രാജപുരം:ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി..പാണത്തൂർ പവിത്രംകയം പുഴയിൽ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ മുതൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പവിത്രംകയം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജപുരം എസ്.ഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സനയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതിനെ തുടന്ന് ദിവസങ്ങളോളം വീടിനു സമീപത്തെ കനാലിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി
കൊടുവള്ളി:കൈതപ്പൊയിൽ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു.വെണ്ണക്കോട് തടത്തുമ്മേൽ മജീദ്-സഫീന ദമ്പതികളുടെ മകൾ ഖദീജ നിയ(10) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ നിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ കൊടുവള്ളി അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒന്പതായി.അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും കൊച്ചുമകളാണ് ഖദീജ നിയ.ഈ മാസം അഞ്ചിനാണ് അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസ്സും ജീപ്പും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്
ചെന്നൈ:തമിഴ്‌നാട്ടിലെ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്.ശ്രീലങ്കയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടു കിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം.കഴിഞ്ഞ ദിവസം 49 മൽസ്യത്തൊഴിലാളികളെയും അവരുടെ ഒൻപതു ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ പിടികൂടിയിരുന്നു.പുതുക്കോട്ട,രാമനാഥപുരം എന്നീ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.അനുവദനീയമായ സ്ഥലത്താണ് തങ്ങൾ മൽസ്യബന്ധനം നടത്തിയതെന്നും ശ്രീലങ്കൻ നാവികസേനാ അന്യായമായ നടപടിയാണ് സ്വീകരിച്ചതെന്നും സമരക്കാർ വ്യക്തമാക്കി.തമിഴ്‌നാട്ടിൽ നിന്നുള്ള 64 മൽസ്യ തൊഴിലാളികളാണ് ശ്രീലങ്കൻ ജയിലുകളിൽ ഉള്ളത്.ഇതിനു പുറമെ 125 ബോട്ടുകളും ശ്രീലങ്ക ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
ഡി സിനിമാസിന് പ്രവർത്തനാനുമതി
കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തീയേറ്റർ അടച്ചുപൂട്ടിയത്.തീയേറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നതെന്നും തീയേറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തീയേറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്തു ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ജാമ്യാപേക്ഷ നാളെ സമർപ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ളയുടെ ഓഫീസ് അറിയിച്ചു.എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി.മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു.നാളെ ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിലാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുന്നത്.അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ഇത് വരെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്.
എസ്.ബി.ഐക്കു പിന്നാലെ ആക്സിസ് ബാങ്കും സേവിങ്സ് അക്കൗണ്ട് പലിശ കുറച്ചു
മുംബൈ:രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും.50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാലു ശതമാനം പലിശ തുടരും.ഒരു കോടിക്ക് താഴെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ നൽകുന്ന പലിശ 3.5 ശതമാനമാണ്.മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും കർണാടക ബാങ്കും സമാനമായ രീതിയിൽ പലിശ നിരക്ക് ബഹിഷ്‌ക്കരിച്ചിരുന്നു.റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്‌പ്പാ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.
ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
കണ്ണൂർ:ആയിക്കര ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.എഡിഎമ്മുമായി നടത്തിയ ചർച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. ഹാർബറിലെ മണൽ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു രണ്ടു ദിവസമായി തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയിക്കരയിൽ ഹർത്താൽ നടത്തിയ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു.ഹാർബറിൽ മണൽ ഡ്രജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നത്.ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ചു മത്സ്യബോട്ടുകൾ അപകടത്തിൽ പെടുന്നതു പതിവായ സാഹചര്യത്തിലാണു തൊഴിലാളികൾക്കു സമരത്തിലേക്കു നീങ്ങേണ്ടിവന്നത്.അഴിമുഖത്ത് 20നു ഡ്രജിങ് പുനരാരംഭിക്കും. സ്ഥലമില്ലാത്തതിനാൽ ബാർജിൽ നിന്നു നാല് കിലോമീറ്റർ അകലെ ഉൾക്കടലിൽ ഡ്രജ് ചെയ്തെടുക്കുന്ന മണൽ തള്ളാനാണ് തീരുമാനം. അഴിമുഖത്തടിയുന്ന മണൽ കാരണം അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാൻ എഡിഎം വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം.
എവറസ്റ്റ് കീഴടക്കിയെന്നു നുണ പറഞ്ഞ ദമ്പതികളെ പിരിച്ചുവിട്ടു
പൂനെ:എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്നു നുണ പറഞ്ഞ പോലീസ് ദമ്പതികളെ പിരിച്ചുവിട്ടു.പൂനെയിലെ പോലീസ് കോൺസ്റ്റബിൾമാരായ ദിനേശ് റാത്തോഡിനെയും ഭാര്യ താരകേശ്വരിയെയുമാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സർവീസിൽ നിന്നും പുറത്താക്കിയത്.കഴിഞ്ഞ വർഷം മെയ് ആദ്യമാണ് തങ്ങൾ എവറസ്റ്റ് കീഴടക്കി എന്ന അവകാശവാദവുമായി ദമ്പതികൾ രംഗത്തെത്തിയത്.എവറസ്റ്റിന്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ചിത്രം സഹിതമാണ് ഇവർ രംഗത്തെത്തിയത്.ഇതുമായി ഇവർ നേപ്പാൾ ടൂറിസം മന്ത്രാലയത്തെ സമീപിക്കുകയും മന്ത്രാലയത്തെ തെറ്റിധരിപ്പിച്ചു സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുകയും ചെയ്തു.തുടർന്ന് ഇവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു.ചിത്രം ശ്രദ്ധയിൽപെട്ട ചിലർ ഇത് മോർഫ് ചെയ്ത ചിത്രമാണെന്ന് പറഞ്ഞു രംഗത്തെത്തി.സംഭവം വിവാദമായതിനെ തുടന്ന് പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് ചിത്രം മോർഫുചെയ്തതാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.സത്യം പുറത്തു വന്നതോടെ നേപ്പാൾ സർക്കാർ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും 10 വർഷത്തേക്ക് വിലക്കി.
അഹമ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയിലേക്ക്
ഗാന്ധിനഗർ:ഗുജറാത്തിൽ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അഹമ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കൂറുമാറി ബിജെപി ക്കു വോട്ടു ചെയ്ത രണ്ടു കോൺഗ്രസ് എംഎൽഎ മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ധാക്കിയതോടെയാണ് പട്ടേൽ വിജയിച്ചത്.വോട്ട് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി ഇനി നിയമ യുദ്ധത്തിനൊരുങ്ങുകയാണ് എന്ന് ഗുജറാത്തിലെ ബിജെപി വക്താവ് അറിയിച്ചു.കോൺഗ്രസിലെ രാഘവ്ജി പട്ടേൽ,ഭോലാഭായി ഗോഹിൽ എന്നിവരുടെ വോട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം പോളിങ്
മട്ടന്നൂർ:ഇന്നലെ നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം വോട്ടു രേഖപ്പെടുത്തി.നഗരസഭയിൽ മൊത്തം 36330 വോട്ടർമാരുള്ളതിൽ 30122 വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്.ഓഗസ്റ്റ് പത്തിന് രാവിലെ പത്തു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.