ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

keralanews hydrogen tankers exploded after the fire broke out in andrapradesh

ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.ഗോദാവരിയിലുള്ള സമകോടിലെ സ്വകാര്യ എണ്ണ ഫാക്റ്ററിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു

keralanews youth congress workers vehicle destroyed
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വാഹനം അജ്ഞാതർ അടിച്ചു തകർത്തു. പുലർച്ചെ മൂന്നോടെയാണ് അക്രമം. മൊകേരി പഞ്ചായത്ത് ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് പാത്തിപ്പാലം സുരേന്ദ്രറോഡിൽ പൂവുള്ള പറമ്പത്ത് ഷിമിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. ഷിമിത്തിന്‍റെ വീടിന് പിറകിലെ ഇടവഴിയിൽ നിർത്തിയിട്ടതായിരുന്നു വാഹനം. അക്രമികൾ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഉറക്കമെണീറ്റപ്പോൾ അക്രമിയായ ഒരാൾ ഓടി പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.രാഷ്ട്രീയ അക്രമത്തിനെതിരെ ഞായറാഴ്ച ചെണ്ടയാട് നടന്ന യൂത്ത് കോൺഗ്രസ് യൂത്ത് മാർച്ചിൽ കൂരാറയിൽ നിന്നും ആളുകളെ സംഘടിപ്പിച്ചത് ഷിമിത്തിന്‍റെ നേതൃത്വത്തിലായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രജനീഷ് കക്കോത്ത് ആരോപിച്ചു.

സ്വാശ്രയ മെഡിക്കൽ കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി

keralanews self financing medical counseling was extended till august31

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സുപ്രീം കോടതിയുടേതാണ് നടപടി. തീയതി നീട്ടണമെന്ന കേരള സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.നേരത്തെ ഓഗസ്റ്റ് 19 വരെയായിരുന്നു കൗൺസിലിംഗ്  സമയം അനുവദിച്ചിരുന്നത്.

റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

keralanews three children died due to lack of oxigen

റായ്‌പൂർ:റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു.ഛത്തീസ്ഗഡിലെ റായ്‌പൂർ ബി.ആർ അംബേദ്‌കർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മദ്യപിച്ചിരുന്ന ജീവനക്കാരൻ ഓക്സിജൻ വിതരണം ചെയ്യാതിരുന്നതാണ് കുട്ടികളുടെ മരണത്തിനു കാരണമായത്. ഇയാളെയായിരുന്നു ഓക്സിജൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത്‌.ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.

സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഹൈക്കോടതി വിധി ഇന്ന്

keralanews high court verdict on self financing medical admission today

കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും.ഇടക്കാല ഉത്തരവിൽ 85 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപയും എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷം രൂപയും ഫീസ് ഈടാക്കാൻ ഹൈക്കോടതി  അനുമതി നൽകിയിരുന്നു.ഈ ഫീസ് ഘടനയിലാണ് അന്തിമ തീരുമാനം ഇന്ന് പറയുക.ഫീസ് നിർണയവും അലോട്മെന്റും അടക്കം പ്രവേശന നടപടികൾ അകെ കുഴഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ കോടതി വിധിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് വിദ്യാർഥികൾ. നാലുതരം ഫീസ് ഈടാക്കുന്നതിന് സർക്കാരുമായി കരാർ ഒപ്പിട്ട എം.ഇ.എസ്,കാരക്കോണം സി.എസ്.ഐ എന്നിവയുടെ കരാറിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.സുപ്രീം കോടതി ഇത് പുനഃസ്ഥാപിച്ചില്ലെങ്കിൽ മറ്റു കോളേജുകൾക്ക് കോടതി അനുവദിക്കുന്ന ഫീസ് ഘടനയിലേക്ക് മാറാനാണ് ഇരു കോളേജുകളുടെയും തീരുമാനം.സംസ്ഥാന സർക്കാറിന്റെ ഫീസ് ഘടനയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച രണ്ടു കോളേജുകൾക്ക് മെറിറ്റ്  സീറ്റിൽ 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ഫീസിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി നിർദേശിച്ച പ്രകാരമാണ് ഹൈക്കോടതി ഇന്ന് സ്വാശ്രയ കേസ് പരിഗണിക്കുന്നത്.

ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ അന്വേഷണം ഇന്ന് ആരംഭിക്കും

keralanews investigation against tp senkumar will start today

തിരുവനന്തപുരം:മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ പോലീസ് അന്വേഷണം ഇന്ന് ആരംഭിക്കും.ആയുർവേദ ചികിത്സക്കായി അവധി എടുത്തെന്നു കാണിച്ച് സെൻകുമാർ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണെന്നായിരുന്നു പരാതി.സെൻകുമാറിനെ ചികിത്സിച്ച തിരുവനന്തപുരം ആയുർവേദ കോളേജിലെ ഡോ.അരുൺകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.കന്റോൺമെന്റ് അസി.കമ്മീഷണർ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.മ്യുസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

keralanews gold seized from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.രണ്ടുപേരിൽ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നരകിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.ഞായറഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.റിയാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന സൗദി എയർലൈൻസിലെ കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും 85 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ മറവിൽ 31 പ്ളേറ്റുകളായാണ് ഇവ കടത്താൻ ശ്രമിച്ചത്.രണ്ടാമത്തെ കേസിൽ കൊളോമ്പോയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ശ്രീലങ്കൻ എയർലൈൻസിലെ യാത്രക്കാരനായ ശ്രീലങ്കൻ സ്വദേശിയിൽ നിന്നും 21 ലക്ഷം രൂപ വിലമതിക്കുന്ന അരക്കിലോ സ്വർണമാണ് പിടിച്ചെടുത്തത്.യാത്രക്കാരന്റെ ലെഗേജിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

കീച്ചേരി ദേശീയപാതയിൽ വിവിധ അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്ക്

keralanews nine injured in different accidents at keecheri national highway

കീച്ചേരി:കീച്ചേരി ദേശീയപാതയിൽ വിവിധ അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്ക്.നാലുപേരുടെ നില ഗുരുതരമാണ്.ഞായറാഴ്ച രാവിലെ പത്തുമണിയോടെ കീച്ചേരി വളവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് ആദ്യ അപകടം.ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മേലൂർ സ്വദേശികളായ പ്രഷിൽ,രഞ്ജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിലാക്കി.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്.രാവിലെ അപകടം നടന്ന സ്ഥലത്തു തന്നെയാണ് ഈ അപകടവും നടന്നത്. പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ബക്കളത് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന  മരക്കാർകണ്ടിയിലെ സുമയ്യ മന്സിലിലുള്ളവരാണ് അപകടത്തിൽപെട്ടത്.കാറിലുണ്ടായിരുന്ന ഏഴുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാപ്പിനിശ്ശേരി ചുങ്കം  റോഡിൽ നാലുമണിയോടെ വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.

കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് തുറന്നു

keralanews she toilet opened in kannur town square

കണ്ണൂർ:ലയൺസ് ക്ലബ്ബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ്‌ ക്ലബ്ബ് ഓഫ് കാനന്നൂർ,ഫെഡറൽ ബാങ്ക്,ഐ ഡിസൈൻ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് നിർമിച്ചു.നിർമാണം പൂർത്തിയായ ശൗചാലയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.പണം കൊടുത്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് പ്രവർത്തിക്കുക.നിരവധി പരിപാടികൾ നടക്കുന്ന ടൗൺസ്‌ക്വയറിൽ ടോയ്‌ലെറ്റ് നിർമിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു.

തലശേരിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

keralanews banned tobacco products seized from thalasseri

തലശ്ശേരി:തലശ്ശേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.തലശ്ശേരി ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലെ ഒരു കടയിൽ നിന്നും വാടക ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.20 വർഷമായി ഇയാൾ തലശ്ശേരിയിൽ താമസിച്ചു കച്ചവടം നടത്തി വരികയാണ്.പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടമാണ് ഇയാൾ നടത്തുന്നത്.അഞ്ചുലക്ഷം രൂപയോളം വില വരുന്ന ബംഗാളി ബീഡി,പുകയില ഉത്പന്നങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങൾ അമ്പാരി ചുര,ഹീര പന്ന, ഷാൻ, ചേതാപാനി,തുടങ്ങിയ പേരുകളിൽ അന്യസംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പുകയില ഉത്പന്നങ്ങൾ  എന്നിവയാണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്.അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നത്.പായ്ക്കറ്റിൽ രേഖപ്പെടുത്തിയ വിലയേക്കാൾ നാലിരട്ടി വില ഈടാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. മുംബൈ,മംഗളൂരു എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ തലശ്ശേരിയിലെത്തിക്കുന്നതെന്നു പോലീസ് പറഞ്ഞു.