തലശ്ശേരി:തലശ്ശേരി കിൻഫ്ര വ്യവസായപാർക്കിൽ പുതിയ ബഹുനില വ്യവസായ കെട്ടിടസമുച്ചയം നാളെ മന്ത്രി എ.സി മൊയ്‌ദീൻ ഉൽഘാടനം ചെയ്യും.ചോനാടത്ത് 55,000 ചതുരശ്ര അടിയിൽ നാലുനിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.ഇരുപതു വ്യവസായ സംരംഭങ്ങൾക്ക് ഇവിടെ സ്ഥലം അനുവദിക്കാൻ കഴിയും.രണ്ടു പാസഞ്ചർ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.നിരവധി വ്യവസായ സംരംഭകർ ഇവിടെ വ്യവസായം തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.ഇവരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ കിൻഫ്ര പദ്ധതി ആവിഷ്ക്കരിച്ചത്.50 ഏക്കറിലായി കിൻഫ്ര സ്ഥാപിച്ച വ്യവസായ പാർക്കിൽ നിലവിൽ 30 വ്യവസായ യൂണിറ്റുകളാണ് ഉള്ളത്.43 യൂണിറ്റുകൾക്കാണ് സ്ഥലമനുവദിച്ചത്.കേരളത്തിൽ 22 വ്യവസായ പാർക്കുകൾ ഇതിനകം കിൻഫ്ര സ്ഥാപിച്ചു കഴിഞ്ഞു.മട്ടന്നൂർ കിൻഫ്ര പാർക്ക് പുതിയ പദ്ധതിയിൽ ഉൾപ്പെടും.
മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൂർ അനുമതി വേണമെന്ന ഉത്തരവ്,പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം
ദുബായ്:പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുൻപേ അനുമതി വേണമെന്ന ഉത്തരവിൽ ഗൾഫിലെങ്ങും വ്യാപക പ്രതിഷേധം.കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസർ വിമാന കമ്പനികൾ വഴി കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലേക്ക് അയച്ച ഉത്തരവ് ആശയകുഴപ്പത്തോടൊപ്പം വലിയ പ്രതിഷേധവുമാണ് പ്രവാസികൾക്കിടയിലുണ്ടാക്കിയിരിക്കുന്നത്. വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഷാർജയിൽ നിന്നുള്ള കാർഗോ വിമാനങ്ങൾ മടിക്കുകയാണ്.2005 ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നു കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ജലാലുദീന്റെ വിശദീകരണം.വ്യാഴാഴ്ച രാത്രി ഷാർജയ്ക്കടുത്ത് ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയപ്പോൾ കരിപ്പൂരിൽ നിന്നും ഇ മെയിലിൽ എത്തിയ നിർദേശം ചൂണ്ടിക്കാട്ടി മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.പിന്നീട സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു മണിക്കൂറുകളോളം സമയമെടുത്തു അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മൃതദേഹം നാട്ടിലേക്കയക്കുകയായിരുന്നു.മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യു.എ.ഇ യിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്നും എംബാം സർട്ടിഫിക്കറ്റ് ലഭിക്കു.അപ്പോൾ എങ്ങനെ ഇത് 48 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ ഹാജരാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണ്.അതുകൊണ്ടു തന്നെ പുതിയ ഉത്തരവ് പിൻവലിച്ച് അക്കാര്യം വിമാന കമ്പനികളെ അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
ചർച്ച പരാജയം;നാളെ മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
കൊച്ചി:കോഴി വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ കോഴിക്കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇറച്ചിക്കോഴി വിൽക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാടെടുത്തു.എന്നാൽ വിളിച്ചാൽ ഇനിയും ചർച്ചക്ക് തയ്യാറാണെന്ന് വ്യാപാരികൾ അറിയിച്ചു.വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പ്രതികരിച്ചു.വ്യാപാരികൾ വില കുറയ്‌ക്കണമെന്നും സർക്കാർ വിലപേശലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലക്ഷങ്ങൾ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരൻ പിടിയിൽ
തിരുവനന്തപുരം:പതിനഞ്ചു ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരൻ പിടിയിലായി.തിരുവനന്തപുരം വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി മുഹമ്മദ് ഖാലിദാണ് പിടിയിലായത്.വിമാനത്താവളം വഴി ഒരാൾ വിദേശ കറൻസി കടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ദുബായിൽ ഡ്രൈവറാണ് ഇയാൾ.വിദേശ കറൻസി തന്റെ സ്വന്തം പണമാണെന്നാണ് ഇയാൾ കസ്റ്റംസ് അധികൃതരോട് പറഞ്ഞത്.ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പിടിച്ചെടുത്ത പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
മല്യയെ വിട്ടു തരണമെന്ന് ബ്രിട്ടനോട് മോദി
ഹാംബർഗ്:ശതകോടികൾ വായ്പ്പയെടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്കെതിരായ നടപടികൾ ഊര്ജിതമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെടുന്നു.ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ ഒളിവിൽ കഴിയുന്ന മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു.ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ തെരേസ മെയെ കണ്ടുമുട്ടിയപ്പോഴായിരുന്നു മോദി ഈ കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെയും നടത്തിയിരുന്നു.കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി എട്ടിന് കേന്ദ്രസർക്കാർ ബ്രിട്ടന് കത്ത് നൽകിയിരുന്നു.കൂടാതെ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോൾ മല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം നേടി മല്യ പുറത്തെത്തുകയായിരുന്നു.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ ട്രാന്സ്ജെന്ഡേഴ്സ് മാർച്ച്
കൊച്ചി:കൊച്ചിയിൽ ട്രാന്സ്ജെന്ഡേഴ്സിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ട്രാന്സ്ജെന്ഡേഴ്സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.ആക്രമണം നടത്തിയ സെൻട്രൽ സി.ഐ അനന്തലാൽ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച്.നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരുമെന്ന് ട്രാന്സ്ജെന്ഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ സെക്രട്ടറിയേറ്റിനു മുൻപിലേക്കും സമരം വ്യാപിപ്പിക്കും.കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തു വെച്ച് ഇവരിൽ ഒരാളുടെ പേഴ്സ് തട്ടിപ്പറിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന യുവാക്കളെ തടഞ്ഞു വെച്ച് പോലീസിൽ ഏല്പിച്ചപ്പോൾ പരാതിക്കാരായ ട്രാന്സ്ജെന്ഡേഴ്സിനെ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു .വിവരം ചോദിച്ചറിയുക പോലും ചെയ്യാതെ പോലീസ് ഇവരുടെ നേരെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു.ഇതിനെതിരെയാണ് പ്രതിഷേധം.
ഡൽഹി വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ വിമാനത്തിൽ പൊട്ടിത്തെറി
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ വിമാനത്തിൽ പൊട്ടിത്തെറി.അഞ്ചു പേർക്ക് പരിക്കേറ്റു.പാർക്കിങ്ങിനിറങ്ങിയ സ്‌പൈസ് ജെറ്റിലാണ് ജെറ്റ് ബ്ലാസ്റ് ഉണ്ടായത്.ഈ വിമാനത്തിന്റെ പിൻഭാഗത്ത് ഉണ്ടായിരുന്ന ഇൻഡിഗോ ബസ്സിലെ അഞ്ചു യാത്രക്കാർക്കാണ് പരിക്കേറ്റത്.മുംബയിലേക്കുള്ള വിമാനത്തിനായി യാത്രക്കാരുമായി തയ്യാറായി നിൽക്കുകയായിരുന്നു ഇൻഡിഗോ ബസ്.സ്ഫോടനത്തിൽ ഇൻഡിഗോ ബസ്സിന്റെ ചില്ലികൾ തകർന്നു.ജനൽ ചില്ലുകൾ കൊണ്ടാണ് യാത്രക്കാർക്ക് പരിക്കേറ്റത്.യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു
തിരുവനന്തപുരം:വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11 ന് നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.ജി.എസ്.ടി വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്.ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
പാലക്കാട്:സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്ജിയോപ്ലാസ്റ്റിക്കു വിധേയനായതിനെ തുടർന്ന് ഇദ്ദേഹത്തിന് ഡോക്ടർമാർ ഒരാഴ്‍ചത്തെ വിശ്രമം നിർദേശിച്ചു.ഇതോടെ പന്ന്യൻ രവീന്ദ്രന്റെ ഒരാഴ്ചത്തെ പരിപാടികളും റദ്ദാക്കി.പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് രാവിലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.കുഴഞ്ഞു വീണ ഇദ്ദേഹത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം പാലക്കാട് എത്തിയത്.റെവന്യൂ മന്ത്രിയോടും പാലക്കാട് ജില്ലാ സെക്രട്ടറിയോടും സംസാരിച്ചിരിക്കവെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.
നടിക്കെതിരായുള്ള ആക്രമണം;അന്വേഷണം സിനിമ മേഖലയിലുള്ള കൂടുതൽ പേരിലേക്ക് .
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം സിനിമ മേഖലയുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു.നടൻ ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ദിലീപുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ തീയേറ്റർ ഉടമയെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഇയാൾ നിരവധി തവണ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്.നടി ആക്രമിക്കപ്പെട്ട കാലയളവിലെ ദിലീപിന്റെ ഫോൺ കോളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടാതെ ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമിച്ചു എന്ന നടിയുടെ ആരോപണം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.