കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ സാക്ഷിയാകുമെന്നു റിപ്പോർട്ട്.കേസുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജുവിന്റെ പേര് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുക.മഞ്‍ജുവില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദിലീപിനെ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തതിന് മുന്നോടിയായി കൊച്ചിയില്‍ വച്ച് ബി സന്ധ്യയാണ് മഞ്‍ജുവിന്‍റെ മൊഴിയെടുത്തതെന്നാണ് അറിയുന്നത്.കുടുംബബന്ധം തകരാറിലായതിന് പിന്നിലെ കാരണവും കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധവും ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്‍ജു വിശദമാക്കിയതായാണ് സൂചന.അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി പ്രതികരിച്ചു. അങ്കമാലി കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു സുനിയുടെ നിര്‍ണായക പ്രതികരണം.
തിരുവനന്തപുരം എം.ജി കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം
തിരുവനന്തപുരം:തിരുവനന്തപുരം എം.ജി കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം.യുണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.എ.ബി.വി.പി കോട്ടയായ എം.ജി കോളേജിൽ യുണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.എ.ബി.വി.പി പ്രവർത്തകരാണ് ആദ്യം കല്ലെറിഞ്ഞത്.ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറും കുപ്പിയേറുമുണ്ടായി.പിന്നീട് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.സംഘർഷത്തിൽ ജില്ലാ സെക്രട്ടറി പ്രജിൻ ഷാജി അടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.ഗ്രനേഡ് പ്രയോഗിച്ചിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കോളേജിന് മുൻപിൽ നിന്നും പിരിഞ്ഞുപോകാതെ ഗേറ്റിനു മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.കോളേജിനകത്ത് എ.ബി.വി.പി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഘർഷം രൂക്ഷമായതോടെ ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ നിന്നും പോലീസ് ഇവിടേക്കെത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ്;കഥ പകുതിയേ ആയിട്ടുള്ളു എന്ന് പൾസർ സുനി
കൊച്ചി കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും നാടകീയ രംഗങ്ങൾ ഉണ്ടാകുമെന്നു പൾസർ സുനി.കേസുമായി ബന്ധപ്പെട്ടു കഥ പകുതിയേ ആയിട്ടുള്ളൂ എന്നും സുനി.റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴാണ് സുനിയുടെ പ്രതികരണം.മാധ്യമപ്രവർത്തകരോട് സുനി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും പോലീസ് വിലക്കി.ഇതിനിടെയാണ് കഥ പകുതിയേ ആയിട്ടുള്ളൂ എന്ന് സുനി പറഞ്ഞത്.അഡ്വക്കേറ്റ് ബി.എ ആളൂരാണ് സുനിക്ക് വേണ്ടി ഹാജരായത്.കേസിൽ ഇനിയും പ്രതികളുണ്ടാകുമെന്നു ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.സുനിക്ക് കോടതിയോട് മാത്രമായി ചില കാര്യങ്ങൾ പറയാനുണ്ടെന്നും അതിനാൽ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആളൂർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2011ൽ നടിയെ തട്ടിക്കൊണ്ടുപോയതിന് പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്
കൊച്ചി:പള്‍സര്‍ സുനിക്കെതിരെ നടിയെ തട്ടിക്കൊണ്ടുപോയതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2011ൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പരാതി. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്‌തു. 2011ൽ ഓർക്കൂട് ഒരു ഓർമ്മക്കൂട് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകും വഴിയാണ് പൾസർ സുനി നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എറണാകുളം റെയിൽവേ സ്റ്റഷനിൽ എത്തിയ നടിയെ കുമ്പളം റമദ റിസോർട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.കാർ വഴിമാറി പോകുന്നത് കണ്ട നടി ഭർത്താവിനെയും സംവിധായകനെയും വിവരം അറിയിച്ചു.തുടർന്ന് ഇവരെത്തി നടിയെ കൂട്ടിക്കൊണ്ടു പോയി. സംഭവം അന്നുതന്നെ ഒത്തുതീർപ്പാക്കിയിരുന്നു. അതിനാൽ രേഖമൂലം പരാതി നൽകിയില്ല. ഇന്നലെ വൈകുന്നേരമാണ് നിർമാതാവ് ജോണി സാഗരികയെ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തൽ പൾസർ സുനിക്കെതിരെ കേസ് ശക്തമാക്കാനാണ് പോലീസ് ശ്രമം.
പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷയിൽ 20 നു വാദം കേൾക്കും.പോലീസ് കസ്റ്റഡിയിൽ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമ സാധുതയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.അതിനാൽ രഹസ്യമൊഴി നൽകാനാണ് പ്രതിയുടെ തീരുമാനം.സുനിയുമായി സംസാരിച്ച ശേഷം അടുത്ത ദിവസങ്ങളിൽ അതിനുള്ള അപേക്ഷ നൽകുമെന്നും സുനിയുടെ അഭിഭാഷകൻ അഡ്വ.ബി.എ ആളൂർ പറഞ്ഞു.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് ഏർപ്പെടുത്തും
മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ 35 ബൂത്തുകളാണ് ഉള്ളത്.27 ബൂത്തുകൾ പ്രശ്ന സാധ്യതയുള്ളതായാണ് റിപ്പോർട്ട്.കൂടാതെ കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം നടത്താൻ ഡെപ്യൂട്ടി കളക്ടർ(തിരഞ്ഞെടുപ്പ്)സി.എം ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.ചുറ്റുമതിലില്ലാത്ത പോളിംഗ് ബൂത്തുകളിൽ ബാരിക്കേടൊരുക്കാനും നഗരസഭാ അധികൃതർക്ക് നിർദേശം നൽകി.സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കർശനമായി നിരീക്ഷിക്കാൻ യോഗത്തിൽ തീരുമാനമായി.
ബ്രൗൺഷുഗറുമായി പിടിയിൽ
കണ്ണൂർ:കക്കാട് പുല്ലൂപ്പി ഭാഗത്തു നിന്നും അഞ്ചുപൊതി ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ.കണ്ണൂർ സിറ്റിയിലെ മുസ്തഫീർ ആണ് പിടിയിലായത്.കണ്ണൂർ സിറ്റി ഭാഗങ്ങളിലെ പ്രധാനപ്പെട്ട കച്ചവടക്കാരനാണ് പിടിയിലായ മുസ്തഫീർ എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി അവസരം നൽകാനാവില്ല എന്ന് കേന്ദ്രം
ന്യൂഡൽഹി:അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഇനി ഒരു അവസരം കൂടി നൽകിയാൽ അത് നോട്ട് പിൻവലിക്കലിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ തകർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു അവസരം കൂടി നല്കിക്കൂടെയെന്നു ഇത് സംബന്ധിച്ച കേസുകൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.മാർച്ച് 31 നകം അസാധു നോട്ടുകൾ മാറ്റാൻ കഴിയാത്തവർക്ക് ഇനിയും സമയം നൽകണമെന്ന് കേന്ദ്രസർക്കാരിനോടും റിസേർവ് ബാങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോൾ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
ബാലഭവൻ പീഡനം;ഒളിവിൽ പോയ വൈദികൻ പിടിയിൽ
വയനാട്:മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദികൻ അറസ്റ്റിൽ.കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത്.ഇയാളെ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്.പല സ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്ന ഇയാൾ മംഗലാപുരത്തു ഒരു ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു കഴിയുകയായിരുന്നു.ഇയാളുടെ പേരിൽ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.സ്കൂൾ അവധിക്കാലത്തു വൈദികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആൺകുട്ടികൾ മൊഴിനൽകിയത്.കഴിഞ്ഞ അധ്യയനവര്ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് ബൈപാസിൽ യുവാവിന്റെ മൃതദേഹം
കോഴിക്കോട്:കോഴിക്കോട് ബൈപാസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.രാത്രി ബൈപാസിലൂടെ പോയ ഏതെങ്കിലും വാഹനം ഇടിച്ചായിരിക്കാം മരണം എന്നാണ് പോലീസിന്റെ നിഗമനം.ബൈപാസിൽ ഹൈലൈറ് മാളിനടുത്താണ് സമീപവാസിയായ സുധീഷ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നില്ല.സുധീഷിന്റെ അമ്മ രാവിലെ പണിക്കു പോകുമ്പോഴാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിനടുത്തു നിന്നും ഇടിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്.നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.