കാസർകോഡ്:മദ്യപിച്ചെത്തിയ പിതാവിൽ നിന്നും രക്ഷപെടുന്നതിനായി കിണറ്റിൽ ചാടിയ വിദ്യാർത്ഥിനി മരിച്ചു.കാസർകോഡ് കൊളത്തൂർ ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതരയോടെ മദ്യപിച്ചെത്തിയ പിതാവിനോട് ശല്യം കാരണം പഠിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് നേരെ പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് ആക്രമിക്കാൻ ചെല്ലുകയായിരുന്നു.ഭയന്നുപോയ പെൺകുട്ടി പ്രാണരക്ഷാർത്ഥം വീട്ടിൽ നിന്നും ഇറങ്ങി ഓടുകയും പിതാവ് പുറകെ വരുന്നത് കണ്ട് മുറ്റത്തോട് ചേർന്നുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു.നാട്ടുകാർ ഓടികൂടിയെങ്കിലും അൻപത്തടി താഴ്ചയുള്ള കിണറായതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല.പിന്നീട് ഫയർഫോഴ്‌സ് എത്തി കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.തേപ്പു തൊഴിലാളിയായ പിതാവ് ഹരിദാസൻ സ്ഥിരം മദ്യപിച്ചെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
യുവമോര്‍ച്ച നേതാവിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍
പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സജിനെ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഇന്നലെ രാവിലെ ആറുമണിയോടെയാണ് സജിന്‍രാജ് എന്ന ലാലുവിനെ ആറ്റിങ്ങല്‍ മാമത്ത് റോഡുവക്കില്‍ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്.എന്നാല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വലിച്ചുപുറത്തിറക്കി പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് മരിക്കുന്നതിന് മുന്‍പ് സജിന്‍ പറഞ്ഞതായി ആശുപത്രി ജീവനക്കാരിലൊരാള്‍ പൊലീസിനെ അറിയിച്ചു.കാറിനുള്ളില്‍ നിന്ന് അരക്കുപ്പി പെട്രോളും ചില പണമിടപാടിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. സജിന്‍ ആത്മഹത്യചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് സഹോദരന്‍ പറഞ്ഞു. ആറ്റിങ്ങല്‍ സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ടോള്‍ പ്ലാസകളിലെ സിസിടീവി ദൃശ്യങ്ങളും സജിന്റെ കാള്‍ ലിസ്റ്റും പരിശോധിച്ച് വരികയാണ്.
ജി.എസ്.ടി സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ പിഴയും ജയിൽ ശിക്ഷയും
ന്യൂഡൽഹി:ഉത്പന്നങ്ങളിൽ ജി.എസ്.ടി സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാൻ ആണ് ഇക്കാര്യം അറിയിച്ചത്.ജി.എസ്.ടി നിലവിൽ വന്നതിനു ശേഷമുള്ള പുതിയ പ്രൈസ് ടാഗ് ഓരോ ഉത്പന്നങ്ങളിലും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.പഴയ സ്റ്റോക്കുകൾ സെപറ്റംബറോടെ വിറ്റു തീർക്കണമെന്നും വ്യാപാരികൾക്ക് നിർദേശമുണ്ട്.പുതിയ പ്രൈസ് ടാഗ് വെച്ചിട്ടില്ലെന്ന കാര്യം ആദ്യ തവണ ശ്രദ്ധയിൽപെട്ടാൽ 25,000 രൂപയായിരിക്കും പിഴ.രണ്ടാമത്തെ തവണ ഇത് 50,000 ആകും.മൂന്നാമതും നിർദേശം ലംഘിച്ചെന്നു കണ്ടാൽ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കും.കൂടാതെ ഒരു വർഷം തടവ് ശിക്ഷയും ലഭിക്കും.
കണ്ണൂരില്‍ കെഎസ്‌യു മാര്‍ച്ചില്‍ വ്യാപക അക്രമം
കണ്ണൂര്‍:കണ്ണൂരില്‍ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ പരക്കെ അക്രമം.സമരം അവസാനിച്ചതിന് ശേഷമായിരുന്നു പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.കുടിയാന്‍മലയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് സമരക്കാര്‍ അടിച്ചുതകര്‍ത്തു. യാത്രക്കാര്‍ നിറഞ്ഞ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു.അതിനിടെ കണ്ണൂര്‍ കോഓപ്പറേറ്റിവ് പ്രിന്റിംഗ് പ്രസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഫോര്‍മാന്‍മാരായ സികെ വിനോദ്, സജേഷ്, ഷഹന്‍രാജ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ സിഐയുടെ വാഹനവും അക്രമികള്‍ തടഞ്ഞു.
ദിലീപിനുള്ള സുനിയുടെ കത്ത് പോലീസ് എഴുതിച്ചതെന്ന് വിപിൻലാൽ
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് അയച്ച കത്തിന് പിന്നിൽ പോലീസ് ഇടപെടലെന്ന് വിപിൻലാൽ.കാക്കനാട് ജില്ലാ ജയിലിൽ അധികൃതർ ഭീഷണിപ്പെടുത്തി എഴുതിച്ചതാണ് കത്തെന്നു വിപിൻ ലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ കേസിൽ പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നു സുനിയുടെ സഹതടവുകാരനും സുഹൃത്തുമായ വിഷ്ണു പറഞ്ഞു.നടി അക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.നടിയെ ആക്രമിച്ചതിന് പിന്നിലെ വസ്തുതകൾ സുനി ജയിലിലെ സഹതടവുകാരായ വിപിൻലാലിനോടും വിഷ്ണുവിനോടും വെളിപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം.ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ഇരുവരെയും മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഗംഗ,യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:ഗംഗ,യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.പുണ്യ നദികൾ എന്ന പരിഗണനയിലാണ് മുൻപ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികൾക്കും മനുഷ്യതുല്യമായ പദവി നൽകിയത്.ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ.കഴിഞ്ഞ മാർച്ചിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.ഇന്ത്യൻ ഭരണ ഘടന പൗരന് നൽകുന്ന എല്ലാ അവകാശങ്ങൾക്കും ഈ നദികളും അർഹരാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.നമാമി ഗംഗ പദ്ധതി ഡയറക്ടർ,ഉത്തരാഖണ്ഡ് അഡ്വക്കേറ്റ് ജനറൽ,ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ നിയമപരമായ രക്ഷിതാക്കൾ ആയി പ്രഖ്യാപിച്ചിരുന്നു.പക്ഷെ ആ വിധിയിലുള്ള ഗംഗ,യമുന നദികളിലെ വെള്ളപ്പൊക്കം മൂലം ആർക്കെങ്കിലും ദോഷം സംഭവിച്ചാൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന പ്രസ്താവനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനെ പ്രേരിപ്പിച്ചത്.
കോഴിയിറച്ചിയുടെ വില 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം:ജി.എസ്.ടി നിലവിൽ വന്നതോടെ കോഴിയിറച്ചിയുടെ വില 103 രൂപയിൽ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്.തിങ്കളാഴ്ച മുതൽ 87 രൂപക്ക് മാത്രമേ കോഴിയിറച്ചി വിൽക്കാൻ പാടുള്ളൂ.വില കൂട്ടി വിൽക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭം ഈടാക്കിയാൽ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.എന്നാൽ കോഴിയുടെ ഉല്പാദന ചെലവ് 85 രൂപ വരുമെന്നും അതിനാൽ ഈ വില സ്വീകാര്യമല്ലെന്നും എ.കെ.പി.എഫ് പ്രസിഡന്റ് പറഞ്ഞു.
നടൻ മുകേഷിനെതിരെ കോൺഗ്രസ്,ബിജെപി പ്രതിഷേധം
കൊല്ലം:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎ യുമായ മുകേഷ് അമ്മയുടെ യോഗത്തിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ബിജെപി യും കോൺഗ്രസ്സും മാർച്ച് നടത്തി.ബിജെപി പ്രവർത്തകർ മുകേഷിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.മാർച്ച് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.കൊച്ചിയിൽ നടന്ന അമ്മയുടെ യോഗത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മുകേഷ് നടത്തിയ രോഷ പ്രകടനമാണ് പ്രതിഷേധത്തിന് കാരണം.
കണ്ണൂർ ഡിസിസി ഓഫീസിനു നേരെ ആക്രമണം
കണ്ണൂർ:കണ്ണൂർ ഡിസിസി ഓഫീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.ഓഫീസിനു മുൻപിലെ ബോർഡുകൾ,കസേരകൾ,അലമാര എന്നിവ അടിച്ചു തകർത്തിട്ടുണ്ട്.കണ്ണൂർ തെക്കി ബസാറിൽ ആനക്കുളത്തിനു സമീപമാണ് ഡിസിസി ഓഫീസിൽ സ്ഥിതി ചെയ്യുന്നത്.പുലർച്ചെ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് സംഭവം ആദ്യം അറിയുന്നത്.അയല്പക്കത്തെ വീടുകളിൽ ലൈറ്റിട്ടതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.ബൈക്കിന്റെ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു.കസേരകളും മേശകളും അടിച്ചു തകർത്തതിന് പുറമെ മറ്റു ഫർണിച്ചറുകൾ വഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം
കോഴിക്കോട്:മുക്കം കാരശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ചാക്കിൽ കെട്ടിയ നിലയിൽ കണ്ട മൃതദേഹം തെരുനായ്ക്കൾ കടിച്ചു കീറി പുറത്തിട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.രണ്ടാഴ്ച മുൻപാണ് രണ്ടു ചാക്കുകൾ റോഡരികിൽ അജ്ഞാതർ ഉപേക്ഷിച്ചത്.അതിലൊന്നിൽ അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ ആയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ചാലിയം തീരത്ത് മനുഷ്യന്റെ കൈകൾ കണ്ടെത്തിയ സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്നു താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് വ്യക്തമാക്കി.ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.കോഴിക്കോട് നിന്നോ സമീപ ജില്ലകളിൽ നിന്നോ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.