ഇടുക്കി:ഇടുക്കി കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ അഭിഭാഷകനും ശിവസേന നേതാവുമുൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു മാസം മുൻപ് ഇടുക്കി എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഇന്ന് പുലർച്ചെയാണ് കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം 17.5 കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്.പോലീസ് അന്വേഷണം തുടരുകയാണ്.
മൂന്നു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ മൂന്നുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം സ്വദേശികളായ ജിതിൻ വർഗീസ്,ലിബിൻ ജോസ്,നീലൻ എന്നിവരാണ് മരിച്ചത്.റെയിൽവേ ട്രാക്കിനു സമീപത്തുള്ള വീട്ടിൽ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് ഇവർ ആലപ്പുഴയിൽ എത്തിയത്.ഇന്ന് പുലർച്ചെ കൊല്ലം-എറണാകുളം മെമു ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.ട്രെയിൻ വളവു തിരിഞ്ഞു വരുന്നത് ട്രാക്കിനകത്തു നിൽക്കുകയായിരുന്ന ഇവർ കണ്ടില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.മൂവരുടെയും മൃതദേഹങ്ങൾ പാളത്തിന് പുറത്താണ് കിടന്നിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കൊല്ലം:കായലിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മുങ്ങി മരിച്ചു.കണ്ടച്ചിറ കായലിലാണ് സംഭവം.കണ്ടച്ചിറ സ്വദേശികളായ ടോണി,സാവിയോ,മോനിഷ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കായലിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.മീൻ പിടിക്കുന്നതിനായി വല കായലിലേക്ക് എറിയുമ്പോൾ വള്ളം ഉലയുകയും മൂവരും നിലതെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു.മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുരുകന്റെ മരണം;വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്നു പറയുന്നത് ശരിയല്ലെന്ന് കെ.കെ.ശൈലജ.നിലവില്‍ വെന്‍റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.
റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു
ജിദ്ദ:റിയാദിലെ ശിഫായിൽ മലയാളി കുത്തേറ്റ് മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.കെ.അബ്ദുൽ ഗഫൂർ(50) ആണ് മരിച്ചത്.പ്രഭാത ഭക്ഷണത്തിന് ഇറങ്ങിയപ്പോഴാണ് കുത്തേറ്റതെന്നു കരുതുന്നു.തലയ്ക്ക് അടിയേറ്റ പാടുള്ളതായും പറയുന്നു.ശിഫയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടത്.പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് ഗഫൂർ.
യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു മരണം
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.
ഷുക്കൂർ വധക്കേസ്;സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം
കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണം.2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്.പി.ജയരാജന്റെ കാർ അക്രമിക്കപ്പെട്ടതിന്റെ തൊട്ടു പിന്നാലെയായിരുന്നു കൊലപാതകം.കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.മാധ്യമ പ്രവർത്തകൻ എം.കെ മനോഹരനിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ റിവ്യൂ ഹർജിയുമായി സർക്കാർ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകും. ഇക്കാര്യം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയിൽ അറിയിക്കും.കഴിഞ്ഞ ദിവസമാണ് കോളജുകൾക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഓക്സിജൻ ലഭിക്കാതെ ഡൽഹിയിലും നവജാതശിശു മരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു
ന്യൂഡൽഹി:പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു.50 ലക്ഷം രൂപയിൽ കുറവുള്ള സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ൦.5 ശതമാനമാണ് കുറച്ചത്.3.5 ശതമാനമായിരിക്കും 50 ലക്ഷം വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.എസ്ബിഐ ,എച്.ഡി.എഫ്.സി ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,പഞ്ചാബ് നാഷണൽ ബാങ്ക്,ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്കുകളും അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.