അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് പൃഥ്വിരാജ്

keralanews no need for leadership change in amma

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് നടൻ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ താൻ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.യുവനടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനക്ക് നിലവിൽ നേതൃത്വം നൽകുന്നവർ മാറണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി

keralanews central govt cancelled ten lakh pan cards

ന്യൂഡൽഹി:പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി.വ്യാജ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെയുള്ള നടപടിയുടെ ഭാഗമാണിത്.ഒരേ സാമ്പത്തിക ഇടപാടുകൾക്ക്‌ ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.സർക്കാർ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പാൻകാർഡുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല.ഇത് പ്രകാരം വ്യാജ വിവരങ്ങൾ നൽകി സമ്പാദിച്ചിട്ടുള്ള പാൻ കാർഡുകളാണ് സർക്കാർ അസാധുവാക്കിയിട്ടുള്ളത്.ഒരേ വ്യക്തി വ്യത്യസ്ത പാൻകാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് ആദായനികുതി അടയ്ക്കുന്നതിന് ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന ചട്ടം സർക്കാർ കർശനമാക്കിയത്.

വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

keralanews bail application of vincent mla rejected

തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന്‍ വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ

keralanews national human rights commission arrives in kerala tomorrow

തിരുവനന്തപുരം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ എത്തുന്നു.നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തിൽതെളിവെടുപ്പ് നടത്തുന്ന കമ്മീഷൻ തിരുവന്തപുരത്തെ ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവർ എത്തുന്നതെന്നാണ് വിശദീകരണം.

മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

keralanews madrasa student sexually absued

കോഴിക്കോട്:മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.കാരശ്ശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്.പേര് റഷീദ് എന്ന് വെളിപ്പെടുത്തി ഇയാൾ വ്യാഴാഴ്ച്ച മദ്രസയിലെത്തിയിരുന്നു.തനിക്കു ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ എത്തിയത്.എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കാൻ പറ്റില്ലെന്ന് കമ്മിറ്റി അറിയിച്ചു.ദൂരസ്ഥലത്തു നിന്നും വന്നത് കൊണ്ട് രാത്രി പള്ളി അധികൃതർ അയാളെ അവിടെ തങ്ങാൻ അനുവദിക്കുകയായിരുന്നു.മറ്റു കുട്ടികൾക്കൊപ്പമാണ് ഇയാൾ ഉറങ്ങിയത്.പിറ്റേ ദിവസം ഉച്ചയോടെ ഇയാൾ പോവുകയും ചെയ്തു.ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.പീഡന വിവരം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.വെള്ളിയാഴ്ച അവധിയായതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് പുറംലോകം ഈ വിവരം അറിയുന്നത്.പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയിൽ

keralanews dileeps brother approached court against the closure of dcinemas

കൊച്ചി:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയെ സമീപിച്ചു.നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭയുടെ നിർദേശപ്രകാരം ഡി സിനിമാസ് അടച്ചു പൂട്ടിയത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തീയേറ്റർ അടച്ചുപൂട്ടാൻ നഗരസഭ തീരുമാനമെടുത്തത്.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

keralanews high court lifted the life ban of sreesanth

കൊച്ചി:ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ വിലക്ക് നീക്കി.ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കില്ല എന്ന് ഹൈകോടതിയാണ് വിധിച്ചത്.ഐ.പി.എല്ലിൽ ഒത്തു കളിച്ചു എന്നാരോപിച്ചാണ് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം  വിലക്കിയത്.വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം.ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെവിട്ടതാണ് എന്നും കോടതി നിരീക്ഷിച്ചു.വിലക്ക് നീക്കിയ വാർത്തയോട് ശ്രീശാന്ത് സന്തോഷവാനായാണ് പ്രതികരിച്ചത്.ദൈവത്തിനും തന്നെ പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.ഇനി മുൻപിലുള്ള ആദ്യ ലക്‌ഷ്യം കേരള ടീമിൽ എത്തുക എന്നുള്ളതാണെന്നും ഇന്ത്യൻ ടീമിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

കോട്ടയം ഭാരത് ആശുപത്രിയില്‍ വീണ്ടും നഴ്സ് സമരം

keralanews nurses strike again in bharath hospital kottayam

കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചു. നേരത്തെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരക്കാരെ ആശുപത്രിക്ക് മുന്‍പില്‍ പൊലീസ് തടഞ്ഞു.ശമ്പള വര്‍ദ്ധനവ്, ഷിഫ്റ്റ് തുടങ്ങിയ 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മാസം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തിയത്. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടേയും നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലും സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്  നാളുകളായി സമരം ചെയ്ത നേഴ്സുമാര്‍ക്ക് നേരെ മാനേജ്മെന്റ് പ്രതികാര നടപടികള്‍  സ്വീകരിക്കുകയാണെന്നാണ് നഴ്സുമാര്‍ പറയുന്നത്.സമരം ചെയ്ത 9 നഴ്സുമാരെ അകാരണമായി മാനേജ്മെന്റ് പിരിച്ച് വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. സമരം ഇതിനോടകം യുഎന്‍എ ഏറ്റെടുത്തു കഴിഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആശുപത്രി കോമ്പൌണ്ടില്‍ സമരം ചെയ്യാന്‍ പൊലീസ് നഴ്സുമാരെ അനുവദിച്ചില്ല.

ഓഗസ്റ്റ് 22 ന് ബാങ്ക് പണിമുടക്ക്

keralanews bank strike on august 22

ന്യൂഡൽഹി:ഓഗസ്റ്റ് 22 ന് ബാങ്ക് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി പണിമുടക്കും.സാധാരണക്കാരന്റെ താല്പര്യങ്ങൾക്കെതിരെ സർക്കാർ നടപ്പിലാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് ‌ പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമീപകാലത്തുണ്ടായ കേന്ദ്ര സർക്കാരിന്റെ ചില നയപ്രഖ്യാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച്  ബാങ്കിങ് മേഖലയെ തകർക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ ചണ്ടീഗഡ് മേഖല ജനറൽ സെക്രെട്ടറി ദീപക് ശർമ്മ ആരോപിച്ചു.

ബാർബർ ഷോപ്പ് മാലിന്യം കിണറ്റിൽ തള്ളിയ ഷോപ്പുടമ പിടിയിൽ

keralanews barbar shop owner arrested

ചാല:നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ബാർബർഷോപ്പിലെ മാലിന്യം തള്ളിയ ഷോപ്പുടമ പിടിയിലായി.ചാലക്കുന്നിലെ രാജീവ്ജി യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിന്റെ 25 കോൽ ആഴമുള്ള കിണറ്റിലാണ് മുടി ഉൾപ്പെടെയുള്ള നാലു ചാക്ക് മാലിന്യം തള്ളിയത്.ഇന്നലെ രാവിലെ കിണറ്റിൽ നിന്നും വെള്ളമെടുക്കാനെത്തിയ സ്ത്രീകളാണ് കിണറ്റിൽ മാലിന്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയും എടക്കാട് പോലീസും സ്ഥലത്തെത്തി കിണറിൽ നിന്നും ചാക്കുകെട്ടുകൾ പുറത്തെടുത്തു.ചാക്കുകൾ അഴിച്ചുനോക്കി പരിശോധിച്ചപ്പോഴാണ് ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളാണ് എന്ന് മനസിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാർബർ ഷോപ്പുടമ  മട്ടന്നൂർ സ്വദേശി മജീദ് പിടിയിലായി.ഇയാൾ മാലിന്യം തള്ളാൻ വേറെ രണ്ടുപേരെ ഏൽപ്പിച്ചിരുന്നു. ഇവർ ഓട്ടോയിൽ കൊണ്ടുവന്നാണ് മാലിന്യം കിണറ്റിൽ തള്ളിയതെന്നു അന്വേഷണത്തിൽ മനസിലായി.ഇവർ മൂന്നുപേർക്കുമെതിരെ എടക്കാട് പോലീസ് കേസെടുത്തു.കൊടും വേനലിൽ പോലും വറ്റാത്ത ഈ കിണറ്റിൽ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് വെള്ളമെടുക്കുന്നത്.മലിനമായ കിണറിൽ നിന്നും വെള്ളമെടുക്കാൻ കഴിയാതെ വീട്ടമ്മമാർ ദുരിതത്തിലായി. ശുചീകരണ പ്രവർത്തനങ്ങൾ ഷോപ്പുടമയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.