ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു.ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്.എന്നാൽ രണ്ടു ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.മജിട്രേട്ടിന്റെ ചേമ്പറിലാണ് ദിലീപിനെ ഹാജരാക്കിയത്.
വ്യാജ പാസ്സ്പോർട്ടുമായി മലയാളി അറസ്റ്റിൽ
ന്യൂഡൽഹി:ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്സ്പോർട്ടുമായി മലയാളി അറസ്റ്റിൽ.കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസ് പിടിയിലായത്.തുർക്കിയിൽ നിന്നാണ് ഇയാൾ വ്യാജപാസ്സ്പോർട്ടുമായി ഡൽഹിയിലെത്തിയത്.
ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ദിലീപിനെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.
പയ്യന്നൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം
പയ്യന്നൂർ:പയ്യന്നൂർ,രാമന്തളി പ്രദേശങ്ങളിൽ ബി.ജെ.പി-സി.പി.എം സംഘർഷം.ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ രാമന്തളി കക്കംപാറയിലാണ് ബോംബേറുണ്ടായത്.ബൈക്കിൽ വരികയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.സി.വി ധനരാജിന്റെ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും ചൊവ്വാഴ്ച നടന്നിരുന്നു.ഈ പരിപാടിക്ക് വരികയായിരുന്ന പ്രവർത്തകർക്ക് നേരെ കക്കംപാറയിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നുവെന്നു സി.പി.എം പ്രവർത്തകർ പറഞ്ഞു.നാലു സ്റ്റീൽ ബോംബുകൾ എറിഞ്ഞതായാണ് പോലീസ് പറഞ്ഞത്.ഇതേ തുടർന്നാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.മുകുന്ദ ആശുപത്രിക്കു സമീപത്തുള്ള ആർ.എസ്.എസ് കാര്യാലയവും അടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസും തകർത്തു.ആർ.എസ്.എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ ശേഷം തീയിടുകയായിരുന്നു.ഓഫീസിന്റെ ഉൾവശം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.മുറ്റത്തുണ്ടായിരുന്ന ബൈക്കും കത്തിച്ചു.തൊട്ടടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസിൽ പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന്റെ വാതിലുകളും ജനലുകളും തകർത്തു.ആർ.എസ്.എസ് കാര്യവാഹക് കാരയിലെ രാജേഷിന്റെ വീടിനു നേരെയും ആക്രമണം നടന്നു.രാജേഷിന്റെ വാഹനങ്ങൾക്കും തീയിട്ടു.ഒരു ട്രാവലർ പൂർണ്ണമായും കത്തി നശിച്ചു.ഏച്ചിലാംവയലിലും ഒരു വീടിനു തീയിട്ടു.ഇവിടെ തീയണക്കാനായി എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും പറയുന്നു.എട്ടിക്കുളത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി ജനാർദ്ദനന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.സി.പി.എം പ്രവർത്തകൻ പ്രസാദ്,കോറോം നോർത്തിലെ ബി.ജെ.പി പ്രവർത്തകൻ പനക്കൽ ബാലകൃഷ്ണൻ എന്നിവരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി.കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മേഖലകളിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
പൾസർ സുനി ബ്ലാക്‌മെയ്ൽ ചെയ്തെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പോലീസ്
കൊച്ചി:പൾസർ സുനി ബ്ലാക്‌മെയ്ൽ ചെയ്തെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പോലീസ്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്ൽ ചെതെന്നായിരുന്നു ദിലീപിന്റെ പരാതി.എന്നാൽ എപ്പോൾ എവിടെ വെച്ച് എന്ന പോലീസിന്റെ ചോദ്യത്തിന് ദിലീപിന് കൃത്യമായ മറുപടി നല്കാൻ സാധിച്ചില്ല.സുനി ജയിലിൽ നിന്നും വിളിച്ച് ഇരുപതു ദിവസത്തിന് ശേഷമാണ് ദിലീപ് പോലീസിൽ പരാതി നൽകിയത്.ഇത്രയും ദിവസം ദിലീപ് സുനിയുമായി ഒത്തുതീർപ്പിനു ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.പണം ആവശ്യപ്പെട്ടു സുനി ദിലീപിന്റെ മാനേജരെ വിളിക്കുമ്പോൾ ദിലീപ് ഒപ്പം ഉണ്ടായിരുന്നു.അന്വേഷണം തന്നിലേക്ക് നീളുന്നുവെന്നു മുൻകൂട്ടി മനസിലാക്കിയ ദിലീപ് പ്രതിരോധമെന്ന നിലയ്ക്ക് സുനിക്കെതിരായി പരാതി നൽകുകയായിരുന്നു.
പുതിയ പരിശീലകൻ;തീരുമാനമായിട്ടില്ലെന്നു ബി.സി.സി.ഐ
ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ.നേരത്തെ രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതായി വാർത്ത വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്ത് വന്നത്.പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ല.ഇത് സംബന്ധിച്ച് നിലവിൽ വരുന്ന വാർത്തകളെല്ലാം തെറ്റാണെന്നു ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതി ഇതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം
കണ്ണൂർ:കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം.ബി.ജെ.പി ഓഫീസായ മാരാർജി ഭവന് നേർക്കാണ് ഒരു സംഘം ആൾക്കാർ ആക്രമണം നടത്തിയത്.അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
അക്കൗണ്ടിൽ പണമില്ലെങ്കിൽ പിഴ;എസ്ബിഐ ഇടപാടുകാർക്ക് കനത്ത തിരിച്ചടി
മുംബൈ:സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്‌ബിഐ വിശദമായ കണക്കുകൾ പ്രസിദ്ധീകരിച്ചു.ഓരോ അക്കൗണ്ടുകളിലും നിലനിർത്തേണ്ട മിനിമം ബാലൻസ് സംബന്ധിച്ച് നേരത്തെ റിസേർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.50 രൂപ മുതൽ 100 രൂപ വരെയാണ് പിഴ ഈടാക്കുക.ഇതിനൊപ്പം നികുതിയും ചേരുമ്പോൾ തുക കൂടും.മെട്രോ.നഗര,അർദ്ധനഗര,ഗ്രാമ മേഖലകളിൽ പിഴ സംഖ്യകളിൽ മാറ്റം വരും.മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് ബാലൻസ് വെക്കേണ്ടത്.നഗരങ്ങളിൽ 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ബാലൻസ് വേണം.ഗ്രാമങ്ങളിൽ ഇത് 1000 രൂപയാണ്.ബാലൻസ് തുകയിൽ വരുന്ന കുറവിനനുസരിച്ച് പിഴസംഖ്യയിലും മാറ്റം വരും.പിഴ സംബന്ധിച്ച വ്യക്തമായ പട്ടിക എസ്.ബി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെട്രോ നഗരങ്ങളിൽ എ.ടി.എം ൽ നിന്നും സൗജന്യമായി എട്ടു തവണ പണം പിൻവലിക്കാം.നഗരങ്ങളിൽ ഇത് പത്തു തവണയും.ഈ പരിധി ലംഘിച്ചാൽ ഓരോ ഇടപാടുകൾക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.
ദിലീപിന് പിന്തുണയുമായി പി.സി ജോർജ്
കോട്ടയം:നടൻ ദിലീപിന് പിന്തുണയുമായി പി.സി ജോർജ് രംഗത്ത്.ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിനു ക്ഷമ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞശേഷം സെൻകുമാർ പറഞ്ഞതാണ്.ഒന്നര ദിവസം കഴിഞ്ഞപ്പോൾ ദിലീപ് അറസ്റ്റിലായി.സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചയത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാർ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി ജോർജ് ആരോപിച്ചു.
പനി ബാധിച്ച് ഡോക്ടറെ കാണാൻ പോയ യുവതി തളർന്നു വീണു മരിച്ചു
തലശ്ശേരി:പനി ബാധിച്ച് ഡോക്ടറെ കാണാൻ അമ്മയോടൊപ്പം പുറപ്പെട്ട യുവതി ഓട്ടോറിക്ഷയിൽ തളർന്നു വീണു മരിച്ചു.അണ്ടലൂർ തട്ടാരിമുക്ക് വാത്സല്യത്തിൽ പരേതനായ വേലാണ്ടി വാസവന്റെയും താറ്റ്യോട്ട് വൽസലയുടെയും മകൾ ടി.നിഷ(40) ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ രാവിലെ ഡോക്ടറെ കാണാനായി പുറപ്പെട്ടതായിരുന്നു. കൊടുവള്ളിയിൽ എത്തുമ്പോഴേക്കും അമ്മയുടെ മടിയിൽ തളർന്നു വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിജേഷ് സഹോദരനാണ്. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് കുണ്ടുചിറ ശ്മശാനത്തിൽ.