തിരുവനന്തപുരം:ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ താരം കൂടിയായ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയാണ് ബൂട്ടണിയുന്നത്. അത്ലറ്റ് പിയു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 25,000 രൂപയാണ് മാസം തോറും ചിത്രയ്ക്ക് പരിശീലനച്ചെലവിലേക്ക് നല്കുക.ഇതില്‍ 10,000 രൂപ പ്രതിമാസ അലവന്‍സായും ദിവസം 500 രൂപ നീതം ഫുഡ് അലവന്‍സായുമാണ് നല്കുക.തനിക്കൊരു ജോലി വേണമെന്ന പി.യു.ചിത്രയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.
ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തി മൊഴിയെടുത്തത്. ദിലീപിന്റെ പേരിലുള്ള കെ.എല്‍.ബി.എഫ് 2007 കാറിലാണ് ഇവരെത്തിയത്. സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സഹ നിര്‍മാതാവുമായിരുന്നു.
മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്രാ അനിശ്ചിതത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മഅ്ദനിയുടെ കേരളത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും. ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനം. കേരളത്തിലെത്താനായി മഅ്ദനിക്ക് കര്‍ണാക പൊലീസ് ആവശ്യപ്പെട്ട ഉയര്‍ന്ന സുരക്ഷാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മഅദനിക്ക് കേരളത്തിലെത്താന്‍ സഹായകരമായ ഇടപെടല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല സിദ്ധാരാമയ്യയോട് ആവശ്യപ്പെട്ടു.അതേ സമയം പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രതികരണം.
റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു
ന്യൂഡൽഹി:പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്കിൽ 0.25 കുറവാണു ആർ.ബി.ഐ വരുത്തിയത്.6.25 ശതമാനത്തിൽ നിന്നും 6 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്.റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.75 ശതമാനമായും കുറച്ചു.ഇതോടെ റിപ്പോ നിരക്ക് ഏഴുവർഷത്തെ ഏറ്റവും താണ നിരക്കിലെത്തി.വാണിജ്യ ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പ്പയുടെ പലിശയാണ് റിപ്പോ.ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്കിൽ കുറവ് വരുത്തിയതോടെ വാഹന-ഭവന വായ്‌പ്പാ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കി.
ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്
കോട്ടയം:ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്.നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇത് സൂചന പണിമുടക്ക് മാത്രമാണെന്നും ബസ്സുടമകൾ അറിയിച്ചു.ഈ വർഷം ജനുവരിയിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയിരുന്നു.ഇതിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.ബസ് വ്യവസായവുമായി ബന്ധപ്പെട്ട് അമിതമായ ചിലവാണ് ഉള്ളതെന്നും മുന്നോട്ട് പോകാനാകാത്ത സാഹചര്യമുണ്ടെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.
പാലക്കാടു നിന്നും 75 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി
പാലക്കാട്:മണ്ണാർക്കാട്ട് നിന്നും 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ അധികൃതർ പിടികൂടി.കാരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു,കൊടക്കാട് സ്വദേശി കുഞ്ഞാണി,ഉണ്ണിയാൾ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
ബലമായി ചുംബിച്ച യുവാവിന്‍റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു
ജീൻപോൾ ലാലും ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും
മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍
തിരുവനന്തപുരം:മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലാക്കി കര്‍ണാടക പൊലീസ് ഭീമമായ തുക സുരക്ഷാ ചിലവായി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളമായി 16 ലക്ഷം രൂപയും മറ്റ് ചിലവുകള്‍ വേറെ തന്നെയും വഹിക്കണമെന്നുമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് മഅ്ദനി. സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.ഇന്ന് മഅ്ദനിയുടെ അഭിഭാഷകനും ബന്ധുക്കള്‍ക്കും കര്‍ണാടക പൊലീസ് നല്‍കിയ ചിലവ് കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്‍പി അടക്കം 19 ഉദ്യോഗസ്ഥരായിരിക്കും മഅ്ദനിയെ അനുഗമിക്കുക. ഇവരുടെ 15 ദിവസത്തെ ശമ്പളം ഇപ്പോള്‍ തന്നെ അടക്കണം. രണ്ടേകാല്‍ ലക്ഷം രൂപ ജിഎസ്‍ടി അടക്കം 1590000 രൂപയാണ് ഇതിന് വേണ്ടിവരിക. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥരുടെ ഫ്ലൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ ചിലവ്, താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചിലവുകളും മഅ്ദനി തന്നെ വഹിക്കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മകളുടെ വിവാഹത്തിനായി ജാമ്യം അനുവദിച്ച് കേരളത്തിലെത്തിയപ്പോള്‍ അനുഗമിച്ച 4 ഉദ്യോഗസ്ഥര്‍ക്കായി 50,000 രൂപയാണ് അടക്കേണ്ടി വന്നത്. 19 പേര്‍ വരുന്ന ഉദ്യോഗസ്ഥരുടെ മറ്റു ചിലവ് കൂടി ആകുമ്പോള്‍ വലിയ തുക കണ്ടെത്തേണ്ട സാഹചര്യമാണ്.തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം ലഭിച്ചിട്ടും നാട്ടില്‍ പോകാനാകാത്ത അവസ്ഥയിലാണ് മഅ്ദനി.പുതിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനായി ശ്രമം നടത്താനാണ് മഅ്ദനിയുടെയും ബന്ധുക്കളുടെയും തീരുമാനം.
കൊട്ടിയൂരിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു 10 ഓളം കുഞ്ഞുങ്ങൾ പുറത്തു വന്നു
കൊട്ടിയൂർ:കൊട്ടിയൂർ പന്ന്യൻമലയിൽ ചപ്പുമെത്തയിൽ പത്തിലേറെ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്.അര മീറ്ററോളം നീളമുള്ളതാണ് ഓരോ പാമ്പിൻ കുഞ്ഞുങ്ങളും.വളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് അഞ്ചരമീറ്ററോളം നീളമുണ്ടാകും.പതിനഞ്ചിനും മുപ്പത്തിനുമിടയിൽ മുട്ടകളിടും.മാത്യു വേലിക്കകത്തിന്റെ കശുമാവിൻ തോട്ടത്തിലാണ് രാജവെമ്പാലയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞത്.ഏപ്രിൽ 22 നാണ് ഇവിടെ മുട്ടകൾ കണ്ടത്.ഇലകളടുക്കി രാജവെമ്പാല കൂടു നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.മുട്ടകൾ മാറ്റാതെ പറമ്പിൽ തന്നെ വിരിയിക്കാൻ വനം വകുപ്പ് അധികൃതരിൽ നിന്നും നിർദേശമുണ്ടായപ്പോൾ നാട്ടുകാർ ആദ്യം എതിർത്തു.തുടർന്ന് നാട്ടുകാർക്ക് സുരക്ഷ ഉറപ്പു നൽകിയാണ് പ്രകൃത്യാൽ തന്നെ മുട്ടകൾ വിരിയിക്കാനുള്ള അവസരമൊരുക്കിയത്. വന്യജീവി നിരീക്ഷകരുടെ മൂന്നുമാസം നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്.മഴവെള്ളം കൂടിനു മുകളിൽ വീഴാതിരിക്കാൻ കൂടിനു മുകളിൽ ഇലകളിട്ടും മറ്റും ഇവർ ദിവസങ്ങളോളം കാവലിരുന്നു.രാജവെമ്പാലയെ കുറിച്ച് പഠനം നടത്തുന്ന ചെന്നെയിലെ ഗൗരി ശങ്കറും സ്ഥലത്തെത്തി നിർദേശം നൽകി.ആർക്കും പരാതിക്കു ഇടം നൽകാത്ത വിധത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തി.ഭക്ഷണവുമെടുത്താണ് പാമ്പിന്റെ മുട്ടയ്ക്ക് കവലിരിക്കാൻ വന്യജീവി സ്നേഹികൾ കാടുകയറിയത്.ഒടുവിൽ മുട്ടകൾ വിരിയുന്നതിനു സാക്ഷികളാകാനും ഇവർക്ക് സാധിച്ചു.പത്തിലേറെ കുഞ്ഞുങ്ങൾ ഒരുമിച്ചു പിറവിയെടുത്തപ്പോൾ ഇവയെ സുരക്ഷിതമായി പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രകൃതി സ്നേഹികളും ഏറെ പ്രയാസപ്പെട്ടു.തുടർന്ന് ഇവയെ കൊടുംകാട്ടിൽ വിട്ടു.