മുംബൈ:അമ്പതു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വരുന്നു.ഗവർണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് പുറത്തിറക്കുക.66 എംഎം-135 എംഎം വലിപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തിൻറെ സാംസ്ക്കാരിക പൈതൃകം വരച്ചു കാട്ടുന്ന ഹംപിയും രഥവും നോട്ടിന്റെ മറുഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ടാകും.ഫ്ലൂറസെന്റ് നീലയായിരിക്കും അടിസ്ഥാന നിറം.പുതിയ നോട്ട് വന്നാലും പഴയത് പ്രാബല്യത്തിലുണ്ടാകും.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇനി മുതൽ നികുതി ഓൺലൈനായി അടയ്ക്കാം
തലശ്ശേരി:ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഇനി മുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നു.ഇതിന്റെ ആദ്യപടിയായി കെട്ടിട നികുതി ഓൺലൈനായി സ്വീകരിച്ചു തുടങ്ങി.അതാതു വർഷത്തെ നികുതി ഓൺലൈനായി അടക്കുന്നവർക്ക് ഓൺലൈനായി തന്നെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്തെടുക്കാം.സഞ്ജയ സോഫ്റ്റ് വെയറിലൂടെയാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ കാത്തു നിൽക്കാതെ തന്നെ ഇനി മുതൽ നികുതി അടയ്ക്കുന്നതിനും സർട്ടിഫിക്കറ്റ് എടുക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് എം.പി ഫാബിസ് പറഞ്ഞു.ഇതിനായി അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചുള്ള അപേക്ഷ സമർപ്പിക്കാതെ തന്നെ സർട്ടിഫിക്കറ്റു ലഭിക്കുന്നുവെന്നുള്ളതും പ്രത്യേകതയാണ്
സംസാരത്തിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ട്രായ്
ന്യൂഡൽഹി: ഫോണ്‍ ചെയ്യുന്നതിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പത്തുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് ട്രായ് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.ഫോണ്‍വിളി മുറിയലിന്‍റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ഒരുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴയെന്ന് ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഈ അവസ്ഥയാണെങ്കിൽ പിഴ തുക ഇരട്ടിയാവും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ.
ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി
ആലപ്പുഴ:കായംകുളം ദേശീയ പാതയിൽ കൃഷ്ണപുരത്ത് വാഹന പരിശോധയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി.പാലക്കാട് സ്വദേശികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധിച്ച 10 കോടി രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആയിരത്തിന്റെ അസാധു നോട്ടുകളാണ് കാറിൽ കടത്താൻ ശ്രമിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ചേർത്തലയിൽ നിന്നും അസാധു നോട്ടുകൾ പിടികൂടിയിരുന്നു.ഈ സംഘവുമായി ഇന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗൊരഖ്പൂർ ദുരന്തം;ഒൻപത് കുട്ടികൾ കൂടി മരിച്ചു
ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.
ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി:ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.സ്കോട്ടിഷ് ലീഗിൽ കളിക്കുന്നതിന് എൻഒസി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ബിസിസിഐ യുടെ എൻഒസി ഉണ്ടെങ്കിൽ മാത്രമേ സ്കോട്ടിഷ് ലീഗിൽ കളിക്കാനാകൂ. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരുന്നെന്നും എന്നാൽ ബിസിസിഐ പ്രതികരിച്ചില്ലെന്നും ശ്രീശാന്ത് ഹർജിയിൽ പറയുന്നു. അടുത്ത മാസം ഒൻപതിനാണ് സ്കോട്ടിഷ് ലീഗ് അവസാനിക്കുന്നത്. അതിമുമ്പ് എൻഒസി നൽകണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നു.തിങ്കളാഴ്ച ശ്രീശാന്തിന്‍റെ ഹർജി കോടതി പരിഗണിക്കും.
മുരുകന്‍റെ മരണം: മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം:വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോൾ പതിനഞ്ച് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ചും മുന്‍കരുതലായി മാറ്റിവെച്ചതായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്ന മുരുകനെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചയച്ചത്. 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നാണ് സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസ് അന്വേഷണ സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയു വില്‍ രണ്ട്, സൂപ്പര്‍ സെപ്ഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറിയില്‍ അഞ്ച്, ഹൃദ്രോഗ വിഭാഗത്തില്‍ രണ്ട്, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കായി മാറ്റിവെച്ച ഒരെണ്ണം ഉള്‍പ്പെടെ 15 വെന്റിലേറ്ററുകളാണ് സ്റ്റാന്‍റ് ബൈ ആയി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ 71 വെന്റിലേറ്ററുകളാണുള്ളത്. ഇതില്‍ 54 എണ്ണമാണ് പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഇതിലെ 15 എണ്ണമാണ് സ്റ്റാന്റ് ബൈ അഥവാ മുന്‍കരുതലായി മാറ്റിവെച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ടും പോലീസിന് ലഭിക്കാനുണ്ട്. ആ റിപ്പോര്‍ട്ടും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാവുക.
രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനോടൊപ്പം പോകാൻ കോടതി അനുമതി നൽകി
കണ്ണൂർ:തലശ്ശേരിയിൽ രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനോടൊപ്പം പോകാൻ കോടതി അനുമതി നൽകി.പാറപ്രം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.കഴിഞ്ഞ മാസം 29 ന് വിദേശത്തു നിന്നും നാട്ടിലെത്തിയ ഭർത്താവ് ഉറങ്ങിക്കിടക്കെ രാത്രിയിൽ യുവതി ഇളയ മകനുമായി വീട് വിട്ടിറങ്ങി കാമുകനോടൊപ്പം ഒമാനിലേക്ക് കടന്നു.വിവരം അറിഞ്ഞ ഭർത്താവ് ഒമാനിലെ തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരും ഒമാനിൽ എത്തിയ ഉടൻ പോലീസും സംഘടനകളും ചേർന്ന് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിരികെ കോഴിക്കോട്ട് എത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതിയിൽ തനിക്ക് കാമുകനോടൊപ്പം പോകണമെന്ന് ഉറച്ച തീരുമാനമെടുത്ത യുവതി പക്ഷെ മക്കളെ കൂടെ കൂട്ടാൻ തയ്യാറായില്ല.ഇതോടെ മക്കളുടെ സംരക്ഷണം ഭർത്താവിന് വിട്ടു നൽകിയ കോടതി യുവതിയെ കാമുകനോടൊപ്പം വിടുകയായിരുന്നു.
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ടു
തിരുവനന്തപുരം:തിരുവനന്തപുരം കൊച്ചുവേളിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എൻജിൻ വേർപെട്ടു.ചെന്നൈ മെയിലിന്റെ എൻജിനാണ് വേർപെട്ടത്.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്റെ വേഗത കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. തകരാർ പരിഹരിച്ചതിനു ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കേരളത്തിൽ ബ്ലൂ വെയ്‌ൽ ഗെയിം സജീവം;ഇടുക്കിയിൽ നിന്നും യുവാവിന്റെ വെളിപ്പെടുത്തൽ
കൊച്ചി:കേരളത്തിൽ ബ്ലൂ വെയ്‌ൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറയുമ്പോഴും ഈ ഗെയിം സംസ്ഥാനത്ത് ഇപ്പോഴും സജീവമായി തുടരുന്നതായി റിപ്പോർട്.ഇതിനിടെ ബ്ലൂ വെയ്‌ൽ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങൾ താൻ പിന്നിട്ടതായുള്ള ഒരു യുവാവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു.യുവാവിനെ പോലീസ് ചോദ്യം ചെയ്തു.ഈ ഗെയിമിൽ അകപ്പെട്ടാൽ പിന്നെ കളി അവസാനിക്കുന്നത് വരെ ഒരിക്കലും പുറത്തു കടക്കാനാകില്ലെന്നും ഒഴിവായാൽ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു.ഇതിലൂടെ താൻ ആത്മഹത്യ ചെയ്യില്ലെന്നും അഡ്മിനെ തോൽപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കേരളത്തിൽ പലരും ഈ ഗെയിം കളിക്കുന്നുണ്ടെന്നും ഇടുക്കിയിൽ നാലുപേർ കളിക്കുന്നതായും യുവാവ് വെളിപ്പെടുത്തി.കയ്യിൽ ബ്ലേഡ് കൊണ്ട് എഫ് 57 എന്നെഴുതാനായിരുന്നു തനിക്ക് ലഭിച്ച ആദ്യ ദൗത്യമെന്നു യുവാവ് പറയുന്നു.ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കുക,പുലർച്ചെ പ്രേത സിനിമ കാണുക,മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങൾ കാണുക എന്നിവയായായിരുന്നു തനിക്ക് ലഭിച്ച ദൗത്യങ്ങളെന്നും ഇതൊക്കെ താൻ പിന്നിട്ടുവെന്നും യുവാവ് പറയുന്നു.വാട്സ് ആപ്പ് വഴിയാണ് തനിക്ക് ഗെയിം ലഭിച്ചതെന്നാണ് യുവാവ് പറയുന്നത്.ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രമാണ് ഇതിൽ അംഗങ്ങളെന്നും ഇയാൾ പറയുന്നുണ്ട്.ഗെയിമിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ ആത്മഹത്യ ചെയ്യണമെന്നാണ് യുവാവ് പറയുന്നത്.മനഃശാസ്ത്രം അറിയുന്ന ആളായതിനാൽ കളിക്കുന്ന ആളുടെ നീക്കം ഇയാൾക്ക് അറിയാമെന്നും യുവാവ് വെളിപ്പെടുത്തുന്നു.