തളിപ്പറമ്പിൽ കൂറ്റൻ പരസ്യ ബോർഡ് ശക്തമായ കാറ്റിൽ വൈദ്യതി ലൈനിനു മുകളിലേക്ക് തകർന്നു വീണു

keralanews huge advertising board fell into electric line

തളിപ്പറമ്പ:തളിപ്പറമ്പ് ദേശീയപാതയിൽ കെട്ടിടത്തിന് മുകളിൽ നിന്നും കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ തകർന്നു വീണു.നടപ്പാതയിലേക്കു വീണ ബോർഡ് വൈദ്യുതി കമ്പിയിൽ തങ്ങി നിൽക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.ദേശീയ  പാതയോരത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ കൂറ്റൻ ബോർഡാണ് ശക്തമായ കാറ്റിൽ തകർന്നു വീണത്.തളിപ്പറമ്പ് നഗരത്തിലെ തിരക്കേറിയ ഭാഗമാണിത്.സദാസമയവും നിരവധി ആളുകൾ നടന്നു പോകുന്ന ഈ ഭാഗത്ത് നിരവധി വാഹനങ്ങളും പാർക്ക് ചെയ്യാറുണ്ട്.അതിശക്തമായ കാറ്റിൽ ബോർഡ് ബിൽഡിങ്ങിനു മുകളിൽ ഉറപ്പിച്ചു കോൺക്രീറ്റ് ചെയ്ത ഭാഗം ഇളകിയാണ് ചെരിഞ്ഞ്‌ വീണത്.ഇലെക്ട്രിസിറ്റി ഹൈടെൻഷൻ ലൈനിനു മുകളിൽ തങ്ങി നിന്ന ബോർഡ് അഗ്നിശമന സേനയെത്തിയാണ് മുറിച്ചു മാറ്റിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews dileeps bail application will be considered today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാറാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപിന് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.പൾസർ സുനിയുടെ മുൻ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകും.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്;ഫലം ഇന്നറിയാം

keralanews presidential election results will be announced today

ന്യൂഡൽഹി:രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ അറിയാം.എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മീര കുമാറും തമ്മിലാണ് മത്സരം.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക.തുടർന്ന് സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലീഷ് അക്ഷരക്രമത്തിൽ എണ്ണും.776 എം.പി മാരും 4120 എം.എൽ.എ മാരുമാണ് ഇത്തവണ വോട്ടു ചെയ്തത്.ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ.വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും.വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിജയിക്ക് വരണാധികാരി അനൂപ് മിശ്ര സാക്ഷ്യപത്രം നൽകും.

ബാണാസുരസാഗർ ഡാമിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

keralanews body of a missing person found at banasurasagar dam

വയനാട്:ബാണാസുരസാഗർ ഡാമിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.കോഴിക്കോട് തുഷാരഗിരി സ്വദേശി സച്ചിൻ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഡാമിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്  ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിപെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.ഒരാളെ കൂടി കാണാതായിട്ടുണ്ട്.ഇന്ന് നല്ല കാലാവസ്ഥയായതിനാൽ തിരച്ചിൽ നടത്തുന്നതിന് സഹായകരമാകുന്നെന്നാണ് കരുതുന്നത്.അപകടം നടന്ന സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദിലീപിന് ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ

keralanews dileeps brother visited judjiyammavan temple

കോട്ടയം:നടൻ ദിലീപിന്റെ സഹോദരൻ അനൂപ് കോട്ടയം പൊന്കുന്നതിനു സമീപം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി.ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അനൂപ് ജഡ്ജിയമ്മാവന്റെ മുന്നിലെത്തി വഴിപാടുകൾ നടത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ക്ഷേത്രത്തിലെത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാട് കഴിച്ചു.വ്യവഹാരങ്ങളിൽ തീർപ്പാകാതെ ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു സാക്ഷിയാകില്ല

keralanews manju will not be a witness against dileep

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു സാക്ഷിയാകുമെന്ന വാർത്ത തെറ്റാണെന്നു ആലുവ റൂറൽ എസ്.പി എ.വി ജോർജ്.മഞ്ജു വാര്യർ ഉൾപ്പെടെ ഒരു നടിയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ദിലീപിന് ജാമ്യം നിഷേധിക്കാൻ മാത്രം ശക്തമാണ് തെളിവുകളെന്നും എസ്.പി പറഞ്ഞു.തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴ,വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

keralanews holiday for schools in wayanad district

കൽപ്പറ്റ:വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസുകാര്‍ക്കെതിരെ നടപടി

keralanews action against the police

തൃശൂർ:തൃശൂര്‍ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. പാവറട്ടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.ജില്ലാ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല.തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്ന ആരോപണത്തിലാണ് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ശ്രീജിത്, സാജന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഗുരുവായൂര്‍ എസിപി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ മുഴക്കുന്ന് നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

keralanews centuries old artefacts were found

കാക്കയങ്ങാട്:മുഴക്കുന്നു നെയ്യാലത്തു നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി.മഴക്കുഴി എടുക്കുന്നതിനിടെയാണ് പുരാവസ്തുക്കൾ ലഭിച്ചത്.സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പു തൊഴിലാളികൾ മഴക്കുഴി നിർമിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പുരാവസ്തുക്കൾ കിട്ടിയത്.വട്ടളം,കുടം,കിണ്ടി,നിലവിളക്ക്,തൂക്കു വിളക്ക്,കിണ്ണം,പൂജാപാത്രങ്ങൾ എന്നിവയാണ് ലഭിച്ചത്.മുഴക്കുന്നു സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഡിഷണൽ എസ്‌.ഐ കെ.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുരാവസ്തുക്കൾ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

നഴ്‌സുമാരുടെ സമരം;ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ച പരാജയം

keralanews nurses strike talk with hospital managements failed

കൊച്ചി:നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയപ്പെട്ടു.അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്ന ആവശ്യം ഇന്ന് നടന്ന ചർച്ചയിലും നഴ്‌സുമാർ ഉയർത്തി.എന്നാൽ ഇത് അംഗീകരിക്കാൻ ആശുപത്രി മാനേജ്മെന്റുകൾ തയ്യാറായില്ല.ഇതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.മാനേജ്മെന്റുകളുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ നഴ്‌സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.മൂന്നിലൊന്നു നഴ്‌സുമാർ മാത്രമേ നാളെ ജോലിയിൽ പ്രവേശിക്കുകയുള്ളൂ.അത്യാഹിത വിഭാഗങ്ങളും മറ്റു അവശ്യ സേവനങ്ങളും തടയില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തുന്നുണ്ട്.