കുളത്തിൽ വീണ മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മ മുങ്ങിമരിച്ചു

keralanews mother drowns while saving her son
പാനൂർ:വസ്ത്രം അലക്കാനെത്തിയ അമ്മ കുളത്തിൽ വീണ നാലു വയസ്സുകാരൻ മകനെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു. പാനൂർ ഈസ്റ്റ് യുപി സ്കൂൾ അധ്യാപകൻ കൂറ്റേരി പുത്തൻ വീട്ടിൽ നിജേഷിന്റെ ഭാര്യ സരിഷ(28) ആണ് മരിച്ചത്.ഇന്നലെ പത്തരയോടെ കൂറ്റേരി വൈരീഘാതക ക്ഷേത്രത്തിനു സമീപത്തെ നാമത്ത് കുളത്തിലാണ് മുങ്ങിമരിച്ചത്.ഈ സമയത്ത് ബന്ധുവായ കുട്ടിയും സമീപത്തുണ്ടായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് നിജേഷിന്റെ കൂടെയാണ് ഇവർ കുളത്തിലെത്തിയത്. നിജേഷ് പോയതിനു ശേഷമാണ് സംഭവം. മകൻ: തന്മയ്.മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഭർതൃവീട്ടിൽ സംസ്കരിച്ചു.

പൊലീസിനെക്കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു

keralanews man died

കണ്ണൂർ:പരസ്യ മദ്യപാനം തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു. കതിരൂർ ആറാംമൈൽ സ്വദേശി ഹാഷിമാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി തോട്ടടയ്ക്കടുത്ത് ഏഴര കടപ്പുറത്താണ് സംഭവം.പരിസരത്തെ ഒരു റിസോർട്ടിന് സമീപം പരസ്യ മദ്യപാനവും ചൂതാട്ടവും നടക്കുന്നതായ വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്.സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിനിടെ ഹാഷിം റിസോർട്ട് കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറുകയും പിൻഭാഗത്തുകൂടെ ചാടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് റോഡരികിൽ അവശനായി കണ്ട ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഓട്ടത്തിനിടയിൽ വീണു പരുക്കേറ്റതായിരിക്കുമെന്നാണു പ്രാഥമിക നിഗമനം.

വിടവാങ്ങൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് വെങ്കലം

keralanews usain bolt wins bronze

ലണ്ടൻ:ഒന്നാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്തു ശീലമുള്ള ഉസൈൻ ബോൾട്ടിന് ഒടുവിൽ വിടവാങ്ങൽ മത്സരത്തിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫൈനലിൽ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി.ഫൈനലിൽ 9.95 സെക്കൻഡിൽ  ഓടിയെത്തിയ   ബോൾട്ടിന് മൂന്നാമതെത്താനേ സാധിച്ചുള്ളൂ.ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായിരുന്ന ബോൾട്ടിന് കരിയറിലെ അവസാന മത്സരത്തിൽ വെങ്കലമെഡലുമായി വിട വാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.ഇനി റിലേയിൽ ജമൈക്കൻ ടീമംഗമായി ബോൾട്ട് മത്സരിക്കുന്നുണ്ട്.

നെയ്യാറ്റിങ്കറിൽ എൻ.എസ്.എസ് മന്ദിരത്തിനു നേരെ ആക്രമണം

keralanews attack against nss temple

തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ എൻ.എസ്.എസ് മന്ദിരത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.മന്ദിരത്തിന്റെ ജനാല ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു.ഇതിനു സമീപത്തെ കൃഷിയും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രീയ സംഘർഷം;സർവകക്ഷിയോഗം ഇന്ന്

keralanews political meeting is on today

തിരുവനന്തപുരം:രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് മൂന്നു മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക.ഗവർണ്ണറുടെ നിർദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സിപിഎം-ബിജെപി നേതാക്കളുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേരുന്നത്.ഇതിനിടെ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വസതി സന്ദർശിക്കാൻ കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും.

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ്‌ ദമ്പതികൾ മരിച്ചു

keralanews couples died of electric shock

തൊടുപുഴ:പരിയാരത്തിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ്‌ ദമ്പതികൾ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ ആണ് സംഭവം.ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്‌ക്കൽ ബാബു(60),ഭാര്യ ലൂസി(56) എന്നിവരാണ് മരിച്ചത്.രാവിലെ പള്ളിയിൽ പോകുന്നതിനു മുൻപായി വീടിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടുന്നതിനിടെ ബാബുവിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബാബുവിനെ രക്ഷിക്കാൻ  ശ്രമിക്കുന്നതിനിടെ ലൂസിക്കും വൈദ്യുതാഘാതമേറ്റു.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി

keralanews m venkayya naidu the new vice president of india

ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്.വെങ്കയ്യ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടാണ് ലഭിച്ചത്.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.ലോക്സഭാ,രാജ്യസഭാ അംഗങ്ങൾ അടങ്ങുന്ന ഇലക്റ്ററൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷൻ.ലോക്സഭയിൽ 337 ഉം രാജ്യസഭയിൽ 80 അംഗങ്ങളും ഉള്ള എൻഡിഎ  സ്ഥാനാർത്ഥിയുടെ വിജയം അനായാസമായിരുന്നു.  അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാനായില്ല.ഇവർ സഞ്ചരിച്ച വിമാനം മുംബൈയിൽ പിടിച്ചിട്ടതിനാൽ ഇരുവർക്കും സമയത്തിന് ഡൽഹിയിൽ എത്താനായില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

keralanews goldhunt in nedumbasseri airport

കൊച്ചി:പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി.രാവിലെ ജി9 0425 എയർ അറേബ്യാ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷംസീർ(23) ആണ് പിടിയിലായത്.920.500 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.എട്ടു പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിൽ ചെറിയ സ്വർണ്ണ കട്ടികളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍

keralanews dileep will again give bail application in the high court

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ദിലീപിനു വേണ്ടി അഡ്വ.രാമന്‍പിള്ള കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. ആലുവ സബ് ജയിലില്‍ അഭിഭാഷകര്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.അഡ്വ.രാംകുമാറിനെ ഒഴിവാക്കിയാണ് രാമന്‍പിള്ളക്ക് വക്കാലത്ത് നല്‍കിയിരിക്കുന്നത്. കേസ് നടത്തിപ്പില്‍ അഡ്വ രാംകുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് പുതിയ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്‍റെ ഒരവസരം നഷ്ടപ്പെടുത്തിയെന്ന് നേരത്തെ വിമര്‍ശം ഉണ്ടായിരുന്നു.ആലുവ സബ് ജയിലില്‍ രാമന്‍പിള്ള അസോസിയേറ്റ്സിലെ ഫിലിപ്പ് ടി വര്‍ഗീസ്, സുജീഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ എത്തിയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ദിലീപുമായി വിശദമായ കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അഭിഭാഷകരെ ദിലീപിന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും അനുഗമിച്ചിരുന്നു.

രണ്ടു പതിറ്റാണ്ടിനു ശേഷം പാകിസ്ഥാനിൽ ഹിന്ദു മന്ത്രി

keralanews a hindu minister in pakisthan after two decades

ഇസ്ലാമാബാദ്:രണ്ടു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനിൽ ഒരു ഹിന്ദു മന്ത്രി അധികാരത്തിലെത്തി.ദർശൻ ലാലാണ് നാലു പ്രവിശ്യയുടെ ഏകോപന ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റത്.സിന്ധിലെ ഗോഡ്‌കി ജില്ലയിൽ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ദർശൻ ലാൽ പുനസംഘടനയെ തുടർന്നാണ് മന്ത്രിസഭയിൽ ഇടം പിടിച്ചത്.രണ്ടാം തവണയാണ് ദേശീയ അസ്സംബ്ലിയിൽ എത്തുന്നത്.ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്.