തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർഗോഡ് 171 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂർ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂർ 519, കാസർഗോഡ് 190 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകള്‍ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമുണ്ടന്നും സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് ശരിവച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ. സിറിയക് അബി ഫിലിപ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റfസ് എസ്. മണി കുമാറും ജസ്റ്റfസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘടന നിവേദനം നല്‍കിയിട്ടുണ്ടന്ന വാദം കോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരന്‍ നിവേദനം നല്‍കുകയാണെങ്കില്‍ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. പ്രതിരോധ മരുന്നായ ആഴ്സനികം ആല്‍ബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ സ്ക്കൂളുകള്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഹോമിയോ മരുന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തർക്കം;കുത്തേറ്റവരിൽ ഒരാൾ മരിച്ചു
കൊല്ലം:കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കഴുത്തിന് മാരകമായ കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആഴത്തിലുള്ള കുത്തില്‍ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം. രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലന്‍സ്ഡ്രൈവര്‍മാര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലിസ്‌അറിയിച്ചു. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പു ബോര്‍ഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു
കണ്ണൂര്‍ : കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു . തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്. മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച് കരയ്ക്കു കയറ്റി.രണ്ടു വയസുകാരി അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.
സംസ്ഥാനത്ത് മാറ്റി വെച്ച പ്ലസ് വൺ പരീക്ഷകൾ അടുത്തയാഴ്ച നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റി വെച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 26 ന് നടക്കും. സമയത്തിൽ മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.ഈ മാസം ഒക്ടോബർ 18 മുതലായിരുന്നു പരീക്ഷകൾ നടത്താൻ മുൻപ് തീരുമാനിച്ചിരുന്നത്.സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെയ്‌ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 80 കേന്ദ്രങ്ങളിലായി 25,000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകള്‍ക്കും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും.തീയേറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്‌ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്. ഇളവുമായി ബന്ധപ്പെട്ട് വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.ആദ്യ റിലീസിനെത്തുന്ന പ്രധാന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.
മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം;ഒരാള്‍ മരിച്ചു;നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
മുംബൈ: മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.നഗരത്തിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുണ്‍ തിവാരി (30) എന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്ബ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിലോമീറ്ററുകളോളം കാണാവുന്ന രീതിയില്‍ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുതിയ ചരിത്രം രചിച്ചു;100 കോടി ഡോസ് വാക്‌സിൻ രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം; പ്രധാനമന്ത്രി
ന്യൂഡൽഹി: 100 കോടി വാക്സിൻ വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 100 കോടി ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. ഇതില്‍ നിന്ന് രാജ്യം കരകയറുമോയെന്ന ആശങ്ക പലരിലും ശക്തമായിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തിലൂടെ അസാധാരണമായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.പല വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണം നടന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൃഷ്ടിച്ച കൊവിന്‍ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാവരും വാക്സിന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി വാക്സിന്‍ എടുത്തവര്‍ എടുക്കാത്തവരെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു
തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുകയാണ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമര്‍ദമാകാനുള്ള സാധ്യത ഇതുവരെയില്ല.ഒക്ടോബര്‍ 22 മുതല്‍ 28 വരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ 26ഓടെ തുലാവര്‍ഷം ആരംഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. അതേസമയം, ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമില്‍ ഇന്നലെ രാത്രി വീണ്ടും റെഡ് അലര്‍ട്ട് പ്രഖാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ 2398.08 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി 2398.30 അടി ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഇടുക്കി ഡാമില്‍ അനുവദിനീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 135.10 അടിയണ് ഇപ്പോള്‍.
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20 രൂപ
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്.പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമായാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിപ്പിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.