ആദിവാസി യുവാവിന് അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച നേട്ടം
തിരുവനന്തപുരത്ത് ഇന്ന് ഉഭയകക്ഷിയോഗം
തിരുവനന്തപുരം:ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് സമാധാന അന്തരീക്ഷം സൃഷ്ട്ടിക്കാൻ ഇന്ന് ഇരു പാർട്ടി നേതാക്കളും ഉഭയ കക്ഷി യോഗം ചേരും.രാവിലെ പത്തുമണിക്ക് ഗസ്റ്റ് ഹൗസിലാണ് ചർച്ച.ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലുണ്ടായ നിർദേശത്തെ തുടർന്നാണ് ഇന്നത്തെ ഉഭയകക്ഷി യോഗം.ഇന്നത്തെ യോഗത്തിൽ സി.പി.എമ്മിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കൾ പങ്കെടുക്കും.അടുത്ത ഞായറാഴ്ച സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.
ഓയില്‍ പാം ഇന്ത്യ സൂപ്രണ്ടിന് നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം:ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ സൂപ്രണ്ടിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. വനത്തില്‍ വെച്ച് നാലംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. ഓയില്‍ പാം ഏരൂര്‍ എസ്‌റ്റേറ്റിലെ സൂപ്രണ്ട് ശശികുമാറിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ ശശികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഹർത്താലിൽ ദിനത്തിൽ ഇനി ആംബുലൻസുകളും ഓടില്ല
തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ ഇനി ആംബുലൻസുകളും സർവീസ് നടത്തില്ലെന്ന് തീരുമാനം.ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഈ തീരുമാനമെടുത്തത്.കൊല്ലം,പാലക്കാട്,കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം സർവീസ് നടത്തിയ ആംബുലൻസുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.ആക്രമണത്തിന് ഇരയായാൽ പോലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു,ജീവന് ഭീഷണി തുടങ്ങിയ പരാതികളാണ് ആംബുലൻസ് ഡ്രൈവർമാരും ടെക്‌നീഷ്യന്മാരും ഉന്നയിക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അർധരാത്രിമുതൽ എ.ഐ.ടി.യു.സി പണിമുടക്ക്
തിരുവനന്തപുരം:ഇന്ന് അർധരാത്രിമുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു(എ.ഐ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും.ശമ്പളം മുടങ്ങാതെ നൽകുക,മെക്കാനിക്കൽ വിഭാഗത്തിൽ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്‌ക്കാരം പിൻവലിക്കുക,ഓപ്പറേറ്റിങ് വിഭാഗത്തിന്റെ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക,പെൻഷൻ ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.കോർപറേഷനിലെ തൊഴിലാളി വിരുദ്ധ നിലപാടാണ് സൂചന പണിമുടക്കിന് തങ്ങളെ നിർബന്ധിതരാക്കിയതെന്നു ഭാരവാഹികൾ വ്യക്തമാക്കി.ഇടതു ബദലിൽ ഊന്നിയ തൊഴിലാളി നയങ്ങൾ നടപ്പാക്കുക,തൊഴിലാളി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക,താൽക്കാലിക വിഭാഗം ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുക,കുറഞ്ഞ കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
പൾസർ സുനിയെ അറിയാമെന്ന് അപ്പുണ്ണിയുടെ മൊഴി
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറിയാമെന്നു അപ്പുണ്ണി മൊഴി നൽകി.സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നും അത് ദിലീപിന്റെ നിർദേശ പ്രകാരമാണെന്നും അപ്പുണ്ണി വ്യക്തമാക്കി. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം തൊട്ടേ സുനിയെ പരിചയമുണ്ടായിരുന്നെന്നും ദിലീപുമായി സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.ആറു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു.ഇയാളിൽ നിന്നും മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രണ്ടു ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി
ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി.റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തിയത് നികുതിദായകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുകയായിരുന്നു അതിലൊന്ന്.നിലവിൽ അമ്പതു ശതമാനത്തോളം നികുതി ദായകർ മാത്രമാണ് പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.
എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
മുംബൈ:എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക.നിലവിൽ ഇത് നാലു ശതമാനമായിരുന്നു.ഒരു കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാലു ശതമാനം തന്നെ ആയിരിക്കും.എസ്.ബി.ഐ അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചു.4.7 ശതമാനമാണ് ഓഹരി നേട്ടം.
അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.മൊഴികളിൽ വൈരുധ്യമുള്ളതു കൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ന് രാവിലെ 10.45 നാണ് ആലുവ പോലീസ് ക്ലബ്ബിൽ അപ്പുണ്ണി എത്തിയത്.അപ്പുണ്ണിക്കൊപ്പം പൾസർ സുനിയെ കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയും പോലീസ് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് കാട്ടി അപ്പുണ്ണിക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു.ഇയാൾ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.