അഹമ്മദാബാദ്:കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്.ഗുജറാത്തിലെ ബനസ്‌കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതായിരുന്നു രാഹുൽ.ഇതിനിടെയാണ് രാഹുലിന്റെ വാഹന വ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്.കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.വാഹനത്തിന്റെ ചില്ലുകളും തകർന്നു.രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മരണം രെജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമെന്ന് കേന്ദ്രം
ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്രം.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.ജമ്മു കശ്മീർ,ആസാം,മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലയിടത്തുംഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം മരണപ്പെട്ടയാൾക്കു തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ ആധാർ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ആൾമാറാട്ടം ഉൾപ്പെടയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഐ.എസ് ബന്ധം;ആലപ്പുഴ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ:ഐ.എസ് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നു ആലപ്പുഴ സ്വദേശിയെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബേസിൽ ഷിഹാബിനെയാണ് അന്വേഷണ ഏജൻസി വ്യാഴാച രാത്രി വീട്ടിൽ നിന്നും വിലങ്ങു വെച്ച് കസ്റ്റഡിയിലെടുത്തത്.ഒരാഴ്ചയായി ഇയാളെ പിടികൂടാനായി എൻ.ഐ എ സംഘം ആലപ്പുഴയിലുണ്ടായിരുന്നു.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ജില്ലാ കോടതിക്ക് സമീപമുള്ള ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും രാത്രി പത്തുമണിയോടെ വിലങ്ങുവെച്ചു കൊണ്ടുപോവുകയുമായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമന്റിടുകയും ഫേസ്ബുക് ലിങ്കും ബേസിൽ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.മാതാവും സഹോദരിയും മാതാവിന്റെ അമ്മയും മാത്രമാണ് ശിഹാബിന്റെ വീട്ടിലുള്ളത്.പിതാവ് വിദേശത്താണ്.കോയമ്പത്തൂരിൽ ബി ടെക്കിനു പഠിക്കുകയാണ് ശിഹാബ്.
ആധാർ ഇല്ലാത്തവർക്കും ആദായനികുതി അടയ്ക്കാം
ന്യൂഡൽഹി:ആധാർ ഇല്ലാത്തവർക്കും നേരിട്ട് ആദായനികുതി അടയ്ക്കാം എന്ന് ഹൈക്കോടതി.2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി അടയ്ക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഒരുദിവസം കൂടി ബാക്കി നിൽക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഇൻകംടാക്സ് ആക്റ്റിലെ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പറും പാൻ നമ്പറുമായി ലിങ്ക് ചെയ്യണം.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം.കെ.എസ്.യു സംഘടിപ്പിച്ച വെൽക്കം പരിപാടിക്കിടെയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ഇതിനെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.നിരവധി പോലീസുകാർക്ക് പരിക്കേറ്റു.അക്രമികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
മഅ്ദനിയുടെ സുരക്ഷ ചെലവ് കുറച്ചു
തിരുവനന്തപുരം:പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ കേരള യാത്രയുടെ ഭാഗമായുള്ള സുരക്ഷ ചെലവ് സുപ്രീംകോടതി കുറച്ചു. മഅ്ദനി 1,18,000 രുപ നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് പ്രകാരമാണ് നടപടി. മഅ്ദനിക്ക് കേരളത്തില്‍ തങ്ങാവുന്ന തിയതികളിലും സുപ്രീംകോടതി മാറ്റം വരുത്തി. ഈ മാസം ആറു മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന വാദം കോടതി തള്ളി. വിചാരണ തടവുകാരുടെ മേല്‍ സുരക്ഷ ചെലവ് ചുമത്തുന്നത് കീഴ്‍വഴക്കമാക്കരുത്. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.ഒൻപതാം തീയതി തലശ്ശേരിയിൽ വെച്ചാണ് മദനിയുടെ മകന്റെ വിവാഹം.അതിനു ശേഷം രോഗിയായ മാതാവിനെയും കണ്ട ശേഷമായിരിക്കും മദനി ജയിലിലേക്ക് മടങ്ങുക.
ദുബായ് മറീനയിൽ ടോർച് ടവറിൽ വൻ തീപിടുത്തം
ദുബായ്:ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റെസിഡൻഷ്യൽ അപ്പാർട്മെന്റായ ദുബായ് മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടുത്തം.ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു.അപകടം നടന്നു പത്തു മിനിറ്റിനുള്ളിൽ തീ അൻപതാം നിലയിലേക്ക് പടർന്നു.ടോർച്ച് ടവറിന്റെ ഒൻപതാം നിലയിൽ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകൾ കത്തി നശിച്ചതായാണ് വിവരം.ടോർച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരെ പോലീസ് മാറ്റി പാർപ്പിച്ചു.പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ബസ് പണിമുടക്ക് ദിനത്തിൽ യാത്രക്കാർക്ക് സഹായവുമായി പൊലീസിന്റെ ബസ് സർവീസ്
ജീൻ പോൾ,ശ്രീനാഥ് ഭാസി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി,സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ,അനിരുദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.എന്നാൽ തങ്ങൾ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പണം തട്ടിയെടുക്കാൻ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ഇവർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.അതേസമയം യുവതിയുടെ പാരാതിയിൽ കഴമ്പുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീൻ പോൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.അതിനാൽ ജാമ്യാപേക്ഷയെ പോലീസ് എതിർക്കുമെന്നാണ് സൂചന.
കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി.റൺവേയിൽ നിന്നും വിമാനം പുറത്തുപോയി. ബാംഗ്ലൂരില്‍ നിന്നും കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.തെന്നിമാറിയ വിമാനം ഇടിച്ച് റണ്‍വെയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. വൻ ദുരന്തമാണ് ഒഴിവായത്.