തിരുവനന്തപുരം:മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി.മാനന്തവാടി സബ്‌കളക്ടർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ സ്ഥലം മാറ്റാനുള്ള തീരുമാനം ഉണ്ടായത്.എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയാണ് ശ്രീറാമിന് നൽകിയിട്ടുള്ളത്.വകുപ്പ് മേധാവിയായി സ്ഥാന കയറ്റം നൽകുകയായിരുന്നു എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.ഭൂമാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിച്ച ശ്രീറാമിനെ മാറ്റാൻ സർക്കാരിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് സൂചന.എന്നാൽ സബ്‌കളക്ടറെ മാറ്റിയതിൽ സി.പി.ഐ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.അതേസമയം ശ്രീറാമിനെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.എല്ലാ കാലത്തും ഒരേ പോസ്റ്റിൽ തന്നെ തുടരാൻ സാധിക്കില്ലെന്നും സ്ഥലം മാറ്റം മറ്റുരീതിയിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍
ഓട്ടോ തൊഴിലാളിസമരം;പരിഹാരമായില്ല;കോടതി ഇടപെടുന്നു
കണ്ണൂർ:കലക്ടറേറ്റ് പടിക്കൽ ഓട്ടോ തൊഴിലാളികളുടെ സമരം ഒരു മാസം പിന്നിടുമ്പോഴും തീരുമാനമെടുക്കാനാകാതെ അധികൃതർ.കലക്ടറും ആർടിഒയും മേയറും പ്രശ്നപരിഹാരത്തിനുള്ള പന്ത് മറ്റുള്ളവരുടെ കോർട്ടിലേക്കു തള്ളിവിടുന്നതല്ലാതെ കെസി നമ്പറിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിലേക്കെത്തിയില്ല.ഇതിനിടെ ആർടിഒ ഏകപക്ഷീയമായി കെസി നമ്പർ നൽകിയ നടപടി ശരിയല്ലെന്നും യൂണിയനുകളുടെ യോഗം വിളിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കോർപറേഷൻ പരിധിയിലെ ഓട്ടോറിക്ഷകൾക്കു കെസി നമ്പർ അനുവദിക്കാൻ വാർഡ് അംഗത്തിന്റെ ശുപാർശ കത്ത് വേണമെന്ന ആർടിഒയുടെ ഉത്തരവിനു നിയമസാധുതയില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.ഒരുമാസത്തിനിടെ തൊഴിലാളികൾ പലപ്പോഴായി കലക്ടറെയും ആർടിഒയെയും മേയറെയും കണ്ടെങ്കിലും ഫലം കണ്ടില്ല.ജൂൺ 30നു മുൻപു പ്രശ്നം പരിഹരിക്കാമെന്നു മേയർ ഉറപ്പു നൽകിയതും പാലിക്കപ്പെട്ടില്ല.ഇന്നു വൈകിട്ടു മൂന്നിനു കോർപറേഷൻ ഓഫിസിൽ സർവകക്ഷി യോഗം വിളിക്കുമെന്നും യോഗത്തിലെ തീരുമാനമനുസരിച്ചു പ്രശ്നം പരിഹരിക്കാമെന്നുമാണ് ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന വിശദീകരണം.
നടിയെ ആക്രമിച്ച കേസ്:അറസ്റ്റ് വൈകിയേക്കും,കൂടുതല്‍ ചോദ്യംചെയ്യലുണ്ടാകും
കൊച്ചി:നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദിലീപ് അടക്കമുള്ളവരെ നേരിട്ട് ബന്ധിപ്പിക്കാന്‍ ഇത് പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ഉണ്ടായേക്കുമെന്ന് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം ആലുവ റൂറല്‍ എസ്പി അറിയിച്ചു. തെളിവുകള്‍ ഒത്തുവന്നാല്‍ അറസ്റ്റ് വൈകിയേക്കില്ലെന്നും സൂചനയുണ്ട്.അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഫോണ്‍ രേഖകള്‍ അടക്കം പൊലീസിന്‍റെ കൈവശമുണ്ട്. എന്നാല്‍ ഇവയൊന്നും ദിലീപ് അടക്കമുള്ളവരെ നേരിട്ട് പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നില്ല.കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. എടുത്ത് ചാടി അറസ്റ്റിലേക്ക് നീങ്ങിയാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതുകള്‍ അടച്ച് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
ജിഷ്‍ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം:ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു.ജിഷ്ണു പ്രണോയിയുടെ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നുള്ള കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. അതിനിടെ നടപടി ക്രമങ്ങള്‍ വൈകുന്നതില്‍ ജിഷ്ണുവിന്റെ കുടുംബം അതൃപ്തിയും പ്രകടിപ്പിച്ചു.ഇനി സിബിഐയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പ്രതികരിച്ചു.
കെ.എസ്.ആർ.ടി.സി യാത്രക്കാരിയുടെ കഴുത്തിൽ കമ്പി തുളച്ചു കയറി മരിച്ചു
കണ്ണൂർ:കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികിലുള്ള ടെലിഫോൺ പോസ്റ്റിലിടിച്ചതിനെ തുടർന്ന് പരസ്യ ബോർഡിന്റെ കമ്പി കഴുത്തിൽ തുളച്ചു കയറി യാത്രക്കാരി തൽക്ഷണം മരിച്ചു.ചെമ്പേരി സ്വദേശിനി പരേതനായ ഇലവുങ്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(58) ആണ് മരിച്ചത്.ഇന്ന് രാവിലെ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതന് സമീപത്തായിരുന്നു അപകടം.എതിരെ അമിത വേഗതയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള പോസ്റ്റിലിടിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കടയുടെ പരസ്യബോർഡ് പിടിപ്പിച്ച കമ്പി ബസ്സിന്റെ ഷട്ടർ തുളച്ചു മുൻഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ തുളച്ചു കയറി മറുവശത്തേക്കു കടന്നു.തൽക്ഷണം മരണം സംഭവിച്ചു.ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാൻ പോവുകയായിരുന്നു ത്രേസ്യാമ്മ.ഇവരുടെ കൂടെ അനുജത്തിയും സഹോദരങ്ങളും ഉണ്ടായിരുന്നു.ഇന്നലെ രാത്രി കരുവഞ്ചാലിൽ വന്നു താമസിച്ചു രാവിലെ പൊൻകുന്നത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയതായിരുന്നു ത്രേസ്യാമ്മ.മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും
കണ്ണൂർ:ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വകുപ്പ് ‘ഇന്റലിജന്റ് കമ്പ്യൂട്ടിങ് ഫോർ സ്മാർട്ട് വേൾഡ്’ എന്ന വിഷയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും.ആറ്,ഏഴ് തീയ്യതികളിലായാണ് സമ്മേളനം നടക്കുക.എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസിലർ ഡോ.കുഞ്ചറിയ.പി.ഐസക് ഉൽഘാടനം ചെയ്യും.പത്തിലേറെ രാജ്യങ്ങളിൽ നിന്നായി മുന്നൂറു പ്രബന്ധങ്ങൾ കോൺഫെറൻസിൽ അവതരിപ്പിക്കും.ഐ.എസ്.ആർ.ഓ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക് സാങ്കേതികവിദ്യ,കാലാവസ്ഥ പ്രവചന രംഗത്തെ ആധുനിക പ്രവണതകൾ,കേന്ദ്രീകൃത ആരോഗ്യപരിപാലന രംഗത്തെ നവീന രീതികൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കും.സ്പെയിനിൽ നിന്നുമുള്ള എൻജിനീയർമാരായ ഡോ.ഡാനിയൽ കോൾ വിതാൻ,ഡോ.കൊന്നിഞ്ചോ,സിംഗപ്പൂർ നാഷണൽ സർവകലാശാല പ്രൊഫസർ ഡോ.ലിം സൂ വാങ്,ശ്രീലങ്കയിലെ മരുത്വ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ.സിസിൽ കുമാരവടു,ഡൽഹി ഐ.ഐ.ടി പ്രൊഫസർ ഡോ.എം.വീരാചാരി തുടങ്ങിയവർ പ്രഭാഷണം നടത്തും.
വായ്‌പ്പാ കുടിശ്ശിക തുക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റവന്യൂ റിക്കവറി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കാഞ്ഞങ്ങാട്:വിദ്യാഭ്യാസ വായ്‌പ്പാ കുടിശ്ശിക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റെവന്യൂ റിക്കവറി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.പുല്ലൂർ സ്വദേശി ഉഷ രാജന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലെ ഷാജിയെയാണ് കളക്ടർ കെ.ജീവൻബാബു സസ്‌പെൻഡ് ചെയ്തത്.ഉഷാ രാജന്റെ മകൾ ബാങ്കിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്‌പ്പാ കൃത്യമായി തിരിച്ചടക്കാത്തതിനാൽ കുടിശ്ശിക ആയി.40,000 രൂപയാണ് അടക്കേണ്ടിയിരുന്നത്.ഇതിനെ തുടർന്ന് റെവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നു.രണ്ടു തവണയായി ഈ തുക ബാങ്കിലടച്ചുവെന്നും എന്നാൽ ബാങ്കിൽ ഈ തുക എത്തിയില്ലെന്നും കാണിച്ച് ഉഷ കളക്ടർക്കു പരാതി നൽകിയിരുന്നു.ഇതിൽ ഹൊസ്ദുർഗ് തഹസിൽദാർ അന്വേഷണം നടത്തി.ആദ്യ ഗഡുവായ 20,000 രൂപ ഷാജിയുടെ സ്വന്തം അക്കൗണ്ടിലേക്കു അടപ്പിച്ചു.രണ്ടാമത്തെ ഗഡു നേരിട്ട് വാങ്ങുകയും ചെയ്തു.കളക്ടർക്ക് പരാതി നൽകിയപ്പോൾ 40,000 രൂപ ഉഷാരാജന് തിരിച്ചു നൽകി.എന്നാൽ ഔദ്യോഗികകൃത്യനിർവഹണലംഘനം ചൂണ്ടിക്കാട്ടി കളക്ടർ സസ്പെൻഷനു ഉത്തരവിടുകയായിരുന്നു.
ശബരിമല ഭണ്ഡാരത്തിൽ നിന്നും പാകിസ്ഥാൻ രൂപ ലഭിച്ചു
പത്തനംതിട്ട:ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും റോക്കറ്റിന്റെ രൂപത്തിൽ മടക്കിയ ഇരുപതു രൂപയുടെ പാകിസ്ഥാൻ നോട്ട് ലഭിച്ചു.ഇതിനെകുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു.കുട്ടികൾ പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന തരത്തിലുള്ള റോക്കറ്റിന്റെ ആകൃതിയിൽ മടക്കിയ നോട്ടുകൾ ഭണ്ഡാരം ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു.ജൂലൈ ഒന്നിന് നട തുറന്നതിനു ശേഷമാണ് ശ്രീകോവിലിനു മുൻപിലെ ഭണ്ഡാരത്തിൽ നോട്ട് നിക്ഷേപിച്ചതെന്നു വ്യക്തമായിട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.ജൂലൈ ഒന്നിന് ഉച്ചവരെയുള്ള കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.തുടർന്നുള്ള കാണിക്ക മൂന്നാംതീയതി എണ്ണിയപ്പോഴാണ് പാകിസ്ഥാൻ നോട്ട് കണ്ടെത്തിയത്.ശബരിമലയിലെ ഭണ്ഡാരങ്ങളിൽ നിന്നും നൂറിലേറെ രാജ്യങ്ങളുടെ കറൻസി ലഭിക്കാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന പാകിസ്ഥാൻ നോട്ടുകളെ പറ്റി ദേവസ്വം അധികൃതർ പോലീസിൽ വിവരം അറിയിക്കാറുണ്ട്.എന്നാൽ അസാധാരണമായ നിലയിൽ കറൻസി കണ്ടതാണ് അന്വേഷണത്തിന് വഴിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലെത്തി
ടെൽ അവീവ് :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി.ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.മോദിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ഇസ്രായേൽ ഭരണകൂടം നടത്തിയിരിക്കുന്നത്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തി.ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കിയാണ് ഇസ്രായേൽ മോദിയെ സ്വീകരിച്ചത്.ഇസ്രായേൽ തനിക്കു നൽകിയ സ്വീകരണത്തിൽ മോദി നന്ദി പറഞ്ഞു.അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നൽകുകയെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു.