പി.സി ജോർജിനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ സ്പീക്കറോട് അനുമതി തേടി
തിരുവനന്തപുരം:പി.സി ജോർജിനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ സ്പീക്കറോട് അനുമതി തേടി .കൂടാതെ കമ്മീഷനെതിരെ പി.സി ജോർജ് നടത്തിയ വിവാദ പരാമർശങ്ങളിൽ വനിതാ കമ്മീഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു.ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കമ്മീഷൻ പി.സി ജോർജിനെതിരെ നേരത്തെ കേസെടുത്തിരുന്നു.ഈ സാഹചര്യത്തിൽ കമ്മീഷൻ വിളിപ്പിച്ചാലും തനിക്ക് സൗകര്യമുണ്ടെങ്കിൽ മാത്രമേ മൊഴിനൽകുകയുള്ളൂ എന്നായിരുന്നു പി.സി ജോർജിന്റെ മറുപടി.
ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു;പരിയാരം മെഡിക്കൽ കോളേജിൽ ജനരോഷം
പരിയാരം:ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പരിയാരം സെന്ററിലെ ഓട്ടോ ഡ്രൈവർ ചന്ദ്രന്റെ ഭാര്യ പ്രീതയാണ്(35) മരിച്ചത്.വയറു വേദനയെ തുടർന്നാണ് പ്രീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിത്താശയത്തിൽ കല്ലാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കി.ചൊവ്വാഴ്ച ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും രാത്രിയായപ്പോൾ കലശലായ വേദന അനുഭവപ്പെടുകയും വയറു വീർത്തുവരികയും ചെയ്തു.തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിച്ചു.ഗ്യാസ്‌ട്രോ എന്ററോളജി സർജൻ ഡോ.ബിജു കുണ്ടിലിന്റെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.തുടർന്ന് ഡോക്‌ടർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ജൂനിയർ ഡോക്ടർമാരാണ് ചികിത്സ നടത്തിയതെന്നാണ് ആരോപണം.പ്രീതയുടെ ആരോഗ്യനില വഷളായത് ഇവർ ബന്ധുക്കളോട് പറഞ്ഞില്ല.മരിച്ചു കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് പരാതി.ഇതോടെ രോഷാകുലരായ നാട്ടുകാർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പ്രീതയുടെ ബന്ധുവിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഇറോം ശർമിള വിവാഹിതയായി
കൊടൈക്കനാൽ:മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയും ദീർഘകാല സുഹൃത്തുമായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുടിനോയും തമ്മിലുള്ള വിവാഹം കൊടൈകനാലില്‍ നടന്നു. കൊടൈകനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.ഇരുവരുടെയും ബന്ധുക്കളാരുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം.ഇവർ നേരത്തെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരായിരുന്നെങ്കിലും വ്യത്യസ്‌ത മതക്കാരനായതിനാൽ രജിസ്ട്രാർ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.കൊടൈക്കനാലിനടുത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസം.
ജയലളിതയുടെ മരണം;സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഉത്തരവിട്ടത്.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണ ചുമതല.പോയസ് ഗാർഡനിലെ ജയലളിതയുടെ വസതി സ്മാരകമാക്കാനും തീരുമാനമായി.കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരിച്ചത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ സജീവമായിരുന്നു.
വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് അദ്ധ്യാപികയെ തീകൊളുത്തി
ബംഗളൂരു:ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് അദ്ധ്യാപികയെ തീ കൊളുത്തി.ബംഗളൂരു മഗെഡി താലൂക്കിലെ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.അമ്പതു ശതമാനത്തോളം പൊള്ളലേറ്റ കെ.ജി സുനന്ദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സുന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാരാധ്യയാണ് ബിസിനസ്സ് തകർന്നതിലെ മനോവിഷമം മൂലം അദ്ധ്യാപികയെ കുട്ടികളുടെ മുൻപിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.സുനന്ദ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ രേണുകാരാദ്യ ബഹളം വെച്ച് കൊണ്ട് ക്ലാസ്സിലേക്ക് കയറി വരികയായിരുന്നു.ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ രേണുകാരാധ്യയോട് അദ്ധ്യാപിക ആവശ്യപ്പെട്ടു.ഉടൻ തന്നെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ മണ്ണെണ്ണ അദ്ധ്യാപികയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടിയുരച്ച് തീയിടുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
രമ്യാ നമ്പീശന്റെ മൊഴിയെടുത്തു
പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്.കാക്കനാട് ജെയിലിൽ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്നു സുനി അറിയിച്ചതിനെ തുടർന്നാണ് നടപടി.അങ്കമാലി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കടുത്ത മർദനമാണ് തനിക്ക് ഉണ്ടായതെന്നും ജയിൽ സുപ്രണ്ടിനോട് പോലും പറയാൻ കഴിയില്ലെന്നും സുനി കോടതിയെ അറിയിച്ചു.അതേസമയം വീഡിയോ കോൺഫെറെൻസിങ്ങിനുള്ള സൗകര്യാർത്ഥമാണ് വിയ്യൂർ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്.
വ്യാജവാറ്റിനിടെ ഉപകരണങ്ങളുമായി സ്ത്രീയെ കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി
കൂത്തുപറമ്പ് ∙ വ്യാജവാറ്റിനിടെ ഉപകരണങ്ങളുമായി സ്ത്രീയെ കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി. കണ്ടംകുന്ന് കൂവയിൽ വീട്ടിൽ ഓമന(58)യെയാണ് എക്സൈസ് ഇൻസ്പെക്ടർ എ.സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 10 ലീറ്റർ ചാരായവും പിടികൂടി.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കൂത്തുപറമ്പ് റേഞ്ച് പരിധിയിൽ ഈ മാസം വാഹനസഹിതം മാഹി മദ്യവും 20 ലീറ്റർ ചാരായവും 100 ലീറ്റർ വാഷും പിടികൂടിയിരുന്നു.
ജയിലിൽ നിന്നും നിസാം ഭീഷണിപ്പെടുത്തിയതായി മാനേജർ പരാതി നൽകി
തൃശൂർ:ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം തന്നെ ജയിലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജർ പരാതി നൽകി.കേസ് നടത്തിപ്പിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.കൂടാതെ ഓഫീസിൽ നിന്നും ഒരു ഫയൽ ഉടൻ ജയിലിലെത്തിക്കണമെന്നും നിസാം ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്.തൃശൂർ സിറ്റി പോലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിങ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥപനത്തിലെ മാനേജർ ചന്ദ്രശേഖർ പരാതി നൽകിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു. രണ്ടു തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.പിന്നീട് ഇവർ തന്നെ പരാതി പിൻവലിച്ചു.ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ലാൻഡ് ഫോണിൽ നിന്നും നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും ചന്ദ്രശേഖരൻ പരാതിയിൽ വ്യക്തമാക്കുന്നു.ജയിലിൽ ആണെങ്കിലും നിസാം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.