തിരുവനന്തപുരം:നെഹ്‌റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി.കൃഷ്ണദാസ് കോയമ്പത്തൂരിൽ തന്നെ തങ്ങണമെന്നും കോടതി ഉത്തരവിട്ടു.ജിഷ്ണു പ്രണോയ്,ഷൗക്കത്തലി കേസുകളിൽ ഹൈക്കോടതി കൃഷ്ണദാസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.കേസ് വളരെ ഗൗരവമുള്ളതാണ്.അന്വേഷണം പുരോഗമിക്കവേ സംസ്ഥാന സർക്കാർ കേസ് സി.ബി.ഐ ക്കു വിട്ടിരിക്കുകയാണ്.അതുകൊണ്ടു തന്നെ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.കേസ് ഗൗരവമുള്ളതാണെന്നും സി.ബി.ഐ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അവരുടെ കൂടി അഭിപ്രായം അറിയേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഈ കേസിന്റെ നടപടികൾ പൂർത്തിയാകുന്നത് വരെ കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കരുതെന്നും കേസുമായി ബന്ധപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് വരാൻ പാടുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സുവർണദിനം
ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു മികച്ച തുടക്കം.രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകൾ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി.മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്.ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ,പുരുഷന്മാരുടെ 5000 മീറ്ററിൽ ജി.ലക്ഷ്മൺ എന്നിവരാണ് സ്വർണം നേടിയത്.ലോങ്‌ജമ്പിൽ മലയാളി താരം വി.നീന വെള്ളി നേടി.മറ്റൊരു മലയാളി താരമായ നയന ജെയിംസ് വെങ്കലം കരസ്ഥമാക്കി.പുരുഷന്മാരുടെ ഡിസ്‌കസ്ത്രോയിൽ വികാസ് ഗൗഡ,5000 മീറ്ററിൽ സഞ്ജീബനി യാദവ്,ജാവലിൻ ത്രോയിൽ അന്നുരാണി എന്നിവരും വെങ്കലം നേടി.
നഴ്സുമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക്;പിന്തുണയുമായി കൂടുതൽ പേർ
കണ്ണൂർ:സുപ്രീംകോടതി വിധിയുണ്ടായിട്ടും ശമ്പളം കൂട്ടാത്തതിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഒൻപതാം ദിവസത്തിലേക്ക്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സംഘടകൾ രംഗത്തെത്തി.സിപിഐ, ആംആദ്മി, എൻസിപി, എൻവൈസി, എഐവൈഎഫ്, എസ്ഡിപിഐ, കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ബിജെപി, എബിവിപി, മഹിളാമോർച്ച, യുവമോർച്ച, വെൽഫെയർ പാർട്ടി, ആർഎസ്പി, ജനതാദൾ, വുമൺസ് ഇന്ത്യ,നഴ്സസ് പേരന്റ്സ് അസോസിയേഷൻ, പരിയാരം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് എന്നീ സംഘടനകൾ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.പത്തിനു നടക്കുന്ന മന്ത്രിതലചർച്ചയിൽ സമരത്തിനു പരിഹാരമുണ്ടാകുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ. ഒത്തുതീർപ്പാകാത്ത പക്ഷം സമരം മറ്റ് ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കും. നഴ്സുമാരുടെ സമരം പ്രകടമായി ബാധിച്ച സാഹചര്യത്തിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി.
പട്ടാപ്പകല്‍ ലോറിയില്‍ കൊണ്ടുവന്നു തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പയ്യന്നൂര്‍ നഗരസഭ
പയ്യന്നൂർ:പട്ടാപ്പകൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ലോറിയിൽ മാലിന്യം കൊണ്ടുവന്നു തള്ളി. ഇന്നലെ പത്തര മണിയോടെ വെള്ളൂരിൽ നിന്നാണ് ലോറിയിൽ മാലിന്യം കൊണ്ടുവന്നു തള്ളിയത്. സംഭവം കണ്ട പരിസരവാസികൾ ദൃശ്യം മൊബൈലിൽ പകർത്തി നഗരസഭ അധ്യക്ഷനെ അറിയിച്ചു. നഗരസഭ ജീവനക്കാർ എത്തുമ്പോഴേക്കും മാലിന്യം തള്ളിയവർ വാഹനവുമായി കടന്നിരുന്നു. വാഹന നമ്പർ ആർടിഒ അധികൃതർക്ക് കൈമാറി വാഹന ഉടമസ്ഥനെ കണ്ടെത്തി. വാഹന ഉടമയില്‍ നിന്ന് നഗരസഭ 10,000 രൂപ പിഴ ഈടാക്കി. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.രാത്രികാലങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്നു പയ്യന്നൂരിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളാറുണ്ടായിരുന്നു. ഇതു കണ്ടെത്തുന്നതിനു വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
ഹീമോഫീലിയ ബാധിതന് എയ്ഡ്സ് എന്ന് പരിശോധന ഫലം;സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി രണ്ടു കുടുംബങ്ങൾ
കോഴിക്കോട്:ഹീമോഫീലിയ ബാധിതനായ പത്തൊന്പതുകാരന് എയ്ഡ്സ് രോഗമുണ്ടെന്ന തെറ്റായ പരിശോധനാഫലം നൽകിയ സ്വകാര്യ ലാബ് രണ്ടു കുടുംബങ്ങളെ തീതീറ്റിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ആലിയ ലാബ് ആണ് ഇല്ലാത്ത എയ്ഡ്സ് രോഗമുണ്ടെന്ന് റിപ്പോർട് നൽകിയത്.മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവാണ് ഹീമോഫിലിയ ചികിത്സയുടെ ഭാഗമായി രക്തം മാറാൻ മെഡിക്കൽ കോളേജിലെത്തിയത്.ഇയാളുടെ ദേഹത്ത് സിറിഞ്ചു കുത്തുന്നതിനിടെ അബദ്ധത്തിൽ പുരുഷ നഴ്സിന്റെ കയ്യിൽ സൂചി കൊണ്ട് മുറിവുണ്ടായി.നേഴ്സ് ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ യുവാവിന് എയ്ഡ്സ് ടെസ്റ്റ് നടത്താൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.മെഡിക്കൽ കോളേജിലെ ലാബ് അടച്ചതിനാൽ സ്വകാര്യലാബിലാണ് രക്തം പരിശോധിച്ചത്.എച്.ഐ.വി പോസിറ്റീവ് എന്ന ഫലമാണ് അവർ നൽകിയത്.ഫലം കണ്ട നഴ്സും ആശങ്കയിലായി.ഇതോടെ വീണ്ടും ഡോക്ടർ യുവാവിന്റെ രക്തം പരിശോധിക്കാൻ നിർദേശിച്ചു.മറ്റൊരു സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ എച്.ഐ.വി നെഗറ്റീവ് ആയിരുന്നു ഫലം.ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധിച്ച് എച്.ഐ.വി ഇല്ലെന്നു സ്ഥിതീകരിച്ചു.ഇതിനിടെ മാനസിക സമ്മർദ്ദത്തിലായ നേഴ്സ് എയ്ഡ്സ് പ്രതിരോധ ഗുളിക കഴിച്ചിരുന്നു.അതിന്റെ പാർശ്വഫലമായി അസുഖമുണ്ടായതായും പറയുന്നു.ആലിയ ലാബ് ഗുരുതര വീഴ്ചയാണ് നടത്തിയത്.ഒരു രോഗിക്ക് എച്.ഐ.വി പോസിറ്റീവ് എന്ന് കണ്ടാൽ വീണ്ടും രക്തം പരിശോധിക്കണം.അതുചെയ്തില്ല.പരിശോധന ഫലം ഡോക്ടറുടെ അടുത്തെത്തിക്കുകയോ വിളിച്ചറിയിക്കുകയോ ചെയ്യണം.എന്നാൽ ലാബുകാർ ലാഘവത്തോടെ കുട്ടിയുടെ കൂട്ടിരുപ്പുകാർക്ക് റിസൾട്ട് കൈമാറുകയായിരുന്നു.
റോഡ് നിർമാണത്തിൽ ഒട്ടേറെ അപാകതകൾ;കെ.എസ്.ടി.പി പദ്ധതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ലോകബാങ്ക്
തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് പ്രൊജക്റ്റ്( കെ.എസ്.ടി.പി) റോഡ് നിർമാണത്തിൽ ഒട്ടേറെ അപാകതകൾ.റോഡ് നിർമാണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ലോകബാങ്ക്.രണ്ടാം ഘട്ട നിർമാണ പദ്ധതികൾ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ വായ്പ്പതുകയ്ക്കു പുറമെ നിശ്ചിത തുക പിഴയും അടക്കേണ്ടി വരും.മുഴുവൻ പണിയുടെ മുപ്പതു ശതമാനം മാത്രമാണ് ഇത് വരെ പൂർത്തിയാക്കിയിട്ടുള്ളത്.പദ്ധതി പൂർത്തിയാക്കാൻ ഒന്നര വർഷം മാത്രമാണ് ബാക്കി.കെ.എസ്.ടി.പി രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ പുരോഗതിയും നിലവാരവും വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധികൾ പദ്ധതിയെ തരം താഴ്ത്തിയതായി ഉദ്യഗസ്ഥർ പറയുന്നു.പദ്ധതി റദ്ദാക്കുന്നതിനു മുൻപുള്ള നടപടിയായിട്ടാണ് തരം താഴ്ത്തലിനെ കണക്കാക്കുന്നത്.തരംതാഴ്ത്തിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചതായാണ് വിവരം.നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.പല റോഡുകളുടെയും നിർമാണത്തിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.രണ്ടാം ഘട്ട പദ്ധതിക്ക് 21.6 കോടി യു.എസ് ഡോളർ(ഏകദേശം 1400 കോടി രൂപ)ആണ് ലോകബാങ്ക് നൽകുന്നത്.2013 ജൂൺ 19 നാണ് ഇത് സംബന്ധിച്ചുള്ള കരാർ ഡൽഹിയിൽ ഒപ്പിട്ടത്.കരാറിന്റെ കാലാവധി 2018 ജൂലൈ 30 ന് അവസാനിക്കും.നിർമാണപ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചു പദ്ധതി അവസാനിപ്പിക്കേണ്ടത് നവംബർ 30 നാണ്.
കെ സുധാകരന്റെ കോലം കത്തിച്ചു.
കണ്ണൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിയായ കേസ് ഒത്തു തീര്‍ക്കാര്‍ ശ്രമിച്ച കെ സുധാകരനെതിരെ വിദ്യാര്‍ഥി പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കെ സുധാകരന്റെ കോലം കത്തിച്ചു. തളാപ്പില്‍നിന്ന് പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ കാല്‍ടെക്സ് ചുറ്റി പഴയ സ്റ്റാന്‍ഡിലെത്തിയാണ് കോലം കത്തിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ പി അന്‍വീര്‍ അധ്യക്ഷനായി. പി എം അഖില്‍, സി പി ഷിജു, പി എ കിരണ്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂരില്‍ ആഗസ്തില്‍ 1200 പേരുടെ കളരിപ്പയറ്റ് പ്രദര്‍ശനം
കണ്ണൂര്‍ :ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് ആന്‍ഡ് യോഗാ സ്റ്റഡി സെന്ററിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1200 പേര്‍ അണിനിരക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം ആഗസ്ത് 27 ന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പഴയകാല കളരി ഗുരുക്കന്മാരെ ആദരിക്കും.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം എളയാവൂരില്‍ ഐആര്‍പി സി ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പ്രസ്താവന നടത്തിയതിന് ദിലീപ്,സലിം കുമാർ,സജി നന്ത്യാട്ട് എന്നിവർക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ
കൊച്ചി:ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പ്രസ്താവന നടത്തിയതിന് ദിലീപ്,സലിം കുമാർ,സജി നന്ത്യാട്ട് എന്നിവർക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ.ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് പരാതി നൽകിയത്.ദേശീയ വനിതാ കമ്മീഷൻ ഡിജിപി യോട് വിശദീകരണം തേടും.
നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്
തിരുവനന്തപുരം:മെഡിക്കൽ ഫീസ് വർധന പിൻവലിക്കുക,കേരളാ സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.ലാത്തിച്ചാർജിൽ എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ്,ജോയിന്റ് സെക്രട്ടറിമാരായ രേഷ്മ ബാബു,സ്റ്റിനി ജോൺ സംസ്ഥാന സമിതി അംഗം വി.ആർ അജിത്,തിരുവനന്തപുരം ജില്ലാ കൺവീനർ എ.എസ് അഖിൽ എന്നിവർക്ക് പരിക്കേറ്റു.