ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മിൽട്ടണ്‍ കെയിൻസിൽ ദേശീയ പാതയായ എം വണ്‍ മോട്ടോർ വേയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ടുപേർ മലയാളികൾ. കോട്ടയം ചേർപ്പുങ്കൽ കടൂക്കുന്നേൽ സിറിയക് ജോസഫ്(ബെന്നി-52), വിപ്രോയിലെ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുന്പപ്പുഴ സ്വദേശി ഋഷി രാജീവ്(28) എന്നിവരാണ് മരിച്ച മലയാളികൾ. നോട്ടിംഗ്ഹാമിൽ പതിനഞ്ചു വർഷമായി താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സർവീസ് നടത്തുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് ഒന്നരയോടെ നോട്ടിംഗ്ഹാമിൽനിന്നു ലണ്ടനു സമീപത്തുള്ള വെന്പ്ലിയിലേക്കു തന്‍റെ മിനിബസുമായി പോകുന്പോഴാണ് അപകടം. ബസിൽ പത്തു യാത്രക്കാരുണ്ടായിരുന്നു. മിൽട്ടണ്‍ കെയിൻസിൽ ജംഗ്ഷനിൽ രണ്ടു ട്രക്കുകളുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. വിപ്രോയിലെ മറ്റ് മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. നാലുപേർ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്.ടു പണി തുടങ്ങാനായി അടുത്ത നാലിന് നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ബെന്നി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത കൂടിയായ എം വണ്‍ അപകടം മൂലം മണിക്കൂറുകൾ അടച്ചിട്ടിരുന്നു.
ബൈക്ക് സ്കൂൾ ബസ്സിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
കാസർകോഡ്:മുള്ളേരിയയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ചു രണ്ടുപേർ മരിച്ചു.ദേലംപാടി പാഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സാബിർ(22),ഗാളീമുഖം കർണൂരിലെ ഇബ്രാഹിം-അസ്മ ദമ്പതികളുടെ മകൻ ഇർഷാദ്(22) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്.ബന്തടുക്ക ഏണിയാടിയിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും.പാടിയത്തടുക്ക അത്തനാടി പാലത്തിനു സമീപം സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബസിലിടിച്ചു ഇരുവരും ബൈക്കിൽ നിന്നും ബസിനടിയിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 28ന് കോളേജുകൾക്ക് അവധിയില്ല
തിരുവനന്തപുരം:അയ്യൻകാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 നു സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകൾ അടക്കമുള്ള കോളേജുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.അന്ന് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും പൊതു അവധിയാണ്.
കേരള പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ വർധിപ്പിച്ചു. പെന്‍ഷന്‍ രണ്ടായിരം രൂപയായാണ് വർധിപ്പിച്ചത്. പെന്‍ഷന്‍ വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.
കാശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ശ്രീനഗർ:ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു.കശ്മീരിലെ പുൽവാമ ജില്ലയിലാണ് ആക്രമണമുണ്ടായത്.ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് സിആർപിഎഫ് ജവാന്മാരുമാണ് മരിച്ചത്.അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ മാരകായുധങ്ങളുമായി എത്തിയ മൂന്നു തീവ്രവാദികൾ പോലീസ് ,സിആർപിഎഫ് ജീവനക്കാരുടെ കോംപ്ലക്സിലേക്ക് വെടിയുതിർക്കുകയായിരുന്നു.ഭീകരർ കെട്ടിടത്തിനുള്ളിലേക്ക് കയറിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സമീപവാസികളെയും മറ്റും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്
ന്യൂഡൽഹി:ആധാര്‍ വഴി രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് വ്യാഴാഴ്ച്ച പുറത്തുവിട്ട രേഖകളിലാണ് ആധാര്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. അതേസമയം വിക്കിലീക്‌സ് അവകാശവാദത്തെ യുഐഡിഎഐ അധികൃതര്‍ നിഷേധിച്ചു.ആധാര്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസാണ്. ഇവര്‍ വഴി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൗരന്മാരുടെ വിരലടയാളവും കൃഷ്ണമണിയുടെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ സഹായത്തിലാണ് ശേഖരിച്ചിരുന്നത്.ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ പങ്കാളിയായ സ്മാര്‍ട്ട് ഐഡന്റിറ്റി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റാണ് 12 ലക്ഷം ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്.ഗാര്‍ഡിയന്‍ എന്ന വിരലടയാള ശേഖരണ യന്ത്രവും ഐ സ്‌കാന്‍ എന്ന കണ്ണ് സ്‌കാന്‍ ചെയ്യുന്ന യന്ത്രവുമാണ് ക്രോസ് മാച്ച് പുറത്തിറക്കിയിരുന്നത്. 2011 ഒക്ടോബര്‍ ഏഴ് മുതല്‍ ഇവ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇവരുടെ ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും കമ്പനി പകര്‍പ്പവകാശം എടുക്കുകയും ചെയ്തിരുന്നു.
ഐഡിയക്ക് 2.97 കോടി പിഴ
ന്യൂഡൽഹി:മറ്റു നെറ്റ്വർക്കുകളിലേക് വിളിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും അമിത ചാർജ് ഈടാക്കിയതിനു ഐഡിയ സെല്ലുലാർ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. ബിഎസ്എൻഎൽ, എംടിഎൻഎൽ നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഇന്റർ കണക്ഷൻ ചാർജ് ഇനത്തിൽ അമിത തുക ഈടാക്കിയതിനെ തുടർന്നാണ് നടപടി.അധികമായി ഈടാക്കിയ തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്നതിന് ആവശ്യമായ കാൾ രേഖകൾ ഇല്ലാത്തതിനാൽ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ട്രായ് നിർദേശിച്ചു.
ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു
ചണ്ഡീഗഡ്:ദേര സച്ചാ സൗദ തലവൻ ഗുർമീത് സിംഗിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തിൽ നിന്നും അനുയായികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ പരിശോധനയിൽ നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു.ഹരിയാനയിലെ ദേര സച്ച സൗദയുടെ ഒൻപതു ഓഫീസുകൾ പൂട്ടിച്ചതായി പോലീസ് അറിയിച്ചു.അശമത്തിനുള്ളിൽ നിരവധി ആളുകൾ തടിച്ചുകൂടി നിൽക്കുന്നതിനിടയിലും ഉള്ളിൽ പ്രവേശിച്ച സൈന്യം ഫ്ലാഗ് മാർച്ച് നടത്തുകയായിരുന്നു.
കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു
കൊല്ലം:കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു.വെള്ളത്തിലേക്ക് വീണ ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം.അന്താരാഷ്ട്ര കപ്പൽ ചാലിൽ മത്സ്യബന്ധനത്തിന് പോയ കതാലിയാ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തിൽ ഇടിച്ച കപ്പൽ നിർത്താതെ പോവുകയായിരുന്നു.വള്ളം പൂർണ്ണമായും തകർന്നു.തീരത്തു നിന്ന് 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലാണ് അപകടം ഉണ്ടായത്.
മന്ത്രി ശൈലജയ്ക്കെതിരേ പരാതിയുമായി സിപിഐ; കോടിയേരിക്ക് കത്ത് നൽകി
തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ നിർദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ നേതൃത്വം കത്ത് നൽകി.മന്ത്രി തന്നിഷ്ടപ്രകാരമാണ് ആളുകളെ നിയമിച്ചത്. ഇനിയുള്ള നിയമനങ്ങളിലേക്ക് പാർട്ടി പ്രതിനിധികളെ നിയമിക്കണമെന്നും സിപിഐ കത്തിൽ ആവശ്യപ്പെടുന്നു.