരും നടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു

keralanews police register case against aju varghese

കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമർശിച്ചതിന് അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു.എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

keralanews fishing boat accident in kollam

കൊല്ലം: ഓച്ചിറ അഴീക്കല്‍ ഹാര്‍ബറിന് സമീപം മത്സ്യബന്ധനവള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി.ചെറിയഴീക്കല്‍ സ്വദേശി മനോജാണ് (42) മരിച്ചത്. കാണാതായ ചെറിയഴീക്കല്‍ സ്വദേശി അനിക്കുട്ടനായി തിരച്ചില്‍ തുടരുന്നു. മത്സ്യബന്ധനത്തിനുശേഷം അഴീക്കല്‍ ഹാര്‍ബറിലേക്കടുക്കവേ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുപ്പത്തിലധികംതൊഴിലാളികള്‍ വള്ളത്തിലുണ്ടായിരുന്നു. കടലില്‍ വീണ എഴോളംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടു. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, അഗ്‌നിശമനസേന തുടങ്ങിയ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആവി പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു

keralanews man drink liquid nitrogen at a bar ends up with a hole in stomach

ന്യൂഡൽഹി: ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു.മുപ്പതു വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജൻ ദ്രാവകം ആമാശയത്തിനുള്ളിൽ പ്രവേശിച്ച് വികസിച്ചതാണ് തുള വീഴാൻ കാരണം.അസഹ്യമായ വേദനയും ശ്വാസതടസ്സവും വയറുവീർക്കലും അനുഭവപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി ബാറിലെ ആകർഷകമായ ഇനങ്ങളിലൊന്നാണ് വെള്ള പുക ഉയരുന്ന കോക്‌ടെയ്ൽ. ഇതിലെ പുക പൂർണ്ണമായും പോയാൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ.എന്നാൽ ഇതറിയാതെ യുവാവ് കോക്റ്റൈൽ കിട്ടിയപാടെ കഴിച്ചതാണ് അപകടകാരണം.ഒരു ലിറ്റർ നൈട്രജൻ ദ്രാവകത്തിനു  ഇരുപതു ഡിഗ്രി സെൽഷ്യസിൽ 694 ലിറ്ററായി വികസിക്കാനുള്ള കഴിവുണ്ട്.നീരാവിയായി പുറത്തു പോകുന്ന ഈ നൈട്രജന് ചുറ്റിലുമുള്ളവയെ തണുപ്പിക്കാനും കഴിയും.എന്നാൽ ആമാശയത്തിലെത്തിയ നീരാവിക്കു പുറത്തു പോകാൻ കഴിയാത്തതിനാലാണ് തുള വീണത്.ആമാശയം പുസ്തകം പോലെ തുറന്നു പോയിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.അതിനാൽ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.യുവാവ് ആരോഗ്യനില വീണ്ടെടുത്ത് വരുന്നു.