തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

keralanews suspended the operation of aadhaar rectification counter

കണ്ണൂർ:തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു ജൂലൈ ഏഴിന് കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിൽ ആരംഭിച്ച കൗണ്ടറാണ് ഒരാഴ്ച തികയും മുൻപ് നിർത്തലാക്കിയത്‌.ആധാർ കാർഡിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്താനുപയോഗിക്കുന്ന യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റുകളുടെ പ്രവർത്തനം മന്ദീഭവിച്ചതാണ് സേവനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ കാരണം.വെബ്സൈറ്റ് പ്രവർത്തനം സാധാരണ നിലയിലെത്തുന്നതോടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.ഹെഡ് പോസ്റ്റ് ഓഫീസിലെ പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും കണ്ണൂർ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനായി 107 ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയായി.പദ്ധതി നടപ്പാക്കാനുള്ള യന്ത്രങ്ങൾ പോസ്റ്റ് ഓഫീസുകളിൽ എത്തുന്നതോടെ ഡിവിഷനിലെ രണ്ടു ഹെഡ് പോസ്റ്റോഫീസുകളിലടക്കം 68 പോസ്റ്റോഫീസുകളിലും ജൂലൈ അവസാനത്തോടെ സേവനം ആരംഭിക്കും.

അൺഎയ്ഡഡ് അദ്ധ്യാപകർ സമരത്തിലേക്കു നീങ്ങുന്നു

keralanews unaided school teachers move towards strike

കണ്ണൂർ:സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്.വിഷയം ചർച്ച ചെയ്യാൻ കേരളാ അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഓഗസ്റ്റിൽ യോഗം വിളിച്ചിട്ടുണ്ട്.സമരത്തിന്റെ തുടക്കമെന്ന നിലയിൽ ജില്ലാ തലത്തിൽ ധർണ്ണ സംഘടിപ്പിക്കും.സർക്കാരിന് ഒരു ബാധ്യതയുമില്ലാതെ ഇരുപതു ലക്ഷത്തിലധികം കുട്ടികളെ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകർ ഉണ്ടാക്കിക്കൊടുക്കുന്ന ലാഭം കോടികളാണ്.ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ അദ്ധ്യാപകർക്ക് കിട്ടുന്നത് മാസം 3500 മുതൽ 10000 വരെയാണ്. എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇത്രയും കുട്ടികൾ ഉണ്ടായിരുന്നതെങ്കിൽ സർക്കാർ എത്രത്തോളം ശമ്പളം നൽകേണ്ടി വരുമായിരുന്നു എന്ന് അസ്സോസിയേഷൻ ചോദിക്കുന്നു.മിക്ക സ്ഥലത്തും പി.എഫോ മാറ്റാനുകൂല്യങ്ങളോ ഇല്ല.ചെക്കിൽ കൂടിയ തുക എഴുതി കൊടുത്ത് അതിൽ പകുതിയിൽ താഴെ ശമ്പളം കൊടുക്കുന്നത് മിക്ക സ്ഥാപനങ്ങളിലും സാധാരണമാണ്.ശിക്ഷ കിട്ടാവുന്ന ഗുരുതരമായ തൊഴിൽ നിയമ ലംഘനമാണിതെങ്കിലും ആരും പരാതിപ്പെടാറില്ല.സ്പീക്കർ,മുഖ്യമന്ത്രി,തൊഴിൽമന്ത്രി എന്നിവർക്ക് അസോസിയേഷൻ പരാതി നൽകുന്നുണ്ട്.അടുത്ത നിയമ സഭയിൽ കരടുബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്വകാര്യ മാനേജ്‌മന്റ് സ്കൂളുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ.ഇതോടെ നിരവധി അദ്ധ്യാപകർക്ക് ജോലിയും നഷ്ടപ്പെടും.

ജനന സർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചു;മരണ സർട്ടിഫിക്കറ്റ് കിട്ടി

keralanews apply for birth certificate but received the death certificate

മുള്ളേരിയ:മുള്ളേരിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളോട് പേരിന്റെയും ജനനത്തീയതിയുടെയും കൃത്യത ഉറപ്പു വരുത്താൻ അദ്ധ്യാപകർ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.എന്നാൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിനി കൊണ്ടുവന്നാതാകട്ടെ സ്വന്തം മരണ സർട്ടിഫിക്കറ്റും.2002 സെപ്റ്റംബറിൽ ജനിച്ച കുട്ടിക്ക് 2003 ഫെബ്രുവരി ഏഴിനാണ് പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചത്.പത്തു രൂപയുടെ മുദ്രപത്രത്തിലാണ് സർട്ടിഫിക്കറ്റ്.തലക്കെട്ട് ‘ഡെത്ത് സർട്ടിഫിക്കറ്റ്’ എന്നും.ജനനത്തീയതി അടക്കം ബാക്കി വിവരങ്ങൾ എല്ലാം കൃത്യമായി ഉണ്ട്.ഓൺലൈനിൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും ജനന സർട്ടിഫിക്കറ്റ് നൽകിയതായാണ് തെളിയുന്നത്.ഈ മരണ സർട്ടിഫിക്കറ്റിന്റെ ജനന സർട്ടിഫിക്കറ്റ് ആക്കി മാറ്റാൻ പഞ്ചായത്ത് ഓഫീസ് കയറാൻ തയ്യാറെടുക്കുകയാണ് ഈ പത്താം ക്ലാസ്സുകാരി.

ബിജെപി വ്യാജ രസീതുപയോഗിച്ച് ധനസമാഹരണം നടത്തി

keralanews used fake receipt for fund collection

തിരുവനന്തപുരം:ബിജെപി യിലെ അഴിമതി കഥകൾ തീരുന്നില്ല.ദേശീയ കൗൺസിലിന് ധന സമാഹരണത്തിനായി വ്യാജ രസീത് അടിച്ചു.വ്യാജ രസീത് അടിച്ചത് വടകരയിലാണ്.ഇതിനു നിർദേശം നൽകിയത് സംസ്ഥാന കമ്മിറ്റി അംഗം എം.മോഹനനും.പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനായിരുന്നു ദേശീയ കൗൺസിലിന്റെ സാമ്പത്തികകാര്യ ചുമതലയെന്നും വിവരങ്ങളുണ്ട്.

ഉപരോധം പരിഹരിക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ

keralanews ready for any kind of discussion qatar ameen

ദോഹ:ഉപരോധം നീക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ തമിം ബിൻ ഹമദ് അൽ താനി.സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് ഖത്തർ അമീൻ അറിയിച്ചു.എന്നാൽ രാജ്യത്തിൻറെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണം നിർദേശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ അഞ്ചിന് സൗദി സഖ്യരാഷ്ട്രങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് അമീൻ പ്രതികരിക്കുന്നത്.മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഖത്തറിനെതിരായ പ്രചാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ ഇടപെട്ട കുവൈറ്റ്,അമേരിക്ക,തുർക്കി,ജർമ്മനി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured

കണ്ണൂർ:കണ്ണൂരിൽ വീണ്ടും ആർ.എസ്.എസ് ആക്രമണം.സി.പി.എം പ്രവർത്തകന് വെട്ടേറ്റു.പാനൂർ സ്വദേശി അരവിന്ദാക്ഷനാണ് വെട്ടേറ്റത്.ഓ.കെ വാസുമാസ്റ്ററുടെ കൂടെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണ് പാനൂർ വൈദ്യർ പീടികയിലെ തുണ്ടിയിൽ അരവിന്ദാക്ഷൻ.

കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

keralanews vigilance arrested assistant village officer

ആലുവ:കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.ചൂർണ്ണിക്കര വില്ലജ് ഓഫീസിലെ അസിസ്റ്റന്റ് വില്ലേജ്  ഓഫീസറായ അനിൽകുമാറാണ് പിടിയിലായത്. സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ടു അശോകപുരം സ്വദേശിയായ ജിജോ ഫ്രാൻസിസിൽ നിന്നുമാണ് അനിൽകുമാർ കൈക്കൂലി വാങ്ങിയത്.15,000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് ജിജോ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. അവർ പറഞ്ഞത് പ്രകാരം ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പണവുമായി എത്തുകയായിരുന്നു.വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ 6500 രൂപയാണ് ജിജോ നൽകിയത്.

കണ്ടുനിന്നവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; കാറിടിച്ച യുവാവ് രക്തം വാര്‍ന്ന് മരിച്ചു

keralanews young man died in car accident

ബെംഗളൂരു:ബംഗളൂരുവില്‍ കാറിടിച്ച് റോഡില്‍ വീണ യുവഎഞ്ചിനീയര്‍ രക്തംവാര്‍ന്ന് മരിച്ചു. അപകടം കണ്ടുനിന്ന ഒരാള്‍ പോലും റോഡില്‍ വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ തയ്യാറായില്ല. അവരില്‍ പലരും രക്തംവാര്‍ന്ന് കിടന്നയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.ബംഗളൂരുവിലെ ഇന്ദ്രായണി കോര്‍ണറിലാണ് സംഭവം നടന്നത്. 25കാരനായ സതീഷ് പ്രഭാകര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഏകദേശം അര മണിക്കൂര്‍ രക്തം വാര്‍ന്ന് യുവാവ് റോഡില്‍ കിടന്നു. ആ വഴി വന്ന കീര്‍ത്തിരാജ് എന്ന ദന്തഡോക്ടറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടം കണ്ടാണ് താന്‍ നോക്കിയതെന്നും അപ്പോള്‍ യുവാവ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആളുകള്‍ ആ ജീവന്‍ രക്ഷിക്കാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതുകണ്ട് ഞെട്ടിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍തന്നെ ഒരു ഓട്ടോ പിടിച്ച് താന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റെടുത്തു ആശുപത്രിയിലെത്താന്‍. ഓട്ടോറിക്ഷയില്‍ വെച്ച് ജീവനുണ്ടായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

keralanews high court will pronounce verdict on monday

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച്ച വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി പൂർത്തിയാക്കിയിരുന്നു.കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിയായതിനാൽ ദിലീപിന് ജാമ്യം നല്കരുതെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.എന്നാൽ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതര പരിക്ക്

keralanews critical injury to kseb sub engineer

കാസർകോഡ്: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതരമായി പൊള്ളലേറ്റു.മുള്ളേരിയ കെ.എസ്.ഇ.ബി സബ് എൻജിനീയർ ജിനേഷിനാണ് (30) ഗുരുതരമായി പൊള്ളലേറ്റത്‌.ജിനേഷിനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിനേഷിനൊപ്പമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരി പ്രസന്നയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.ബന്തടുക്കയിൽ വൈദ്യുതി ലൈൻ മരക്കൊമ്പിൽ ഉരസി തീപിടിച്ച വിവരം അറിഞ്ഞെത്തിയതായിരുന്നു ജിനേഷും പ്രസന്നയും. സ്ഥലത്തെത്തിയ ജിനേഷ് തീ കത്തുന്നത് കണ്ട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പറയുന്നതിനിടെ ലൈനുകളിൽ ഒന്ന് പൊട്ടി ജിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതോടെ പ്രസന്നയും സമീപത്തേക്കു തെറിച്ചു വീണു.ഷോക്കേറ്റ്‌ ശരീരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ജിനേഷിനെ വിവരമറിഞ്ഞെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്.ഇയാളുടെ നില അതീവ ഗുരുതരമാണ്.എറണാകുളം സ്വദേശിയായ ജിനേഷ് ഒരു വർഷമായി മുള്ളേരിയ കെ.എസ്.ഇ.ബി യിൽ ജോലി ചെയ്തു വരികയാണ്.