കണ്ണൂർ:കൂത്തുപറമ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ബംഗാൾ സ്വദേശി തുളസിയാണ് കൊല്ലപ്പെട്ടത്.മദ്യപാനത്തിന് ശേഷം ഉണ്ടായ അടിപിടിയാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുവായൂർ കൂട്ട ആത്മഹത്യ ശ്രമം;മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു
തൃശൂർ:നാലംഗ കുടുംബം ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു.തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ കാളികാവ് ചേരങ്കോട് കോളനിയിലെ സുനിൽകുമാറിന്റെ ഭാര്യ സുജാതയാണ്(36)മരിച്ചത്.മക്കളായ ആകാശ് കുമാറും അമൽ കുമാറും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഭർത്താവ് സുനിൽ കുമാർ മെഡിസിൻ വിഭാഗം ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്.അതേസമയം അടിയന്തിരമായി കരൾ മാറ്റി വയ്ക്കുകയാണെങ്കിൽ രക്ഷപെടാൻ സാധ്യതയുണ്ടെന്നും ഡോക്റ്റർമാർ പറഞ്ഞു.ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.എന്നാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ല.
ദീപക് മിശ്ര ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.ഇന്ന് രാവിലെ ഒൻപതുമണിയോടുകൂടി നടന്ന ചടങ്ങിലാണ് ദീപക് മിശ്ര ഇന്ത്യയുടെ നാല്പത്തഞ്ചാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.ജസ്റ്റിസ് ജെ.എസ് ഖേഹർ വിരമിച്ച ഒഴിവിലാണ് ദീപക് മിശ്ര സ്ഥാനമേൽക്കുന്നത്.നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചും സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരുമെഴുന്നേറ്റ് നിൽക്കണമെന്ന് വിധിച്ചും വാർത്തകളിൽ ഇടം നേടിയ ജഡ്ജിയാണ് ദീപക് മിശ്ര.
ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും
സിർസ:ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഗുർമീതിനെതിരെയുള്ള വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉത്തരേന്ത്യയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഉണ്ടായ കലാപം ആവർത്തിക്കാതിരിക്കാനാണ് സൈന്യവും അർദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.പതിനഞ്ചു വർഷം പഴക്കമുള്ള മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.ഗുർമീത് സിംഗിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പ്രത്യേക കോടതി ചേർന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ജയിലിൽ താൽക്കാലിക കോടതി ചേരുന്നത്.വിധി പറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാർക്കും കനത്ത സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു
ബെംഗളൂരു:കർണാടക മൂലഹള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മലയാളി മരിച്ചു.വയനാട് മേപ്പാടി സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.ബാംഗളൂരിൽ നിന്നും മകൾക്കും ഭാര്യാസഹോദരനുമൊപ്പം മേപ്പാടി തിനപുരത്തെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചത്.കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാൻ രാധാകൃഷ്ണൻ കാറിൽ നിന്നും ഇറങ്ങി ഓടിയപ്പോഴാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്.തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്ററായ രാധാകൃഷ്ണൻ നാടക,സിനിമ,സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
അയ്യങ്കാളി ജയന്തിയിലെ അവധി പുനഃസ്ഥാപിച്ചു
തിരുവനന്തപുരം:അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു. ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി. മെഡിക്കല്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്ന് പുതിയ നിര്‍ദേശം നല്‍കി. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയതില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.ഹൈകോടതി നിര്‍ദേശിച്ച പ്രകാരം മെഡിക്കല്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവരുടെ പ്രവേശം 28, 29 തീയതികളിലും സ്‌പോട്ട് അലോട്ട്‌മെന്റ് 30,31 തീയതികളിലും നടക്കുകയാണ്. ഇതിനായി ടിസി ആവശ്യമായവര്‍ക്ക് ടിസി വാങ്ങാന്‍ നാളെ മാത്രമേ അവസരമുണ്ടായിരുന്നുള്ളൂ. ഇത് കണക്കിലെടുത്താനാണ് തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബി ചരടുവലിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ടിസി നല്‍കേണ്ട സ്ഥാപനങ്ങളില്‍ ടിസി നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായാല്‍ മതിയെന്ന പുതിയ നിര്‍ദേശമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ബീഹാറിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 440 ആയി
പട്ന:ബീഹാറിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 440 ആയി.ഉത്തരേന്ത്യയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കം കൂടുതൽ ദുരിതം വിതച്ച ബിഹാറിൽ മരണസംഖ്യ 440 ആയി. 19 ജില്ലകളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിവെച്ചത്. ഇതിൽ പൂർണിയ, കതിഹാർ, കിഷൻഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. 27,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പ്രളയക്കെടുതി കണക്കിലെടുത്ത് അടിയന്തര ദുരിതാശ്വാസമായി സംസ്ഥാനത്തിന് 500 കോടി രൂപ ധനസഹായ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും കേന്ദ്രം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സൈന്യം,ദേശീയ ദുരന്ത നിവാരണസേന,സംസ്ഥാന സേനകൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.
എഎസ്ഐ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു
ചേവായൂർ:എഎസ്ഐ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാമകൃഷ്ണനാണ്(47) തൂങ്ങി മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ച രാമകൃഷ്ണനെ ഒൻപതു മണിയോട് കൂടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മറ്റു പോലീസുകാർ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്ത് സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ തൂങ്ങിമരിക്കുകയായിരുന്നു.യൂണിഫോമോടുകൂടിയാണ് മരിച്ചത്.പെരിങ്ങളം സ്വദേശിയായ രാമകൃഷ്ണൻ സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പരിശീലകൻ കൂടിയാണ്. ഭാര്യ ശ്രീജ.ഡിഗ്രി വിദ്യാർത്ഥിയായ ജിത്തു,പ്ലസ് ടു വിദ്യാർത്ഥിയായ വൈഷ്ണവ് എന്നിവരാണ് മക്കൾ.
കൊല്ലത്ത് വള്ളത്തിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി
കൊല്ലം:കൊല്ലത്ത് മൽസ്യബന്ധന ബോട്ടിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാങ് എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റർ അകലെ കണ്ടെത്തിയത്.വിഴിഞ്ഞത്തു നിന്നുള്ള c427 എന്ന കപ്പലും കൊച്ചിയിൽ നിന്നുമെത്തിയ ഡോർണിയർ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. തീരസേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കപ്പൽ നിർത്താതെ യാത്ര തുടരുകയാണെന്ന് സേന അധികൃതർ പറഞ്ഞു.അപകട സമയവും മീൻപിടിത്തക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്നു മനസിലാക്കാൻ കഴിഞ്ഞത്. തീരസംരക്ഷണ സേനയുടെ കമാണ്ടർ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാൽ കപ്പൽ നിർത്താൻ ക്യാപ്റ്റൻ തയ്യാറായില്ല.യാത്ര തുടരാൻ തങ്ങളുടെ ഏജൻസി തലവൻ നിർദേശിച്ചതായി ക്യാപ്റ്റൻ തീരസംരക്ഷണ സേനയെ അറിയിച്ചു. ആൻഡമാൻ, തൂത്തുക്കുടി, ചെന്നൈ,കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള തീരസേനയുടെ കപ്പൽ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഗണേശോത്സവം: ജില്ലയിൽ കനത്ത പോലീസ് സുരക്ഷ
കണ്ണൂർ: സാർവജനിക ഗണേശോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങൾ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആയത് നീക്കം ചെയ്യുന്നതിനും അതിനു വരുന്ന ചെലവ് ഉടമസ്ഥനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. അലക്ഷ്യമായി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ഇന്നു വൈകുന്നേരം നിരവധി ഗണേശ വിഗ്രഹ നിമജ്ജനഘോഷയാത്രകൾ നഗരത്തിൽ എത്തി നഗരപ്രദക്ഷിണം ചെയ്യുന്നതിനാൽ വൈകുന്നേരം നാലു മുതൽ നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.ആയതിനാൽ ദീർഘദൂര യാത്രക്കാർ കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി മറ്റ് സാധ്യമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടതാണ്. ഘോഷയാത്ര കഴിഞ്ഞു തിരിച്ചുപോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.