ന്യൂഡൽഹി:പാൻകാർഡിനും മൊബൈൽ കണക്ഷനും പുറകെ വോട്ടർ ഐ.ഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് കഴിഞ്ഞ ദിവസം ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.
പുല്പള്ളിയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം
പുൽപള്ളി:സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.അജ്ഞാതർ ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നതായി സിപിഎം ആരോപിച്ചു.ഓഫീസ് ആക്രമണത്തിന് പിന്നിലും ബിജെപിയാണെന്നു സിപിഎം നേതൃത്വം പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും തനിക്കയച്ച കത്ത് കിട്ടിയപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കു വാട്സ് ആപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു.രണ്ടു ദിവസത്തിനകം രേഖാമൂലം പരാതിയും നൽകി.കത്ത് കിട്ടി ഇരുപതു ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.ഇതോടൊപ്പം എഡിജിപി ബി സന്ധ്യക്കെതിരെയും ജാമ്യാപേക്ഷയിൽ ആരോപണം ഉയർത്തിയിരുന്നു. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി:എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പത്തു മണിക്ക് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് മുന്പാകെയാണ് സത്യപ്രതിജ്ഞ.കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം വായിക്കും. ഇതിനു ശേഷമാണ് സത്യപ്രതിജ്ഞ.തുടർന്ന് രാജ്യസഭയിലെത്തുന്ന വെങ്കയ്യ നായിഡു അധ്യക്ഷ പദവി ഏറ്റെടുക്കും.പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്‌ണ ഗാന്ധിയെ 244 നെതിരെ 516 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയാകുന്നത്.
ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം:ന്യൂസ് 18 ചാനലിലെ വനിതാ മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു.അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോർട്.സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇവർ ചാനൽ മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ നടപടിയില്ലാതെ തനിക്കു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെയാണ് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവർത്തകയാണ് ഉറക്കഗുളികകൾ അമിതമായി കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചത്.ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.സനീഷിനെതിരെ ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.എന്നാൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.ഇതിനു ശേഷം അവധിയിലായിരുന്ന പെൺകുട്ടി ഇന്നലെ ഉച്ചയോടെ ഓഫീസിലെത്തി രാജീവിനെ കണ്ട് ദീർഘനേരം സംസാരിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയതിനു ശേഷമാണ് ആത്മഹത്യാശ്രമം നടത്തിയത്.
2022 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി
ന്യൂഡൽഹി:2022 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി പീയുഷ് ഗോപാൽ.വീടുകളിൽ വൈദ്യുതി എത്തിക്കാനുള്ള അവസാന തീയതിയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 2022 ഓഗസ്റ്റ് പതിനഞ്ചും ഗ്രാമപ്രദേശങ്ങളിൽ എത്തിക്കാനുള്ളത് 2018 മെയ് മാസവും ആണ്.എന്നാൽ ഇതിനു മുൻപായി തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.
പള്‍സര്‍ സുനി വിളിച്ചതും കത്തയച്ചതും അപ്പോള്‍ത്തന്നെ ബെഹ്റയെ അറിയിച്ചിരുന്നു: ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ.പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നത്.ബെഹ്റയുടെ പേർസണൽ നമ്പറിലേക്ക് വിളിച്ച് താൻ കാര്യം അറിയിച്ചിരുന്നു.സുനിയുമായി നടത്തിയ ഫോൺ സംഭാഷണം അടക്കം ബെഹ്‌റയ്‌ക്ക് വാട്സ്ആപ് ചെയ്തു നൽകുകയും ചെയ്തെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ജയിലിൽനിന്നും പൾസർ സുനി ഫോൺ വിളിച്ചകാര്യം ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചു എന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.
കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു
കൽപ്പറ്റ:കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുൺ കുഴഞ്ഞു വീണു മരിച്ചു.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ വെച്ചാണ് അരുൺ കുഴഞ്ഞു വീണത്.വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു.വൈത്തിരി സ്വദേശിയാണ്.
പാതയോര മദ്യനിരോധനം: വിധി മാറ്റില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയ ഉത്തരവിൽ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ വ്യക്തത തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.