കോഴിക്കോട്:കോഴിക്കോട് ചാത്തമംഗലം മലയമ്മയില്‍ മീഥൈല്‍ ആല്‍ക്കഹോളില്‍ വെള്ളം ചേര്‍ത്ത് കഴിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചെക്കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മലയമ്മ സ്വദേശികളായ ബാലന്‍, സന്ദീപ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.മരിച്ച സന്ദീപ് ജോലി ചെയ്യുന്ന കോയാസ് ആശുപത്രിയില്‍ നിന്നുമാണ് മീഥൈല്‍ ആല്‍ക്കഹോള്‍ എത്തിച്ചത്. ആശുപത്രി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന സ്പിരിറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ആശുപത്രിക്കെതിരെ കേസ്സെടുത്തു. വ്യാജമദ്യ ദുരന്തമായി സംഭവത്തെ കാണേണ്ടതില്ലെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.
മാധ്യമ പ്രവർത്തകന് നേരെ പോലീസിന്റെ കയ്യേറ്റവും ഭീഷണിയും
കൊച്ചി:പള്ളിത്തർക്കം റിപ്പോർട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനെ പോലീസ് കയ്യേറ്റം ചെയ്തു.മാതൃഭൂമി ന്യൂസ് ലേഖകൻ റിബിൻ രാജുവിന് നേരെയാണ് കയ്യേറ്റമുണ്ടായത്.അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും സ്ഥലത്തു നിന്നും പോകാൻ ആവശ്യപ്പെടുകയും ചെയ്തു.പിറവത്തിനടുത്തുള്ള നെച്ചൂർ പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം റിപ്പോർട് ചെയ്യാൻ പള്ളിയിലെത്തിയതാണ് മാധ്യമ പ്രവർത്തകൻ.വാർത്ത ശേഖരിക്കുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് കയ്യേറ്റത്തിന് ശ്രമിച്ചത്.മൂവാറ്റുപുഴ സി.ഐ ജയകുമാറും എസ്.ഐ ലൈജുമോനും ചേർന്നാണ് കയ്യേറ്റം ചെയ്തത്.
പിടിച്ചുപറി കേസിൽ സീരിയൽ നടൻ അറസ്റ്റിൽ
കോഴിക്കോട്:പിടിച്ചുപറി കേസിൽ സീരിയൽ നടൻ അറസ്റ്റിൽ.യുവ സീരിയൽ നടൻ അതുൽ ശ്രീവയാണ് അറസ്റ്റിലായത്(എം80 മൂസ ഫെയിം).സഹപാഠിയെ തലയ്ക്കടിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.ഒരു സ്വകാര്യ ചാനലിലെ ഏറെ ജനപ്രീതിയാർന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു അതുൽ.അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ അതുൽ അഭിനയിച്ചിട്ടുണ്ട്.ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു.കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു അതുൽ ശ്രീവയെന്നു പോലീസ് പറയുന്നു.പേരാമ്പ്ര സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എം.വിൻസെന്റ് എം.എൽ.എ ക്കു സസ്പെൻഷൻ
തിരുവനന്തപുരം:പീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസെന്റ് എം.എൽ.എ ക്കു സസ്പെൻഷൻ.എം.എൽ എ ക്കെതിരെ കെ.പി.സി.സി. നടപടിയെടുത്തു.പാർട്ടി പദവികളിൽ നിന്നും എം.എൽ.എ യെ നീക്കി.കുറ്റവിമുക്തനാകും വരെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും എം.എൽ എ യെ മാറ്റി നിർത്തും.എം.എൽ.എ ക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നു എം.എം ഹസ്സൻ പറഞ്ഞു.വിന്സന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല.അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടില്ല.ഇത് വെറും ആരോപണം മാത്രമാണ്.അതുകൊണ്ടുതന്നെ കുറ്റവിമുക്തനാകുന്നത് വരെ ധാർമികതയുടെ അടിസ്ഥാനത്തിൽ വിന്സന്റിനെ മാറ്റി നിർത്താനാണ് പാർട്ടി തീരുമാനമെന്നും എം.എം ഹസ്സൻ പറഞ്ഞു.
നിർമാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്തി
കൊച്ചി:നിർമാതാവിന്റെ ഭാര്യയായ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെടുത്തു.ദേശീയപാതയിൽ പനങ്ങാടിന് സമീപം മാടവനയിൽ നിന്നാണ് വാൻ കണ്ടെടുത്തത്.ഈ വാൻ കോയമ്പത്തൂരിലേക്ക് കടത്തി എന്നായിരുന്നു പ്രതികൾ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്.കാക്കനാട്ടെ ട്രാവൽ ഏജൻസിയിൽ നിന്നും വാടകയ്‌ക്കെടുത്തതായിരുന്നു ഈ വാൻ.പിറ്റേന്ന് വാഹനംതിരികെ നൽകി.ട്രാവൽ ഏജൻസി പിന്നീട് ഈ വാഹനം മാടവന സ്വദേശിക്കു വിൽക്കുകയായിരുന്നുവെന്നു സി.ഐ അനന്തലാൽ പറഞ്ഞു.ആറ് വർഷം മുൻപ് നടന്ന ഈ സംഭവത്തിൽ സുനി ലക്ഷ്യമിട്ടതു മറ്റൊരു യുവനടിയെ ആയിരുന്നു.എന്നാൽ അന്ന് പദ്ധതി പാളിയപ്പോൾ പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മുതിർന്ന നടിയെ തട്ടികൊണ്ടുപോവുകയായിരുന്നു.അന്നത്തെ സംഭവത്തിൽ നിർമാതാവ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരാതി ഗൗരവത്തിൽ എടുത്ത് അന്വേഷണം നടത്താതെ പോയത് സുനിക്കും കൂട്ടർക്കും ഗുണകരമായി മാറുകയായിരുന്നു.
നടി മൈഥിലിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ
കൊച്ചി:വാട്സാപ്പിലൂടെ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചവർക്കെതിരെ നടി മൈഥിലി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ.പാലക്കാട് സ്വദേശിയായ കിരൺ എന്നയാളാണ് അറസ്റ്റിലായത്.എറണാകുളം നോർത്ത് പോലീസിനാണ് നടി പരാതി നൽകിയത്.ചിത്രങ്ങൾ ഉപയോഗിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെയാണ് ഒരു യുവാവിനൊപ്പം നടി നിൽക്കുന്നതിന്റെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിച്ചത്.
അറവുശാലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ
പരപ്പനങ്ങാടി:പരപ്പനങ്ങാടി അഞ്ചുപുരയിൽ അറവുശാലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ.പരപ്പനങ്ങാടി സ്വദേശി പഴകത്തു നിസാമുദീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കൂട്ടാംപൊയിൽ സ്വദേശിനി റഹീനയാണ് മരിച്ചത്.മാംസവ്യാപാരിയായ ഭർത്താവ് നിസാമുദീന്റെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലർച്ചെ അറവുശാലയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.പുലർച്ചെ രണ്ടു മണിയോടെ അറവുശാലയിൽ സഹായിക്കാനാണെന്ന് പറഞ്ഞു നിസാമുദീൻ ഭാര്യയെ ഇവർ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പിൽ റോഡിലെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോവുകയായിരുന്നു. നിസാമുദീനെയും കാണാതായിട്ടുണ്ട്. ഇയാൾക്ക് രണ്ടു ഭാര്യാമാരാണുള്ളത്.പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് കർക്കിടകവാവ്
തിരുവനന്തപുരം:പിതൃസ്മരണയിൽ നാട് കർക്കിടക വാവിന്റെ പുണ്യം തേടുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു.പുലർച്ചെ മൂന്നു മണിയോടെയാണ് ബലികർമ്മങ്ങൾ തുടങ്ങിയത്.ആലുവ മണപ്പുറത്തും തിരുനെല്ലി അടക്കമുള്ള കേന്ദ്രങ്ങളിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ഇന്നലയെ പൂർത്തിയായിരുന്നു.ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.ആലുവയിൽ ബലിതർപ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോർഡ് ഫീസ് ഈടാക്കുന്നത്.ഹരിത പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ നടപ്പാക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും തർപ്പണയിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ബലിതർപ്പണം ഇന്ന് വൈകുന്നേരം മൂന്നു മണിവരെ നീണ്ടുനിൽക്കും.
ഉഴവൂർ വിജയൻ അന്തരിച്ചു
കൊച്ചി:എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 6.55 നാണ് അന്ത്യം.കഴിഞ്ഞ ഒരു മാസമായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഈ മാസം പതിനൊന്നിനാണ് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മലിനീകരണ നിയന്ത്രണ ബോർഡ്,എഫ്.സി.ഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു.കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്.ചെറിയ രാഷ്ട്രീയ പാർട്ടിയായിട്ടു പോലും ഇടതുമുന്നണിയിൽ തനതു സ്ഥാനം ഉറപ്പിക്കാൻ എൻ.സി.പി ക്കു സാധിച്ചത് ഉഴവൂർ വിജയൻറെ സാന്നിധ്യമാണ്.കുറിച്ചിത്താനം കരംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്.