ആലപ്പുഴ:തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻ.ഐ എ റെയ്ഡ് നടത്തി.വീട്ടിൽ നിന്നും ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്ന് എൻ.ഐ.എ വ്യക്തമാക്കി. മൊബൈൽ ഫോണുകളും ഡി.വി.ഡിയുമാണ് പിടിച്ചെടുത്തത്.ഐ.എസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തരം സമ്പർക്കം നടത്തിയതിന് തെളിവുകളും എൻ.ഐ.എ ക്ക് ലഭിച്ചു.
ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാക്കുക.അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നും അപ്പുണ്ണിയെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നും കോടതിയെ അറിയിക്കും.ഈ വാദങ്ങൾ നിരത്തിയാണ് പ്രോസിക്യൂഷൻ ആദ്യം ജാമ്യത്തെ എതിർത്തത്.നേരത്തെ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.
സർക്കാർ സ്കൂളുകൾ ലയനത്തിനൊരുങ്ങുന്നു
ന്യൂഡൽഹി:ഒരു വില്ലേജിലെ എല്ലാ സർക്കാർ സ്കൂളുകളും ലയിപ്പിക്കാൻ കേന്ദ്ര നിർദേശം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടി.മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നിർദേശം വെച്ചത്.പുതുതായി കുട്ടികളെ ലഭിക്കാത്തവയും മുപ്പതിൽ താഴെ കുട്ടികളുള്ളവയും അദ്ധ്യാപകർ കുറവുമുള്ള സ്കൂളുകളെ ലയിപ്പിക്കണമെന്നാണ് നിർദേശം.ഒരു പ്രദേശത്തുള്ള പ്രൈമറി,അപ്പർ പ്രൈമറി സ്കൂളുകളാകും പ്രധാനമായും ലയിപ്പിക്കുക.ലയനത്തിന് ശേഷം നിലനിർത്തുന്ന സ്കൂളിനെ മാതൃക സ്കൂളാക്കി മാറ്റും.ഭൗതിക സാഹചര്യം വർധിപ്പിക്കുക,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അദ്ധ്യാപകരെ നിയമിക്കുക,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സി.പി.എം-കോൺഗ്രസ് സംഘർഷം;നിരവധി പേർക്ക് പരിക്ക്
കണ്ണൂർ:സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ഇരിക്കൂർ കല്യാട് പ്രദേശത്താണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ നിരവധി വാഹനങ്ങളും വീടുകളും തകർന്നു.കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാർ അക്രമികൾ അടിച്ചു തകർത്തു.പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം
ന്യൂഡൽഹി:പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം.ഇന്ത്യൻ ഹാക്കർമാരാണ് പാക് സർക്കാരിന്റെ വെബ്‌സൈറ്റിന് പണികൊടുത്തിരിക്കുന്നത്.ഇന്ത്യൻ വെബ്സൈറ്റുകളിൽ പാക് ഹാക്കർമാർ മൂന്നുമാസം മുൻപ് നുഴഞ്ഞു കയറിയിരുന്നു.ഇതിനുള്ള പ്രതികാരമാണ് ഹാക്കർമാരുടെ നടപടിയെന്ന് വിശ്വസിക്കപ്പെടുന്നു.ഇന്ത്യയുടെ സ്വതന്ത്ര ദിനമായ ഓഗസ്റ്റ് 15 ന്റെ ആശംസകളും ദേശീയ ഗാനത്തിനൊപ്പം ഹാക്കർമാർ നൽകിയിട്ടുണ്ട്.ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പാകിസ്ഥാൻ ശരിയാക്കി.ഡൽഹി യൂണിവേഴ്സിറ്റി,അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി,ഐഐടി ഡൽഹി, ഐഐടിബിഎച് യു എന്നിവയുടെ വെബ്‌സൈറ്റിലാണ് മൂന്നുമാസം മുൻപ് പാക് ഹാക്കർമാർ നുഴഞ്ഞു കയറിയത്.ഇവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്.ഡൽഹി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ സൈനികർക്കെതിരെയുള്ള പരാമർശങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
മദ്യശാലക്കെതിരെ സമരം;വിൻസെന്റ് എംഎൽഎക്ക് ജാമ്യം
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് മറ്റൊരു കേസിൽ ജാമ്യം.ബാലരാമപുരത്തു ബീവറേജ്‌സ് കോർപ്പറേഷൻ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.പണയത്തേരി മദ്യശാലയ്ക്കു മുന്നിൽ നടന്ന സമരത്തിൽ ഒന്നാം പ്രതിയാണ് വിൻസെന്റ്.കേസിൽ രണ്ടു ദിവസം മുൻപ് പോലീസ് നെയ്യാറ്റിൻകര സബ്ജയിലിലെത്തി വിൻസെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ പൊതുമുതൽ നശിപ്പിച്ചു എന്ന പോലീസിന്റെ വാദം ശരിയല്ലെന്നും പണം കെട്ടിവെയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
വിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങി
തൃശൂർ:പോലീസ് മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ വിനായകന്റെ കേസ് ലോകായുക്ത അന്വേഷിക്കും.വിനായകനോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത ശരത്തിനോടും പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനോടും നേരിട്ട് ഹാജരാകാൻ ലോകായുക്ത നിർദേശിച്ചു.ജൂലൈ 16,17 തീയതികളിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ ജെനെറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്.ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നല്കാൻ തൃശൂർ ജില്ലാ കളക്റ്റർക്കും റൂറൽ എസ്.പിക്കും ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
കോളറ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒ മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ഇന്ന് വരെ ആറ് പേര്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്. മാവൂര്‍ ചെറൂപ്പയിലുളള തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാന്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇവരുപയോഗിക്കുന്ന വെള്ളവും പരിശോധനക്കയച്ചിട്ടുണ്ട്.
വയനാട് ചുരത്തിൽ കാർ മറിഞ്ഞു;യാത്രക്കാരെ കാണാനില്ല
വയനാട്:വയനാട് ചുരത്തിൽ കാർ മറിഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെ വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്.എന്നാൽ കാർ മറിഞ്ഞതിനു പിന്നാലെ ഇവിടെയെത്തിയ ആരും ഇതിൽ യാത്രക്കാരെ കണ്ടില്ല.പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി.സ്ഥലത്തു പരിശോധന തുടരുകയാണ്.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി.
ഡി സിനിമാസ് അടച്ചുപൂട്ടാൻ തീരുമാനം
തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാൻ നഗരസഭാ തീരുമാനം.ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് തീരുമാനമെടുത്തത്.വിജിലൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ അടച്ചിടും.തീയേറ്ററിന്റെ ലൈസൻസും കൈവശാവകാശ സർട്ടിഫിക്കറ്റും റദ്ദാക്കി. ഡി സിനിമാസിനു നിർമാണ അനുമതി നൽകിയ കാര്യം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലാണ് അടച്ചുപൂട്ടൽ തീരുമാനമുണ്ടായത്.നിർമാണ അനുമതി തേടി സമർപ്പിച്ച മൂന്നോളം പ്രധാന രേഖകൾ വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു.സർക്കാർ ഭൂമി കയ്യേറിയാണ് തീയേറ്റർ നിർമ്മിച്ചത് എന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സർവ്വേ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.