നിലബൂർ:നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്‍റെ അനുമതി റദ്ദാക്കി. മലിനീകരണ നിയന്ത്രണ ബോർഡാണ് പാർക്കിന്‍റെ അനുമതി പിൻവലിച്ചത്. മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നായിരുന്നു നടപടി. മൂന്നു മാസം മുൻപായിരുന്നു പാർക്കിനു അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ വ്യവസ്ഥകളോടെയാണ് പാർക്കിനു അനുമതി നൽകിയിരുന്നതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മൂന്നു മാസത്തിനുള്ളിൽ മാലിന്യസംസ്കരണത്തിനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചതിനെ തുടർന്നാണ് പാർക്കിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ബിജെപി മുൻ കൗൺസിലർ ഷാർജയിൽ വാഹാപകടത്തിൽ മരിച്ചു
ഷാർജ:ഷാർജയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും തെറിച്ചു വീണ് ബിജെപി മുൻ കൗൺസിലർ മരിച്ചു.കാസർകോഡ് അടുക്കത്ത് ബയൽ കടപ്പുറം സ്വദേശിനി സുനിത പ്രശാന്ത്(40) ആണ് മരിച്ചത്.അഞ്ചു വർഷത്തോളമായി ഷാർജയിൽ ബ്യുട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ദൈദ് റോഡിലായിരുന്നു അപകടം.വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ ഡോർ തനിയെ തുറന്ന് സുനിത പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇലക്ട്രിക് പോസ്റ്റിൽത്തലയിടിച്ചതിനെ തുടർന്ന് സുനിത തൽക്ഷണം മരിക്കുകയായിരുന്നു.ഇത് കണ്ടു പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് കാർ ഡിവൈഡറിലിടിച്ചാണ് സുനിതയുടെ ഒപ്പമുണ്ടായിരുന്ന സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.സൂസനായിരുന്നു കാർ ഓടിച്ചിരുന്നത്.കാസർകോഡ് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. ഭർത്താവ് പ്രശാന്ത് സന്ദർശക വിസയിൽ അടുത്തിടെയാണ് യുഎഇയിൽ എത്തിയത്.മക്കൾ സംഗീത് പ്രശാന്ത്,സഞ്ജന പ്രശാന്ത്.
ആധാറില്ലാത്ത കുട്ടികൾക്ക് ഇനി സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് ഇനി മുതൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല.ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളെയും ആധാറിൽ എൻറോൾ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ആധാറിൽ എൻറോൾ ചെയ്യാത്തവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് നല്കാൻ പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.ഉച്ചഭക്ഷണ പദ്ധതിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.ആധാറിൽ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് അത് ചെയ്യാനായി ഈ മാസം 20,27,28 എന്നീ തീയതികളിൽ അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.ഈ മാസം പതിനേഴാം തീയതി മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് ആധാർ എടുക്കാനുള്ള സൗകര്യവുമുണ്ടാകും.ഇതിനായി ജനന സർട്ടിഫിക്കറ്റ്,രക്ഷിതാവിന്റെ ആധാർ എന്നിവയുമായി അക്ഷയ സെന്ററിലെത്തണം.രക്ഷകർത്താവിനു ആധാർ ഇല്ലെങ്കിൽ അതിനായി തയ്യാറാക്കിയിരിക്കുന്ന ഫോറം സ്കൂൾ ലെറ്റർപാഡിൽ പ്രിന്റ് എടുത്ത് ഉപയോഗിക്കണം.പ്രധാനാദ്ധ്യാപകൻ ഒപ്പിട്ട് സീൽ ചെയ്ത കുട്ടിയുടെ ഫോട്ടോയും ഇതിനൊപ്പം നൽകണം.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ തീപിടുത്തം
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ തീപിടുത്തം.ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ആശുപത്രി അധികൃതരും അഗ്നിശമന സേനയും ചേർന്ന് തീയണച്ചു.വൈകിട്ടോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തനം പുനരാരംഭിച്ചു.യൂണിറ്റിലെ യു.പി.എസ്സിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്.ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു .പതിനേഴു ഡയാലിസിസ് യൂണിറ്റുകളാണ് ആശുപത്രിയിലുള്ളത്.സംഭവത്തെ തുടർന്ന് ഡയാലിസിസ് നടത്തേണ്ട രോഗികളെ പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിലേക്ക് മാറ്റി.വോൾട്ടേജിലുണ്ടായ വ്യതിയാനമായിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട് നല്കാൻ എൽ.എസ്.ഡി.ജി എക്സിക്യൂട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
പിണറായിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കണ്ണൂർ:പിണറായിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ഓട്ടോറിക്ഷയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.പിണറായി സ്വദേശി സജിത്ത് പുരുഷോത്തമൻ(45) ആണ് മരിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ചിങ്ങം ഒന്ന്;പൂവിളികളുമായി പുതുവർഷം പിറന്നു
തിരുവനന്തപുരം:ഐശ്വര്യത്തിന്റെയും നന്മയുടെയൂം നല്ല കാലത്തിനെ വരവേറ്റുകൊണ്ട് ചിങ്ങം പിറന്നു.സമൃദ്ധിയുടെയും സ്നേഹത്തിന്റെയും നാളുകൾക്കായി ലോകമെബാടുമുള്ള മലയാളികൾ ഇന്ന് പുതുവർഷം ആഘോഷിക്കുന്നു.ഐശ്വര്യത്തിന്റെയും നന്മയുടെയും പൂക്കാലവുമായി എത്തുന്ന ചിങ്ങം ഓണത്തിന്റെ വരവറിയിക്കുന്നു.പഞ്ഞമാസമായ കർക്കിടകം പടിയിറങ്ങി ചിങ്ങം എത്തുന്നതോടെ കാർഷിക സമൃദ്ധിയുടെ കാലം വരവായി.രാമായണ മാസത്തിന്റെ സമാപനമായിരുന്നു ബുധനാഴ്ച.ചിങ്ങപ്പുലരി പ്രമാണിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും ഗുരുവായൂരിലും തിരക്കേറും. ചിങ്ങം ഒന്ന് ഇപ്പോൾ ഔദ്യോഗിക കർഷക ദിനം കൂടിയാണ്.മുക്കുറ്റിയും തുമ്പയും തൊടിയിൽ പൂക്കുമ്പോൾ നമുക്കുള്ളിൽ നന്മയും വിടരട്ടെ.
സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ
തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കിൽനിന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും.സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.അതേസമയം ചർച്ചയിൽ മന്ത്രി ഉറപ്പുനൽകിയ ചാർജ് വർധനവ് അടക്കമുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംഘടനാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
മുരുകന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം:ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കും.മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുരുകന്റെ കുടുംബത്തിന് വീടുവെച്ചു കൊടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയിരുന്നു.
കർണാടകയിൽ ഇന്ദിര കാന്റീനുകൾ ആരംഭിച്ചു
ബംഗളൂരു:കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനിന് കർണാടകയിൽ തുടക്കം കുറിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഇന്ദിര കാന്റീൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ജയാ നഗറിൽ ഉൽഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ 101 കാന്റീനുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വെജിറ്റേറിയൻ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ച ഭക്ഷണത്തിന് 10 രൂപയുമാണ് ഈടാക്കുക.ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടേതിന് സമാനമായ വൃത്തി ഇന്ദിര കാന്റീനിനുണ്ടെന്നും കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഇത്തരം സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിന് തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി
ന്യൂഡൽഹി:കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി.ആധാർ എൻറോൾമെൻറ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകൾ ലംഘിച്ച കാർഡുകളാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അസാധുവാക്കിയത്.റദ്ദാക്കിയവർക്ക് വ്യവസ്ഥ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പതിനൊന്നു ലക്ഷത്തോളം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ആധാർ കാർഡും റദ്ദാക്കിയിരിക്കുന്നത്.