കൊച്ചി:അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിക്കു പിന്നാലെ തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്.ഹണി ബീ 2 എന്ന സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാലിനെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.സിനിമയുടെ സി.ഡി ശാസ്ത്രീയ പരിശാധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായത്.ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് പോലീസ് അറിയിച്ചു.ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ് മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.വഞ്ചനയ്ക്കും ലൈംഗികചുവയോടെ സംസാരിച്ചതിനുമാണ് ജീൻ പോൾ ലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ന്യൂ ജനറേഷൻ സിനിമയിലെ ശ്രദ്ധേയരായ ശ്രീനാഥ് ഭാസി,ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
എൻട്രി പട്ടിക പുറത്ത്; ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി
തിരുവനന്തപുരം:ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പില്‍ മത്സരിക്കാൻ പി യു ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി. ഐഎഎഎഫ് പുറത്തിറക്കിയ മത്സരയിനങ്ങളിളുടെ എൻട്രി പട്ടികയിൽ പി യു ചിത്രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ചിത്രയ്ക്കായി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അയച്ച കത്ത് ഇനി പരിഗണിക്കപ്പെടുമോയെന്ന കാര്യവും സംശയമാണ്.1500 മീറ്റർ ഓട്ടത്തിൽ ഭുവനേശ്വരിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം അണിഞ്ഞതോടെയാണ് പി യു ചിത്ര ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. എന്നാല്‍ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്രയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് മത്സരങ്ങളുടെ എൻട്രി പട്ടിക അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് അത്‍ലറ്റിക് ഫെഡറേഷൻ തയ്യാറാക്കിയത്.പി യു ചിത്രയ്ക്ക് പുറമെ പുരുഷ വിഭാഗം 1500 മീറ്ററിൽ ഭുവനേശ്വരിൽ സ്വർണം നേടി ലണ്ടനിലേക്ക് യോഗ്യത നേടിയ അജയ് കുമാർ സരോജിനും പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ഇരുവരേയും മെഡൽ സാധ്യതയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ത്യൻ സംഘം ഒഴിവാക്കിയ സുധാ സിങിന് സ്റ്റീപ്പിൾ ചെയ്സിൽ ലണ്ടനിൽ എൻട്രി ലഭിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദ്യുതി ചന്ദിനും പ്രത്യേക പ്രവേശനം ലഭിച്ചു.ചിത്രയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നതോടെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന പ്രത്യേക അഭ്യർത്ഥന ഇന്ത്യൻ ഫെഡറേഷൻ ഐഎഎഎഫിന് ഇന്നലെ വൈകുന്നേരം അയച്ചത്. എന്നാൽ ആ അപേക്ഷ ഇതുവരേയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നതിന്‍റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. 23ന് പട്ടിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു എന്നതിനാൽ തന്നെ ഇന്നലെ അയച്ച അപേക്ഷ ഇനി പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. അങ്ങനെയാണെങ്കിൽ ചിത്രയ്ക്ക് ലണ്ടനിൽ മത്സരിക്കാനുള്ള അവസരം നഷ്ടമാകും.
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികളെല്ലാം പിടിയിൽ
തിരുവനന്തപുരം:ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും പോലീസ് പിടിയിലായി.മണികണ്ഠൻ(മണിക്കുട്ടൻ) ഉൾപ്പെടെ ആറുപേരാണ് പോലീസിന്റെ പിടിയിലായത്.കാട്ടാക്കട പുലിപ്പാറയിൽ നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഐ.ജി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്.അതേസമയം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം:ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി.അക്രമി സംഘത്തിലുള്ള മണിക്കുട്ടൻ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.കള്ളിക്കാടിനു സമീപം പുലിപ്പാറയിൽ നിന്ന് അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി.ആർ.എസ്.എസ് കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറിൽ കുന്നിൽ വീട്ടിൽ സുദര്ശന്റെ മകൻ രാജേഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതു മണിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുബോൾ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി എത്തിയ അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹർത്താൽ
തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എം.എസ്.സി നഴ്സിംഗ് പ്രവേശന പരീക്ഷ,സംസ്ഥാന അറബിക് ടാലെന്റ്റ് ടെസ്റ്റ് എന്നിവ മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം:ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ആർ.എസ്.എസ് കാര്യവാഹക് കുന്നിൽ വീട്ടിൽ രാജേഷിനെ(34) വെട്ടിക്കൊലപ്പെടുത്തിയത്.ഇയാളുടെ ഇടതു കൈ പൂർണ്ണമായും വേർപെട്ടിരുന്നു.വലതു കൈ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിനായക് നഗറിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ കടയുടെ മുൻപിലിട്ടു അക്രമിസംഘം യുവാവിനെ വെട്ടുകയായിരുന്നു.സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അക്രമി സംഘം യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.ഇരു കാലുകളിലും ശരീരത്തിലും നിരവധി വെട്ടേറ്റ യുവാവിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
പി.യു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്രകായിക മന്ത്രി
ന്യൂ ഡൽഹി:പിയു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റിനോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ ബഹുമാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ചിത്രയെ മീറ്റിന് അയക്കാത്ത ദേശീയ അത് ലറ്റിക് ഫെഡറേഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു.ഓഗസ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.ഇതിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു.ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയും അവസാനിച്ചിരുന്നു.അത്ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രയ്ക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ അതിനു വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.
ഷാഹിദ് ഖഖൻ അബ്ബാസി പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു.
നടിയെ ആക്രമിച്ച കേസ്;ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ വൈസ് പ്രെസിഡന്റുമായ ഇടവേള ബാബയുവിന്റെ മൊഴിയെടുക്കൽ പൂർത്തിയായി.ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് പോലീസ് നടത്തിയത്.അമ്മയുടെ താരനിശയുടെ റിഹേഴ്‌സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു.ഇതിന്റെ ചില രേഖകൾ പൊലീസിന് കൈമാറിയതായും എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞതായും മൊഴി നൽകി പുറത്തു വന്ന ശേഷം ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചു.2013 ഇൽ അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് ദിലീപ് കേസിലെ മുഖ്യപ്രതിയായ സുനിയുമായി കൂടിക്കാഴ്ച നടത്തി എന്ന പോലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചത്.ഹോട്ടലിൽ വെച്ച് നടിയും ദിലീപുമായി ഉണ്ടായ തർക്കത്തെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു എന്നാണ് സൂചന.
ആർ.എസ്.എസ്-സിപിഎം സംഘർഷം;പന്തളത്ത് നിരോധനാജ്ഞ
പന്തളം:ആർ.എസ്.എസ്-സിപിഎം സംഘർഷം നിലനിൽക്കുന്ന പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.വെള്ളിയാഴ്ച അർധരാത്രി മുതൽ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം നടക്കുകയാണ്.കുറുമ്പാലയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.നാലിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.ലോക്കൽ കമ്മിറ്റി ഓഫീസായ ടി.എസ് രാഘവൻ പിള്ള സ്മാരക മന്ദിരത്തിനു നേരെ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.തൊട്ടു പിന്നാലെ സിപിഎം പ്രവർത്തകൻ കടക്കാട് ഉലമയിൽ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു.ഇതിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.