കാട്ടാക്കട:നിരോധനാജ്ഞ നിലനിൽക്കുന്ന കാട്ടാക്കടയിൽ വീണ്ടും അക്രമം.സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റി അംഗവുമായ എം.ഫ്രാൻസിസിന്റെ വീടിനു നേരെ ഇന്നലെ രാത്രി നാടൻ ബോംബെറിഞ്ഞു.അർധരാത്രിയോടെ വീടിന്റെ മുൻവശത്ത് എന്തോ സാധനം വീണതായി വീട്ടുകാർ ശബ്ദം കേട്ടു.തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.ഇന്ന് സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
നഴുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവിറക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുടെയും ശുപാർശ പരിഗണിച്ചാണ് നടപടി.സ്റ്റാഫ് നഴ്‌സിന് സ്കൈ ബ്ലൂ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർകോട്ടും ഹെഡ് നഴ്സിന് ലാവെൻഡർ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർ കോട്ടുമാണ് യൂണിഫോം.മെയിൽ നഴ്സിന് കറുത്ത പാന്റ്,സ്കൈബ്ലൂ ഷർട്ട്,വെള്ള ഓവർകോട്ട് എന്നിവയാണ് പുതിയ യൂണിഫോം.പരിഷ്‌ക്കാരം സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കാൻ പാടില്ല എന്ന നിബന്ധനയും ഉത്തരവിലുണ്ട്.ദീർഘകാല ആവശ്യം നടപ്പിലാക്കിയ സർക്കാരിനെ കേരളാ ഗവ.നഴ്സസ് അസോസിയേഷൻ അഭിവാദ്യം ചെയ്തു.
കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി:കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.മൂന്നു മക്കൾക്കും വെട്ടേറ്റിട്ടുണ്ട്.തലയ്ക്കു വെട്ടേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ഹാർബറിൽ തൊഴിലാളിയായ റഫീക്കാണ്(51) ഭാര്യയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം തൂങ്ങി മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.തോപ്പുംപടി രാമേശ്വരം അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു റഫീക്കും കുടുംബവും.വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെ കഴുത്തിലാണ് റഫീഖ് ആദ്യം വെട്ടിയത്.ഭാര്യയെ കൊലപ്പെടുത്തിയ മുറി പൂട്ടിയതിനു ശേഷം മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളുടെ തലയ്ക്കു നേരെയും ആഞ്ഞു വെട്ടുകയായിരുന്നു.ഇതിനു ശേഷം നേരത്തെ ഫാനിൽ കെട്ടിവെച്ചിരുന്ന കയറിൽ റഫീക്ക് തൂങ്ങി മരിക്കുകയായിരുന്നു.രാത്രി ഒരുമണിയോടെ നിസാരപരിക്ക് പറ്റിയ ഒരു കുട്ടിക്ക് ബോധം തിരിച്ചു കിട്ടി.മറ്റുള്ളവർ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ട കുട്ടി നിലവിളിക്കുന്നത് കേട്ടാണ് മൂന്നു നില കെട്ടിടത്തിലെ മറ്റു കുടുംബങ്ങൾ ഓടിയെത്തുന്നത്.മക്കളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.ഇവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
നടി ആക്രമിക്കപ്പെട്ട സംഭവം;യുവനടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ശ്രിത ശിവദാസിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഓർഡിനറി എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ശ്രിത പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ശ്രിതയുടെ ഉളിയന്നൂരിലുള്ള വീട്ടിൽവെച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.ദിലീപുമായി യാതൊരു വിധത്തിലുമുള്ള സൗഹൃദവുമില്ല എന്നാണ് ശ്രിത മൊഴി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.ആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണെന്നും ശ്രിത വ്യക്തമാക്കി.അക്രമത്തിനു ശേഷം മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി കൊടുക്കാൻ എത്തിയപ്പോൾ നടി ശ്രീതയുടെ വീട്ടിൽ താമസിച്ചിരുന്നു.ഇതേ തുടർന്നാണ് ശ്രീതയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.ഒരുകോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റവന്യൂ ഇന്റലിജൻസ് വിഭാഗം അറിയിച്ചു.ക്വലാലംപൂരിലേക്കു കടത്താൻ ശ്രമിക്കവെയാണ് കാർഗോ വിഭാഗത്തിൽനിന്നും ലഹരിമരുന്ന് പിടികൂടിയത്.
മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം: സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം:മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പെരുമാറിയതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. ഗവര്‍ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയിലും കേന്ദ്രത്തിന് അതൃപ്തിയുണ്ട്.തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി – ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നുപറഞ്ഞ് ദേഷ്യപ്പെട്ടത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പോയി കണ്ടത് ഒഴിവാക്കേണ്ടതായിരുന്നു. അത്തരത്തില്‍ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെന്നിരിക്കെ എന്തിന് മുഖ്യമന്ത്രി പോയെന്ന ചോദ്യവും കേന്ദ്ര നേതൃത്വം ഉയര്‍ത്തുന്നു.ഗവര്‍ണറുടെ നിര്‍ദേശപ്രകാരമല്ലാതെ സര്‍ക്കാര്‍ തന്നെ സര്‍വ്വകക്ഷിയോഗം വിളിക്കുകയായിരുന്നു വേണ്ടതെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഗവര്‍ണറുടെ നടപടികളും ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷം ചെയ്തെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.
ചിത്ര കേസ്: കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു.
നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു
ന്യൂഡൽഹി:നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. അധ്യാപനത്തിലേക്ക് തിരിച്ചു പോകുകയാണെന്ന് രാജിക്കാര്യം അറിയിച്ച് അരവിന്ദ് പനഗരിയ പറഞ്ഞു. ആഗസ്റ്റ് 31 വരെയാണ് അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷന്‍ പദവിയിലുണ്ടാകുക. 2015 ജനുവരിയിലാണ് നീതി ആയോഗിന്റെ ചുമതലയിലെത്തിയത്. അതിന് മുന്പ് അമേരിക്കയിലെ കൊളംബിയ സര്‍ലകലാശാല അധ്യാപകനായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ഐക്യരാഷ്ട്ര സഭ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരും
ന്യൂഡൽഹി:പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം അർഹതപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ ലഭിക്കും.പാചക വാതക വില കൂട്ടാനും സബ്സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ സർക്കാരിന്റേതാണ്.ഈ സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കില്ലെന്നും എന്നാൽ അനർഹരെ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു.ആലുവ പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.നടി അക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് സിദിഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് ചോദിച്ചു.നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിദ്ദിക്ക് ആദ്യം മുതൽ സ്വീകരിച്ചത്.ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്യുന്ന സമയത്തും ആലുവ പോലീസ് ക്ലബ്ബിൽ സിദ്ദിക്ക് എത്തിയിരുന്നു.