തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദത്തിൽ എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നൽകും.രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ തന്റെ പേര് ഉൾപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്നു അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു.വിഷയത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ ആവശ്യം.നാളെ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിലും ഈ കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എം.ടി രമേശ് ആവശ്യപ്പെടും. അതേസമയം കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മറ്റു ചില നേതാക്കളെയും ഡൽഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച സംഭവത്തിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും.എം.എൽ.എ മാരായ അൻവർ സാദത്ത്,മുകേഷ് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് രേഖപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട ദിവസം നടിയെ നേരിൽ സന്ദർശിക്കുകയും തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു.ഇത് പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്.
ബാണാസുരസാഗർ ഡാമിൽ അപകടത്തിൽപെട്ട നാലാമത്തെയാളിന്റെ മൃതദേഹവും കണ്ടെത്തി
വയനാട്:ബാണാസുരസാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞു കാണാതായവരിൽ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.വട്ടച്ചൊട് ബിനു(42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇയാൾക്കൊപ്പം അപകടത്തിൽ പെട്ട മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ നേരത്തെ നാവികസേനയുടെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.ഞായറാഴ്ച രാത്രിയാണ് ബാണാസുര ഡാമിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞു നാലുപേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ 30 വരെ നടത്താൻ ക്യൂ.ഐ.പി മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.എൽ.പി,യു.പി ക്ലാസ്സുകളിലെ പരീക്ഷ 29 നും ഹൈസ്കൂളിലേത് 30 നും അവസാനിക്കും.എസ്.സി.ഇ.ആർ.ടി യാണ് പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് മുൻപ് അദ്ധ്യാപകർക്ക് ചോദ്യങ്ങൾ ഓൺലൈനായി അയച്ചു നൽകാൻ അവസരമുണ്ട്.ഈ ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾ ചേർത്തായിരിക്കും പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകും.ഓഗസ്റ്റ് അഞ്ചിനാണ് പരിശീലനം.
ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു
തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.തകർന്നു വീണ ചിമ്മിനിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു ഇവർ.കൂടുതൽ പേർ തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെ 8.30 ഓടെ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളി പ്ലാന്റിലാണ് അപകടമുണ്ടായത്.ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.രാവിലെയായതിനാൽ പ്ലാന്റിൽ ജീവനക്കാർ കുറവായിരുന്നു.അതിനാൽ കൂടുതൽപേർ അപകടത്തിൽപെടാൻ സാധ്യതയില്ലെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയുണ്ടായിരുന്നു.ഇതാകാം ചിമ്മിനിക്ക് തകരാർ സംഭവിക്കാൻ കാരണമെന്നാണ് സൂചന.സംഭവമറിഞ്ഞ ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വേളിയിലെത്തിയിട്ടുണ്ട്.
പഴയങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നൂറോളം പേർക്ക് പരിക്ക്
മെഡിക്കല്‍ കോഴ; ആരോപണങ്ങള്‍ ഊഹാപോഹം മാത്രമാണെന്ന് കുമ്മനം
കോഴവിവാദം,ആർ.എസ് വിനോദിനെ ബിജെപി യിൽ നിന്നും പുറത്താക്കി
തിരുവനന്തപുരം:അഴിമതി ആരോപണങ്ങളെ തുടർന്ന് സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ് വിനോദിനെ ബിജെപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.വിനോദ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നു ബിജെപി നേതൃത്വം അറിയിച്ചു.ആരോപണം കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.അഴിമതിയുടെ ഭാഗമായി 5.60 കോടി രൂപ വിനോദ് കൈപ്പറ്റിയതായി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശ്ശങ്ങളുണ്ട്.
നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി;അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തി വന്ന സമരം ഒത്തുതീർപ്പായി.ശമ്പളക്കാര്യത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ ധാരണയായി.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.50 കിടക്കകൾ ഉള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 20000 രൂപ നൽകണം.50 നു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോർട് നൽകാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി.തൊഴിൽ-ആരോഗ്യം-നിയമ വകുപ്പുകളുടെ സെക്രെട്ടറിമാരാണ് സമിതി അംഗങ്ങൾ.സമിതി ഒരുമാസത്തിനകം റിപ്പോർട് സമർപ്പിക്കണം.നഴ്‌സുമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സമിതി പരിഗണിക്കും.
ഇരിട്ടി-മൈസൂർ പാതയിലെ പെരുമ്പാടി ലേക് വ്യൂ പാലം ഒലിച്ചുപോയി
കണ്ണൂർ: ഇരിട്ടി-മൈസൂർ പാതയിലെ പെരുമ്പാടി ലേക് വ്യൂ പോയിന്റിലെ പാലം മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.റോഡ് തകർന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.മാക്കൂട്ടം ചുരം റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. അതിനാൽ വീരാജ്പേട്ട വഴി പോകേണ്ട വാഹനങ്ങൾ മാനന്തവാടി വഴി തിരിച്ചുവിടുകയാണ്. കനത്തമഴയിൽ പെരുമ്പാടി തടാകത്തിലെ ജലനിരപ്പ് ഉയർന്നതാണ് റോഡ് തകരാൻ കാരണം.പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി.