ഡല്‍ഹി: രാജ്യത്ത് ഇനിമുതല്‍ കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ്.അപകടങ്ങളില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പാക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഇതിനുള്ള നിര്‍ദ്ദേശം അയച്ചു.നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കില്‍ ഡ്രൈവര്‍ക്കൊപ്പം ഇരിക്കുകയാണെങ്കില്‍, ബൈക്കിന്റെ വേഗത 40 കിലോമീറ്ററില്‍ കൂടരുത്. 9 മാസം മുതല്‍ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, പുറകിലിരുന്ന്, തലയ്ക്ക് ചേരുന്ന ഹെല്‍മറ്റ് ധരിക്കണമെന്ന് മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.കുട്ടി ധരിക്കുന്ന ഹെല്‍മെറ്റും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) അംഗീകാരം നേടിയിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ ഡ്രൈവറുമായി ബന്ധിപ്പിക്കുന്നതിന് ഒരു സുരക്ഷാ ഹാര്‍നെസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് അതില്‍ പറയുന്നു.ഒരു സുരക്ഷാ ഹാര്‍നെസ് എന്നത് കുട്ടി ധരിക്കുന്ന ഒരുതരം വസ്ത്രമാണെന്ന് പറയാം. ഇത് ക്രമീകരിക്കാവുന്നതാണ്, വെസ്റ്റില്‍ ഘടിപ്പിക്കുന്ന ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കുന്ന ഒരു ഷോള്‍ഡര്‍ ലൂപ്പും അടങ്ങിയിരിക്കുന്നു. ഈ രീതിയില്‍ കുട്ടിയുടെ ശരീരത്തിന്റെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു.സുരക്ഷാ കവചം സംബന്ധിച്ച്, അത് ബിഐഎസിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതും ക്രമീകരിക്കാവുന്നതുമാണ്. ഇത് വാട്ടര്‍പ്രൂഫും മോടിയുള്ളതുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമോ എതിര്‍പ്പോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇമെയില്‍ വഴി അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമ പ്രദർശനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമ പ്രദർശനം ആരംഭിക്കും.തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്നെങ്കിലും രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു.തിയേറ്റർ ജീവനക്കാർക്കുള്ള വാക്‌സിനേഷനും പൂർത്തിയാക്കി.കൊറോണ കാരണം അടച്ചിട്ട തിയേറ്ററുകൾ ആറ് മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കു.ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. അതേസമയം മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റണം എന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാകും യോഗം ചേരുക.
കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുറ്റാരോപിതനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി
മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പ്രതിയെ ഇന്നലെ രാത്രിയോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പീഡനശ്രമം ചെറുത്തപ്പോള്‍ അയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരന്‍ പിടിയിലായത്. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് തന്നെ അക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പതിനഞ്ചുകാരന്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍;ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക താരുമാനവുമായി മേൽനോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പരിശോധിച്ചാണ് തീരുമാനം. സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകുംഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്നും സമിതി വിലയിരുത്തി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളത്തിന്റെ വാദങ്ങള്‍ സമിതി അംഗീകരിച്ചു. കേരളം ഉയര്‍ത്തിയ കാര്യങ്ങള്‍ ശക്തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
കൊവാക്‌സിന് ആഗോള അംഗീകാരം ലഭിച്ചില്ല; ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല.വാക്സിന് അംഗീകാരം നല്‍കുന്നതിന് മുൻപായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.ഇത്തവണത്തെ സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ,ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. കൊവാക്‌സിന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പല രാജ്യങ്ങളും കൊവാക്‌സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ് അതേസമയം പഠനം നടത്താതെ , വ്യക്തമായി വിവരങ്ങള്‍ പരിശോധിക്കാതെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മിക്കുന്നയത്. ഉപയോഗ അനുമതി ലഭിച്ചെങ്കിലും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന് അംഗീകാരം ഇല്ല.
സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;90 മരണം; 6960 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 598, കൊല്ലം 1047, പത്തനംതിട്ട 283, ആലപ്പുഴ 303, കോട്ടയം 113, ഇടുക്കി 92, എറണാകുളം 1298, തൃശൂർ 963, പാലക്കാട് 250, മലപ്പുറം 362, കോഴിക്കോട് 720, വയനാട് 239, കണ്ണൂർ 525, കാസർഗോഡ് 167 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ആറ് യാത്രികരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.ആറ് യാത്രികരിൽ നിന്നായി കോടികൾ വിലമതിക്കുന്ന അഞ്ചര കിലോ സ്വർണം പിടികൂടി.പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരും. കസ്റ്റഡിയിലെടുത്തവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടിയിരുന്നു. ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 30 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും യെലോ അലേര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നവംബര്‍ ഒൻപതു മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒൻപത് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നുവെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു. മുൻപ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണെന്നും ഉടമകള്‍ അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.
കൊണ്ടോട്ടി പീഡനശ്രമം;പ്രതി 15 വയസ്സുകാരൻ ജൂഡോ ചാമ്പ്യൻ പിടിയിൽ
മലപ്പുറം:കൊണ്ടോട്ടി കോട്ടുക്കരയില്‍ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ ജില്ലാ ലെവല്‍ ജൂഡോ ചാമ്ബ്യന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മലപ്പുറം എസ്‌പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്‌പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്‌പി പി കെ അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിട്ടു. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അതേസമയം കുറ്റകൃത്യം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് പ്രതിയെ പിടികൂടിയത് പോലീസിന്റെ മികവ് തന്നെ ആണ്. മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പിയുടെ കീഴില്‍ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘവും കൊണ്ടോട്ടിയിലെ പ്രത്യേക അന്വേഷണ സംഘവും ആണ് പ്രതിയെ വലയിലാക്കിയത്.തന്നെ അക്രമിച്ചത് തടിയുള്ള, മീശയും താടിയും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരാളാണ് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ ചില സ്ഥലങ്ങളില്‍ കണ്ടതായും പെണ്‍കുട്ടി ഓര്‍മിച്ചെടുത്തിരുന്നു.പെണ്‍കുട്ടി പറഞ്ഞ ശാരീരിക ഘടന ഉള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ച് കൊടുത്തു എങ്കിലും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പിന്നീട് ആണ് പ്രതിയിലേക്ക് പോലീസ് എത്തുന്നത്. ആദ്യം പ്രതിയുടെ സഹോദരന്റെ ഫോട്ടോ ആണ് അയച്ചത്.എന്നാല്‍ അയാള്‍ക്ക് താടിയും മീശയും ഉണ്ട്. തുടര്‍ന്ന് ആണ് പോലീസ് 15 കാരന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചത്. ഇയാളെ പെണ്‍കുട്ടി ഉടന്‍ തിരിച്ചറിഞ്ഞു. പ്രതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ട്. അക്രമണത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടി മാന്തിയിരിന്നു. പ്രതിയുടെ ദേഹത്ത് നഖങ്ങളുടെ പാടുകളും മുറിവുകളും കണ്ടെത്തിയതോടെ ഇയാള് തന്നെ ആണ് കുറ്റവാളി എന്ന് പോലീസിന് ഉറപ്പായി. വീട്ടില്‍ മണ്ണ് പറ്റിയ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ഇതേ വസ്ത്രങ്ങള്‍ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു .