ഭൂപരിഷ്‌ക്കരണ നിയമം തെറ്റിച്ചു,ദിലീപിന് 5 ജില്ലകളിലായി 21 ഏക്കർ ഭൂമി

keralanews dileep has 21 acres of land in 5 districts

കൊച്ചി:സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികൾ നിക്ഷേപമുള്ള നടൻ ദിലീപിന് സംസ്ഥാനത്തെമ്പാടും ഭൂമിയുള്ളതായി റിപ്പോർട്.റിയല്‍ എസ്‌റേറ്റ് ഇടപാടില്‍ ദിലീപിനെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 5 ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി.ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചു. ദിലീപിന്റെ ഭൂമിയിടപാടിനെക്കുറിച്ച് 5 ജില്ലാ കളക്ടര്‍മാര്‍ അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകിട്ട് 5 മണിക്ക് മുമ്പായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള 6 ഏക്കര്‍ കണ്ടുകെട്ടും.

അഞ്ചു ലക്ഷം വരെയുള്ള വായ്‌പകൾ എഴുതി തള്ളും

keralanews loans up to 5 lakh will be written off

തിരുവനന്തപുരം:സർവീസിലിരിക്കെ മരിച്ച സർക്കാർ ജീവനക്കാരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്‌പകൾ എഴുതി തള്ളാൻ തീരുമാനം.നേരത്തെ രണ്ടു ലക്ഷം രൂപ വരെയായിരുന്നു ഇത്.ഓണം അഡ്വാൻസ്,ഭവന-വാഹന വായ്‌പ്പ,ക്ലാസ് ഫോർ ജീവനക്കാരുടെ പെണ്മക്കളുടെ വിവാഹ വായ്‌പ്പ,പലിശ രഹിത ചികിത്സ വായ്‌പ്പ എന്നിവയാണ് എഴുതി തള്ളുന്നത്.ഒന്നിലധികം വായ്പ്പയുള്ളവരുടെ ഏറ്റവും പഴക്കം ചെന്ന വായ്പ്പയാകും എഴുതി തള്ളുന്നത്.ഇതിനായി അപേക്ഷ നൽകുമ്പോൾ അതിന്റെ കൂടെ വായ്‌പ്പ എടുത്ത ആവശ്യത്തിന് തന്നെ ആ തുക പൂർണ്ണമായും ചെലവഴിച്ചെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ നൽകിയിരിക്കണം.1997 മെയ് 17 നു ശേഷമുള്ള വായ്പ്പകൾക്കാണ് മേൽപ്പറഞ്ഞ ഇളവുകൾ ലഭിക്കുന്നത്.

ഇരിട്ടിയിൽ വൻ മദ്യവേട്ട

keralanews liquor seized from iritty

ഇരിട്ടി:ഇരിട്ടിയിൽ വൻ മദ്യവേട്ട.വ്യാജ മദ്യം വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ നിന്നും കർണാടക മദ്യം പിടികൂടി.17 കെയ്‌സുകളിലായി സൂക്ഷിച്ച 408 കുപ്പി മദ്യമാണ് പിടികൂടിയത്.വീട്ടുടമ വള്ളിത്തോട് സാലസ്‌പുരം സ്വദേശി ബിനോയ് തോമസിനെ പോലീസ് അറസ്റ് ചെയ്തു.കർണാടകയിൽ മാത്രം വില്പനവകാശമുള്ളതും കേരളത്തിൽ നിരോധിച്ചതുമായ മദ്യമാണ് പിടികൂടിയത്.കർണാടകയിൽ നിന്നും മാക്കൂട്ടം ചുരം വഴി വാഹനത്തിൽ കടത്തിക്കൊണ്ടു വരുന്ന മദ്യം വീട്ടിലെത്തിച്ച ശേഷം വിവിധ ഏജന്റുമാർക്ക് ബിനോയ് വഴി കൈമാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു.മദ്യം ഏജന്റുമാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി നാലു വാഹനങ്ങളും ബിനോയിയുടെ നിയന്ത്രണത്തിലുണ്ട്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാലാം തവണയാണ് ഈ മേഖലയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്.ജി.എസ്.ടി നടപ്പിലാക്കിയതോടെ കൂട്ടുപുഴയിലെയും കിളിയന്തറയിലെയും ചെക്ക് പോസ്റ്റുകളിൽ കാര്യമായ പരിശോധനകൾ ഒന്നും നടക്കുന്നില്ല.ഇത് മൂലം വൻതോതിൽ കർണാടക മദ്യവും പാൻപരാഗ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും അയൽ സംസ്ഥാനത്തു നിന്നും ജില്ലയിലേക്ക് ഒഴുകുകയാണ്.

തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു

keralanews bjp cpm conflict in thiruvananthapuram

തിരുവനന്തപുരം:തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനും സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനും സിപിഐഎം കൗൺസിലർമാരുടെ വീടിനു നേരെയും ആക്രമണങ്ങളുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെ ആയിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്.സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് കാറുകൾ അക്രമി സംഘം അടിച്ചു തകർത്തു.ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും  കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി ബിനു,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ബിജെപി ആരോപിച്ചു.ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഈ സംഭവത്തിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ കല്ലേറുണ്ടായത്.വീടിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിനു നേരെയും കല്ലേറുണ്ടായി.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ഇതേ തുടർന്ന് തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു സൂചനകൾ.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് വിശ്വാസ വോട്ട് തേടും

keralanews bihar chief minister nitish kumar will seek vote of confidence today

പട്ന:ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ ഇന്ന് നിയമ സഭയിൽ വിശ്വാസ വോട്ട് തേടും.ഇതിനായി നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുമെന്ന് കാബിനറ്റ് കോ ഓർഡിനേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബ്രിജേഷ് മൽഹോത്ര അറിയിച്ചു.ആർജെഡി-കോൺഗ്രസ് സഖ്യം വിട്ടു പുറത്തു വന്ന നിതീഷ് ബിജെപി യുമായി ചേർന്നാണ് പുതിയ സർക്കാരുണ്ടാക്കിയത്.മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും അധികാരമേറ്റത്.ഗവർണ്ണർ കേസരിനാഥ്‌ ത്രിപാഠി സത്യവാചകം ചൊല്ലി കൊടുത്തു.

കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറും

keralanews ownership of kovalam palace will handed over to rp group

തിരുവനന്തപുരം:കോവളം കൊട്ടാരവും ഇതിനോട് ചേർന്നുള്ള 4.13 ഹെക്റ്റർ സ്ഥലവും പ്രവാസി വ്യവസായി രവിപിള്ളയുടെ ആർ.പി ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അവകാശം  സർക്കാറിൽ നിലനിർത്തി കൈവശാവകാശം ആർ.പി ഗ്രൂപ്പിന് നൽകാനാണ് തീരുമാനം.കൊട്ടാരത്തോട് ചേർന്നുള്ള ഭൂമി റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തും അധിക ഭൂമിയുണ്ടെങ്കിൽ അത് സർക്കാർ ഏറ്റെടുക്കും.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം.ഇതിനെതിരെ  വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.റവന്യൂ വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ടൂറിസം വകുപ്പിന്റെ ഫയലായാണ് കൊട്ടാരം വിഷയം പിണറായി വിജയൻ  സഭയിൽ അവതരിപ്പിച്ചത്.മന്ത്രി എ.കെ ബാലൻ ഇതിനെ പിന്തുണച്ചു.ഉടമസ്ഥത സംബന്ധിച്ച് പിന്നീട് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാറിൽ നിലനിർത്തി കൊട്ടാരം കൈമാറുക അല്ലെങ്കിൽ നിരുപാധികം വിട്ടു നൽകുക എന്നീ രണ്ടു നിർദേശങ്ങളാണ് മന്ത്രി സഭാകുറിപ്പിൽ ഉണ്ടായിരുന്നത്.കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും തീരുമാനമെന്ന് പി.തിലോത്തമൻ അറിയിച്ചു.ഉടമസ്ഥത ചോദ്യം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിലനിർത്തി കൊണ്ട് വേണം കൈമാറ്റമെന്നു മന്ത്രി തോമസ് ഐസക് ,മാത്യു.ടി.തോമസ് എന്നിവർ നിർദേശിച്ചു.

ദിലീപിന്‍റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തി

keralanews dileeps d cinemas is measured

കൊച്ചി:കരുമാലൂരില്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. കരുമാലൂരിലെ ഭൂമിയും ചാലക്കുടിയിലെ ഡി സിനിമാസിന്‍റെ ഭൂമിയും റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. ചാലക്കുടിയിലെ സര്‍വേ നടപടികളുടെ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് തൃശൂര്‍ ജില്ലാ സര്‍വേയര്‍ അറിയിച്ചു.എറണാകുളം കരുമാലൂരിലെ പുറപ്പള്ളിക്കാവില്‍ പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പരാതിയിലാണ് ദിലീപിന് റവന്യൂ വകുപ്പ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. രാവിലെ ഭൂമി അളന്ന ശേഷം ഉദ്യോഗസ്ഥര്‍ തഹസില്‍ദാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസയക്കാന്‍ തീരുമാനമെടുത്തത്. കയ്യേറ്റമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയ ശേഷമാണ് ചാലക്കുടിയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഡി സിനിമാസിന് സമീപത്തുള്ള ആറ് പേരുടെ ഭൂമിയും അളന്ന ശേഷമാണ് ദിലീപിന്‍റെ ഭൂമിയിലേക്ക് കടന്നത്. രണ്ട് സര്‍വേ നമ്പറുകളിലായി കിടക്കുന്ന സ്ഥലത്തില്‍ 35 സെന്‍റ് കയ്യേറ്റ ഭൂമിയാണെന്നും വ്യാജ ആധാരം ചമച്ചെന്നുമായിരുന്നു പരാതി. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സര്‍വേയര്‍ പറഞ്ഞു. എന്നാല്‍ സര്‍വേ നടപടികളില്‍‌ പരാതിക്കാര്‍ അതൃപ്തി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദമാ​ക്കാ​ൻ ഇ​ക്കോ സൈ​ൻ പ്രി​ന്‍റ്

keralanews mattannur municipal election will be eco friendly

മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന് മാതൃകയാകുകയാണ് മട്ടന്നൂർ. മട്ടന്നൂരിനെ പരിസ്ഥിതി സൗഹാർദമാക്കുവാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഇലക്‌ഷ‌ൻ പ്രചാരണ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്‍റെ പിന്തുണയും. പരിസ്ഥിതി സൗഹാർദമായ തെരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാനുള്ള നഗരസഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും പരിശ്രമത്തിന്‌ കണ്ണൂർ ജില്ലാ കമ്മിറ്റി പിന്തുണയുമായി രംഗത്തു വന്നതോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രചാരണം യാഥാർഥ്യമാകുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് പിവിസി ഫ്ളക്സ് പൂർണമായും ഒഴിവാക്കിയാണ് മട്ടന്നൂരിൽ രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സൗഹാർദ വിപ്ലവം. ഫ്ളക്സിന് പകരം പൂർണമായും റീസൈക്കിൾ ചെയ്യാവുന്നതും അതേ പ്രിന്‍റിംഗ് ക്വാളിറ്റിയുള്ളതുമായ ഇക്കോസൈൻ ഉപയോഗിച്ചാണ് പ്രചാരണ ബോർഡുകളും ബാനറുകളും ഒരുക്കുന്നത്.സർക്കാർ അംഗീകരിച്ചതും ഉപയോഗശേഷം റീസൈക്കിൾ ചെയ്യാവുന്നതുമായ പ്രകൃതി സൗഹാർദ ഇക്കോസൈൻ പ്രിന്‍റ് പ്രചാരണശേഷം റീസൈക്കിളിംഗിനായി സമ്മാനങ്ങൾ നൽകി തിരിച്ചെടുക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഫ്ളെക്സ് പ്രിന്‍റിംഗ് യൂണിറ്റുകളുടെ സംഘടനയായ സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ അറിയിച്ചു.

സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

keralanews school bus accident in kollam

കൊല്ലം:സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തിൻമൂട്ടിനു സമീപം ചിതറ എസ്.എൻ.എച്.എസ്സിലെ സ്കൂൾ ബസ്സാണ് മറിഞ്ഞത്.പതിനാറു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനൊന്നു പേരെ കടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പി.യു ചിത്രയെ തഴഞ്ഞതിൽ പി.ടി ഉഷയ്ക്കും പങ്കെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ

keralanews p t usha blow away p u chithras chance
ന്യൂഡൽഹി:പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന പി.ടി.ഉഷയുടെ വാദം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവ. ഉഷയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ പറഞ്ഞു. ട്രാക്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്ന വാദത്തെ പിടി ഉഷക്കു പുറമെ അത്‍ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് എ.ജെ സുമാരിവാല, സെക്രട്ടറി സി.കെ വല്‍സണ്‍ എന്നിവരും പിന്തുണച്ചു. ഇതിനെ തുടര്‍ന്നാണ് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ വ്യക്തമാക്കി. അതേസമയം ഏഷ്യന്‍ ചാംപ്യന്‍ പി.യു.ചിത്രയെ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാമാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും നാളെ അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.