കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർഥിനിക്കു നേരെ ബലാത്സംഗശ്രമം; പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്

keralanews rape attempt against college student in kondotti police got hit about the accused

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർഥിനിക്കു നേരെ ബലാത്സംഗശ്രമം.കൊണ്ടോട്ടി കൊട്ടുകരയില്‍ പട്ടാപകലാണ് സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന ആള്‍ കീഴ്പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച്‌ കൊണ്ടുപോവുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. തലയില്‍ കല്ലു കൊണ്ടടിച്ചു. ഇടക്ക് പെണ്‍കുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു.പെണ്‍കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. പരിക്ക് ഗുരുതരമല്ല.ആക്രമിച്ചത് വെളുത്തുതടിച്ച മീശയും താടിയുമില്ലാത്ത ആളാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി സമീപവാസി പറഞ്ഞു. പ്രതിയെ മൂന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ ആളെ അറിയില്ല എന്നാല്‍ പെണ്‍കുട്ടി പറഞ്ഞത്. കണ്ടാല്‍ തിരിച്ചറിയാം. ദേഹം മുഴുവന്‍ ചെളിപുരണ്ട നിലയിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിവന്നത്. കൈകള്‍ കെട്ടിയിരുന്നു. വായിലും എന്തോ തിരുകിവച്ച നിലയിലായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി കരയുകയായിരുന്നു. വീട്ടുകാരെ കുറിച്ച്‌ ചോദിച്ചിട്ട് പോലും ആദ്യം മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഓടിക്കയറിയ വീടിനു സമീപമുള്ള അയല്‍വാസിയായ അധ്യാപിക പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്നു ലഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ പ്രതിക്കായി പൊലീസ്‌അന്വേഷണം തുടരുകയാണ്.

ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

keralanews four died when house got fire in delhi

ന്യൂഡൽഹി:ഓള്‍ഡ് സീമാപുരിയിൽ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ഹരിലാല്‍ (56), ഭാര്യ റീന (55), ഇവരുടെ മകന്‍ ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് നാലുപേരും മരിച്ചത്. എല്ലാ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് അയച്ചു.പുലര്‍ച്ചെ 4.07നാണ് അഗ്‌നിശമനസേനയ്ക്ക് സന്ദേശം ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും വെ​ബ് പോ​ര്‍​ട്ട​ലി​ല്‍;ജി.​ഐ.​എ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​ര്‍​പ​റേ​ഷ​നാ​യി ക​ണ്ണൂ​ര്‍

keralanews Full details on the web portal kannur become the first corporation in the state to be established by the g i s

കണ്ണൂര്‍: ഭൗമ വിവരസാങ്കേതികവിദ്യ (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും ലാന്‍ഡ് മാര്‍ക്കുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും വെബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം തിരയാന്‍ സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയത്.നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. കൃഷിഭൂമി സംരക്ഷണം, മാലിന്യ സംസ്കരണം, റോഡുകളുടെ വികസനം, ഡാറ്റബാങ്ക് പരിധിയില്‍ നിര്‍മാണങ്ങള്‍ തടയല്‍ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കാനാവും.തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ജീവവൈവിധ്യ മേഖലകള്‍ എന്നിവയുടെ സംരക്ഷണവും ഉറപ്പുവരുത്താം. ജലമലിനീകരണം കുറക്കാനാവും. കോവിഡ് കാരണം ചെറിയ കാലതാമസം നേരിട്ടെങ്കിലും ഡ്രോണ്‍സര്‍വേ, ഡി.ജി.പി.എസ് സര്‍വേ, ജി.പി.എസ് സര്‍വേ, പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടിയുള്ള കെട്ടിട സര്‍വേ തുടങ്ങിയ വിവിധ പ്രവൃത്തികളിലൂടെ കോര്‍പറേഷന്റെ മുഴുവന്‍ വിവരങ്ങളും വെബ്പോര്‍ട്ടലില്‍ ലഭ്യമാണ്.യു.എല്‍.ടി.എസാണ് പോര്‍ട്ടല്‍ തയാറാക്കിയത്. നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിര്‍വഹണം, ക്ഷേമ പദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുക എന്നിവ പോര്‍ട്ടലിന്റെ സഹായത്തോടെ സാധ്യമാകും. സാമ്പത്തികമായ കാര്യങ്ങളിലും പുതിയ സംവിധാനം സഹായകമാകും. നികുതിപരിധിയില്‍ വരാത്ത കെട്ടിടങ്ങളും അനധികൃത നിര്‍മാണം കണ്ടെത്താനും നടപടിയെടുക്കാനുമാവും.ജി.ഐ.എസ് അധിഷ്ഠിത കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്‍, സി. സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ജി.ഐ.എസ് ഹെഡ് ജയിക് ജേക്കബ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ മുസ്ലിഹ്‌ മഠത്തില്‍, സെക്രട്ടറി ഡി. സാജു തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി ശാന്തി അറസ്റ്റില്‍

keralanews thiruvananthapuram corporation tax evasion case main accused shanthi who was absconding arrested

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റില്‍.നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെ രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം നടന്നത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്.നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സ്കൂൾ തുറക്കൽ;വിദ്യാർത്ഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കി സര്‍ക്കാര്‍

keralanews school opening government prepares protocol for students travel

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളില്‍ തെര്‍മ്മല്‍ സ്കാനര്‍, സാനിറ്റെസര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.സ്കൂള്‍ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂള്‍ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.അതേസമയം, സ്റ്റുഡന്‍റ് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അധികമായി 650 ബസുകള്‍ കൂടി കെഎസ്‌ആര്‍ടിസി ഇറക്കും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക്; നിർണായക യോഗം ഇന്ന്; തമിഴ്‌നാടും പങ്കെടുക്കും

keralanews water level in mullaperiyar rises to 138 feet crucial meeting today tamilnadu will also participate

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചതോടെ തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാള്‍ നാലിരട്ടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മൂന്നിന് ഉന്നതതല യോഗം ചേരുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് പ്രശ്‌നപരിഹാരം. സർക്കാരിന്റെ നയവും തീരുമാനവും അതാണ്. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിന് വെള്ളം നൽകാൻ തയ്യാറാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിഷയം കേരളവും തമിഴ്നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച്‌ കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 6664 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;9010 പേർ രോഗമുക്തി നേടി

keralanews 6664 corona cases confirmed in the state today 9010 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6664 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂർ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂർ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസർഗോഡ് 149 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കൊറോ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 219 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂർ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂർ 414, കാസർഗോഡ് 135 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കണ്ണൂർ മാത്തിലില്‍ പൂച്ചകളെ കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളിയതായി പരാതി;പോലീസ് അന്വേഷണം ആരംഭിച്ചു

keralanews cat killed and dump their bodies infront of the house of school principal in mathil kannur

കണ്ണൂർ: മാത്തിലില്‍ പൂച്ചകളെ കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളിയതായി പരാതി.മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്.തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രന്‍ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് വാതില്‍പ്പടിയില്‍ രണ്ട് പൂച്ചകളുടെ ജഡം കണ്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി

keralanews bomb found inside toilet while cleaning school in kannur

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. രണ്ട് നാടൻ ബോംബുകളാണ് ശൗചാലയത്തിൽ നിന്നും കണ്ടെത്തിയത്.സ്‌കൂൾ ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് പി ടി എ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ശൗചാലയത്തില്‍ ബോംബുകള്‍ കണ്ടെത്തിയത്. പി ടി എ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews supreme court will consider mullapperiyar case today

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.രണ്ട് പൊതുതാത്പര്യ ഹർജികളാണ് കോടതിയ്‌ക്ക് മുമ്പിൽ ഉള്ളത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ചവരുത്തിയെന്നും, അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് പൊതുതാത്പര്യ ഹർജികൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തമിഴ്‌നാടുമായുള്ള പട്ടയക്കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.അതേസമയം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 137 അടി കടന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ വകുപ്പും അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. പെരിയാർ തീരനിവാസികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഭരണകൂടം അറിയിച്ചു.