മൂന്നാർ:തൊടുപുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ ശേഷവും മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയ സർവ്വേ സൂപ്രണ്ട് ഉൾപ്പെടെയുള്ള നാലുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാലുപേരെയും സ്ഥലം മാറ്റിയിരിക്കുന്നത്. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ ദിവസം തന്നെ ദേവികുളം സബ് കളക്ടറുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ നീക്കം ആരംഭിച്ചു.സബ്‌കളക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസിലുള്ളത്.ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യൂ വകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണ് സൂചന.
എ.ബി.വി.പി മാർച്ചിൽ സംഘർഷം;ജില്ലയിൽ ഇന്ന് പഠിപ്പുമുടക്ക്
കണ്ണൂർ:ജില്ലയിൽ ഇന്നലെ എ.ബി.വി.പി പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.സ്വാശ്രയ കോളേജുകളെ സംരക്ഷിക്കാൻ സർക്കാർ ഒത്തു കളിക്കുന്നു എന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.കളക്ടറേറ്റ് വളപ്പിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മാറ്റാൻ സമരക്കാർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മാർച്ച് നടത്തിയത്.ചില പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി കൊടി നാട്ടി.മറ്റു ചിലർ ബാരിക്കേഡ് കെട്ടിനിർത്തിയ കയർ ചെറു കത്തിയുപയോഗിച്ചു മുറിച്ചു മാറ്റാൻ തുടങ്ങിയപ്പോഴാണ് പോലീസ് ലാത്തിവീശിയത്.ഇതോടെ പ്രവർത്തകർ ചിതറിയോടാൻ തുടങ്ങി.12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും പഠിപ്പു മുടക്കു നടത്താൻ എ.ബി.വി.പി ജില്ലാ കമ്മിറ്റി ആഹ്വാനം നൽകി.
ദിലീപിനെ ഇന്ന് തെളിവെടുപ്പിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് തൃശ്ശൂരിലെത്തിച്ചു തെളിവെടുക്കും.ഇന്നലെ തൊടുപുഴയിലെ കോളേജിലും കൊച്ചിയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുത്തിരുന്നു.ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ ആയിരുന്ന തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.ഇവിടെ വെച്ച് പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം.തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്,ജോയ്‌സ് പാലസ്,ഗരുഡ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്.നാളെ രാവിലെ 11 മണിക്ക് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്.ഇതിനു മുൻപായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയ പല സ്ഥലങ്ങളിലും ദിലീപിനെതിരെ ശക്തമായ ജനരോഷമാണ് ഉണ്ടായത്.
ഇറച്ചിക്കോഴി വിപണിയില്‍ ശക്തമായി ഇടപെടുമെന്ന് സർക്കാർ
തിരുവനന്തപുരം:ഇറച്ചി കോഴി വിപണയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു കോടി കോഴികുഞ്ഞുങ്ങളെ വളര്‍ത്തി കുറഞ്ഞവിലക്ക് വില്‍പന നടത്താന്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങും. കെപ്‌കോ, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ എന്നിവ വഴിയായിരിക്കും പ്രവര്‍ത്തനം. കോഴി വിപണിയിലെ തമിഴ്‌നാട് ലോബിയെ മറികടക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളാണ്. ഇറച്ചികോഴിക്കുള്ള കുഞ്ഞുങ്ങളെ നല്‍കുന്നത് അവരാണ്. കോഴികുഞ്ഞിന് അവര്‍ നിശ്ചയിക്കുന്ന വില കേരളത്തിന്റെ ഇറച്ചിക്കോഴി വിപണിയുടെ അടിസ്ഥാനമാകുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നടപടി.കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും സബ്‌സിഡി നല്‍കി വില്‍ക്കാനാണ് ആലോചിക്കുന്നത്. കെപ്‌കോ, മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ എന്നിവയുടെ ഔട്ട്‌ലെറ്റ് വഴിയും വില്‍പന വര്‍ധിപ്പിക്കും.പദ്ധതി ഒരു മാസത്തിനകം ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്;കാവ്യാമാധവന്റെയും അമ്മയുടെയും മൊഴിയെടുക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനില്‍ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള തമ്മിലുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചതും ഈ റെയ്ഡിനിടെയാണ്.അതേ സമയം നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി പരാമർശിച്ചിരുന്ന “മാഡം’ സുനിയുടെ ഭാവനാസൃഷ്ടിയെന്നു പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാൻ പൾസർ സുനി മനപൂർവം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷൻ നൽകിയതെന്നും പോലീസ് അറിയിച്ചു.
കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ
തൃശൂർ:കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ.ദിലീപും മണിയും തമ്മിൽ ഭൂമി ഇടപാടുകൾ ഉണ്ടെന്നും മണിയുടെ സഹോദരൻ പറഞ്ഞു.ഇതേകുറിച്ച് സി.ബി.ഐ ക്കു വിവരം നൽകിയതായും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ അറിയിച്ചു.സി.ബി.ഐ ഇതിനു കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാമകൃഷ്‌ണൻ മാധ്യമങ്ങളോടെ പറഞ്ഞു.മുൻപ് മണിയുടെകേസന്വേഷിച്ച കേരള പോലീസിനോട് ഈ വിവരം പറഞ്ഞിരുന്നെങ്കിലും ഭൂമിയിടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുൻപോട്ടു പോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.ഇടുക്കിയിലെ രാജാക്കാട്.മൂന്നാർ എന്നിവിടങ്ങളിലും മണിയും ദിലീപും ഭൂമിയിടപാടുകൾ നടത്തിയിരുന്നു എന്നും മണിയുടെ സഹോദരൻ പറയുന്നു.മണി മരിച്ചതിനു ശേഷം ഒരുതവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നത്.മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ സഹായിച്ചില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.
സൗദിയിൽ വൻ തീപിടുത്തം;11 പേർ മരിച്ചു
റിയാദ്:സൗദിയിലെ നജ്റാനിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിൽ രണ്ടു പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ നാല് മണിയോടെയായായിരുന്നു സംഭവം.തീപിടുത്തം ഉണ്ടായ കാരണം വ്യക്തമല്ല.മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്.അൽ ഖമർ നിർമാണ കമ്പനി ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങൾ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ.
ജനരോഷത്തെ തുടർന്ന് തൊടുപുഴയിൽ തെളിവെടുപ്പ് നടന്നില്ല
തൊടുപുഴ:ശക്തമായ ജനരോഷത്തെത്തുടർന്ന് നടൻ ദിലീപിന്റെ തൊടുപുഴയിലെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല.ജനങ്ങൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ദിലീപിനെ വാഹനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാതെ പൊലീസിന് പിൻവാങ്ങേണ്ടി വന്നു.തൊടുപുഴ ശാന്തിഗിരി കോളേജിലെ തെളിവെടുപ്പാണ് ജനരോഷം കാരണം മുടങ്ങിയത്.ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ ആയിരുന്നു ഇത്.ഇവിടെ ഷൂട്ടിങ്ങിനിടെ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ദിലീപ് രൂപീകരിച്ച സംഘടനയെ ആന്റണി പെരുമ്പാവൂർ നയിക്കും
കൊച്ചി:ദിലീപ് രൂപീകരിച്ച തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ന്റെ പ്രെസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.നേരത്തെ ദിലീപായിരുന്നു സംഘടനയുടെ പ്രസിഡന്റ്.എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുകയായിരുന്നു.നേരത്തെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന പിളർത്തിയാണ് ദിലീപ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.സിനിമ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദിലീപിന്റെ നീക്കം.
ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു
കാസർകോഡ്:ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു.കാസർകോഡ് ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.ആദൂർ സ്വദേശി അബ്ദുൽ റസാക്കിനാണ്(12) ഈ ദുരവസ്ഥ ഉണ്ടായത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്ധി വേദനയെ തുടർന്ന് അബ്ദുൽ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്നു വീട്ടുകാരെ അറിയിച്ചു.ഇതേതുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു.അപ്പോഴാണ് കൈക്കും കാലിനും പൊട്ടലുണ്ടെന്നു തെളിഞ്ഞത്.നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റർ ഇട്ടത്.അശ്രദ്ധമായ ഫിസിയോതെറാപ്പിയാണ് കുട്ടിയുടെ കൈയും കാലും ഒടിയാൻ കാരണമെന്നു രക്ഷിതാക്കൾ ആരോപിക്കുന്നു.എന്നാൽ ചികിത്സയ്‌ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ആസ്തി ഒടിഞ്ഞിരിക്കാം എന്നും ആശുപത്രി അധികൃതർ പറയുന്നു.എൻഡോസൾഫാൻ ബാധിതരുടെ അസ്ഥിക്ക് ബലക്ഷയം ഉണ്ടാകാമെന്നും അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഫിസിയോതെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.