തിരുവനന്തപുരം:ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തിൽപെട്ട തമിഴ്‍നാട് സ്വദേശി മരിച്ച സംഭവത്തിൽ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജും ഇയാള്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് ആശുപത്രികളില്‍ നിന്ന് മുരുകനെ മടക്കി അയച്ചത്.അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ് യു ടി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. ആശുപത്രികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.അപകടത്തിപെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കൂടാതെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്ററുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങിയ മൂന്നുപേർ വിഷവാതകം ശ്വസിച്ച് മരിച്ചു.ലജ്പത് നഗറിൽ ഇന്നലെയാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകയ്‌ക്കെടുത്ത തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്ത ബോർഡ് നിഷേധിച്ചു.മരിച്ചവർ ജൽ ബോർഡിലുള്ള തൊഴിലാളികളല്ല.എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇവർ മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജൽ ബോർഡ് അധികൃതർ പറഞ്ഞു.ആദ്യം അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാന്ഹോളിലിറങ്ങി.കുറെ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനെ തുടർന്ന് ജോലി കരാറെടുത്തിരുന്നയാൾ രണ്ടാമനെ ഇറക്കി വിട്ടു.അയാളെയും കാണാതായപ്പോൾ മൂന്നാമത്തെയാളെയും ഇറക്കി.മൂന്നാമനെയും കാണാതായതോടെ നാലാമത്തെയാളെ കയറുകെട്ടി താഴെ ഇറക്കി.ശ്വാസം കിട്ടുന്നില്ലെന്ന് ഇയാൾ നിലവിളിച്ചതിനെ തുടർന്ന് ഇയാളെ വലിച്ചു കയറ്റി.പിന്നീട് പോലീസെത്തി മറ്റു മൂന്നുപേരെയും പുറത്തെടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിഷവാതകം ശ്വസിച്ച നാലാമനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ മൺകൂനയിൽ ഇടിച്ച് മൽസ്യബന്ധന ബോട്ട് തകർന്നു
കണ്ണൂർ:മൽസ്യബന്ധന ബോട്ട് മൺകൂനയിൽ ഇടിച്ചു തകർന്നു.ഇന്നലെ പുലച്ചെ ആയിക്കര മാപ്പിളബേയിൽ ചെഗ്വേര എന്ന ബോട്ടാണ് അപകടത്തിപെട്ടത്.കഴിഞ്ഞ ദിവസം രാത്രി മൽസ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ കയറ്റി ഇട്ടതായിരുന്നു ബോട്ട്.ഇന്നലെ പുലർച്ചെ വീണ്ടും മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ ബോട്ട് കടലിലേക്ക് നീക്കിയപ്പോഴാണ് കൂറ്റൻ മൺകൂനയിൽ തട്ടി ബോട്ട് തകർന്നത്.ആളപായമില്ല.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ദിലീപിന് ജയിലിൽ സുഖവാസമെന്ന് സഹതടവുകാരൻ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്ന് റിപ്പോർട്.ജയിലിൽ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്.പകൽ മുഴുവൻ ദിലീപ് ജയിൽ ഉദ്യോഗസ്ഥരുടെ മുറിയിലായിരിക്കും.രാത്രി ഉറങ്ങാൻ മാത്രമാണ് സെല്ലിൽ എത്തുന്നത്.ജയിലിൽ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണം അവരുടെ മുറിയിലെത്തിച്ചാണ് ദിലീപിന് വിളമ്പി കൊടുക്കാറെന്നും സനൂപ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് കണ്ടെത്താനാകുമെന്നും മർദ്ദനം ഭയന്നാണ് സഹതടവുകാർ ഇക്കാര്യം പുറത്തു പറയാത്തതെന്നും ഇയാൾ പറഞ്ഞു.
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മരിച്ചു.
കൊല്ലം:സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു.തിരുനെൽവേലി സ്വദേശി മുരുകനാണ്(30) ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത് .ഉടനെ തന്നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂട്ടിരുപ്പുകാർ ഇല്ലെന്നു പറഞ്ഞു ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.തുടർന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും മറ്റുപല സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും അവരും ചികിൽസിക്കാൻ വിസമ്മതിക്കുകയായിരുന്നു.തുടർന്നു അതെ ആംബുലൻസിൽ തന്നെ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.എന്നാൽ അവിടെ വെന്റിലേറ്റർ ലഭ്യമായിരുന്നില്ല.രാവിലെ ആറുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം:പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജി.എസ്.ടി ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായി നിയമസഭാ സമ്മേളങ്ങൾക്കു ഇന്ന് തുടക്കമാകും.നിയമ നിർമാണങ്ങൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള സമ്മേളനമാണ് ഇത്തവണ ചേരുന്നതെകിലും ജനകീയ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യും.സിപിഎം-ബിജെപി സംഘർഷം,കൊലപാതകം,വിൻസെന്റ് എംഎൽഎ യുടെ അറസ്റ്റ്,ജി.എസ്.ടി,സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ സഭയെ ചൂടുപിടിപ്പിക്കും.24 ന് അവസാനിക്കുന്ന സമ്മേളനത്തിൽ 10 ദിവസം നിയമ നിർമാണത്തിനായി നീക്കി വെച്ചിട്ടുണ്ട്.രണ്ടു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർത്ഥനയ്ക്കുമാണ്.കഴിഞ്ഞ സമ്മേളനത്തിന് ശേഷം പരിഗണിച്ച ഒൻപതു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.ഇന്ന് കേരള മെഡിക്കൽ ബില്ലും നാളെ ജി.എസ്.ടി ബില്ലുമാണ് പരിഗണിക്കുന്നത്.
പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു
കൊച്ചി:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമർശങ്ങൾ നടത്തുന്നതിനാൽ കേസെടുക്കാമെന്നാണ് ലോ ഓഫീസറുടെ നിയമോപദേശം. ഒൻപതാം തീയതി കമ്മീഷൻ ചേരുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈൻ അറിയിച്ചു. നടിക്കെതിരെയുള്ള പിസി ജോർജിന്റെ പരാമർശങ്ങൾ വിമൻ ഇൻ സിനിമ കളക്റ്റീവ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു
പത്തനംതിട്ട:അച്ചൻകോവിലാറിന്റെ താഴ്വര കടവിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു.കൊല്ലം ചവറ സ്വദേശികളായ പ്രസാദ്(38),പ്രമോദ്(36),എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മണ്ണിക്കടവിൽ പുഴയിലേക്ക് വളർന്നു നിൽക്കുന്ന കാട്ടിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ശനിയാഴ്ചയാണ് ഇവരെ കാണാതായത്.
താമരശ്ശേരി വാഹനാപകടം;മരണം ഏഴായി
കോഴിക്കോട്:കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ അടിവാരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി ആയിഷ നൂറായാണ് മരിച്ചത്.വെണ്ണക്കോടെ ആലുംതര തടത്തുമ്മൽ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ.
മഅ്ദനി ഇന്ന് കേരളത്തിലെത്തും
കൊച്ചി:അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 3.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലായിരിക്കും മഅ്ദനിയുടെ താമസം. 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും.രാവിലെ 10 ന് ബംഗുളൂരുവിലെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടുന്ന മഅ്ദനി ഉച്ചക്ക് 2.20 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ ബംഗുളൂരുവില്‍ നിന്ന് തിരിക്കും. ഉച്ചക്ക് 3.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി അവിടെ നിന്ന് റോഡുമാര്‍ഗം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്കും പോകും.ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലായിരാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും ബന്ധു റജീബും ഉള്‍പ്പെടെ 6 പേരാണ് മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്നത്. ബംഗുളൂരു പൊലീസിലെ രണ്ട് സിഐമാര്‍ മഅ്ദനിയെ വിമാനത്തില്‍ അനുഗമിക്കും. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കേരളത്തിലെത്തും.