റോഡില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു

keralanews 34sheeps died by drinking water on the road

കർണാടക:നഗരത്തില്‍ കെട്ടി കിടന്ന രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു.  കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.വെള്ളം കുടിച്ചതിനു പിന്നാലെ ആട്ടിന്‍ കൂട്ടം വിറയ്ക്കുകയും നിലത്തു വീഴുകയുമായിരുന്നു. മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ നിന്ന് രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ നാംദേവ് റാത്തോഡ് അറിയിച്ചു.

സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഫീസ് 11 ലക്ഷം തന്നെ എന്ന് സുപ്രീം കോടതി

keralanews self financing medical admission the fee is 11lakhs

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം, അഡ്മിഷൻ പൂർത്തായാകാൻ മൂന്ന് ദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സർക്കാരുമായി ഇതിനോടകം കരാർ ഒപ്പിട്ടവർക്കും ഇത് ബാധകമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് രണ്ട് കോളജുകൾക്ക് മാത്രമായിരുന്നു നേരത്തെ 11 ലക്ഷം ഫീസ് നിശ്ചയിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയായിരുന്നു. അലോട്ട്മെന്‍റ് പൂർത്തിയായെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

ഗുർമീത് റാം റഹിം സിങ്ങിന് പത്തുവർഷം തടവ്

keralanews gurmeet singh is jailed for 10years

ചണ്ഡീഗഡ്:ഒന്നര പതിറ്റാണ്ട് പഴക്കമുള്ള മാനഭംഗക്കേസിൽ വിവാദ ആൾദൈവവും ദേര സച്ച സൗധ നേതാവുമായ റാം റഹിം സിങ്ങിന് കോടതി പത്തു വർഷം തടവ് ശിക്ഷ വിധിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് ജീവപര്യന്തം നൽകണമെന്നും സിബിഎ കോടതിയിൽ വാദിച്ചു. അതേസമയം, ഗുർമീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.  15 വർഷം മുൻപാണ് ഈ ആരോപണം വന്നതെന്നതിനാൽ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുർമീത് നിരവധിപ്പേർക്ക് സഹായങ്ങൾ ചെയ്ത വ്യക്തിയാണെന്നും ഇതൊക്കെ കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 10 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, വിധി പ്രസ്താവിക്കുന്നതിന് ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടർ മാർഗമാണ് റോഹ്തക്കിലെത്തിയത്.

ഗുർമീത് സിംഗിന്റെ ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും,കോടതിയിൽ പൊട്ടിക്കരഞ്ഞും മാപ്പപേക്ഷിച്ചും ആൾദൈവം

keralanews gurmeet singhs punishment will be pronounced shortly

ചണ്ഡീഗഢ്:ബലാൽസംഗ കേസിൽ അറസ്റ്റിലായ ഗുർമീത് സിംഗിന്റെ വിധി അൽപ സമയത്തിനകം പ്രഖ്യാപിക്കും.ഇതിനിടെ കോടതിയിൽ വാദത്തിനിടെ ഗുർമീത് സിംഗ് മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.കനത്ത സുരക്ഷയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സുരക്ഷാ വലയത്തിൽ റോഹ്ത്തക്കിലെ സുനാരിയ ജയിലിനകത്ത് തീർത്ത താൽക്കാലിക കോടതിയിലാണ് വാദം നടക്കുന്നത്.ഗുർമീതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഗുർമീത് സാമൂഹ്യപ്രവർത്തകനാണെന്നും ശിക്ഷയിൽ ഇളവ് നല്കണമെന്നുമായിരുന്നു ഗുർമീതിന്റെ അഭിഭാഷകന്റെ വാദം.

ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി;ഡ്രൈവർ മരിച്ചു

keralanews bus crashes into the shop and the driver died

തലശ്ശേരി:നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർ മരിച്ചു.തൊട്ടിൽപ്പാലം മുണ്ടക്കുറ്റി ദാമോദരന്റെ മകൻ രഞ്ജിത്ത്(25) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടില്പാലത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമന്റ് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കേറ്റു.തൂണേരി മസ്ജിദിനടുത്ത് വെച്ച്  നിയന്ത്രണം വിട്ട ബസ് സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ  സ്റ്റാന്റിനടുത്തുള്ള സിമെന്റ്  കടയിലേക്ക് പാഞ്ഞു കയറിയത്.ഓട്ടോ സ്റ്റാൻഡിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി.ബസിനു അമിത വേഗത ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം ഓടിയെത്തി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.ചൊക്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. .

മാങ്ങാനം കൊലപാതകം;മൃതദേഹം തിരിച്ചറിഞ്ഞു

keralanews manganam murder body identified

കോട്ടയം:കോട്ടയം മാങ്ങാനത്ത് മൃതദേഹം വെട്ടി നുറുക്കി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു.പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യയുമാണ് പോലീസ് പിടിയിലായത്.ഈ മാസം 23 ന് രാത്രിയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് ഇനിമുതൽ ബോണസ് ഇല്ല

keralanews no bonus for deputies in beverages corporation

തിരുവനന്തപുരം:ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് അടുത്ത വർഷം മുതൽ ബോണസ് ഇല്ല.ഉയർന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേർ ബെവ്കോയിൽ ഡെപ്യൂട്ടേഷന്റെ പേരിൽ കയറിക്കൂടാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് ബെവ്കോയിൽ ഓണം സ്പെഷ്യൽ ഡെപ്യൂട്ടേഷൻ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു.ഇതിനു പുറമെയാണ് ബോണസിലും തീരുമാനമായത്.ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പരമാവധി ആളുകളെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരുന്നത്. കെസ്ആർടിസി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലെക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം.

കാ​റു​ക​ൾ ബൈ​ക്കി​ലി​ടി​ച്ച് ദ​മ്പ​തി​ക​ള്‍​ ഗു​രു​ത​രാവസ്ഥയിൽ

keralanews couples seriously injured in bike accident

തളിപ്പറമ്പ്: കാറുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം ആറരയോടെ ദേശീയപാതയില്‍ ധര്‍മശാലയിലായിരുന്നു അപകടം.ഇരിണാവ് സ്വദേശികളായ ശിവദാസന്‍ (62), സത്യഭാമ(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ദേശീയപാതയില്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന കാറിടിച്ച് സ്‌കൂട്ടറോടൊപ്പം തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറിനടിലേക്ക് വീഴുകയായിരുന്നു.ഈ കാറിനടിയില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഓടിയെത്തിയ നാട്ടുകാര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം

keralanews conflict in kannur ganesholsavam

കണ്ണൂർ: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം-ബിജെപി സംഘർഷം. കല്ലേറിലും കൈയേറ്റത്തിലും ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പലയിടങ്ങളിലും ഘോഷയാത്രകൾ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.പടുവിലായിയിലും വാളാങ്കിച്ചാലിലും ആഢൂരിലും ഘോഷയാത്രയിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ ചോദ്യംചെയ്തതാണ് സംഘർഷത്തിന് വഴിവച്ചതെന്ന് പറയുന്നു. കാടാച്ചിറ ആഢൂർ പാലത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവരും സിപിഎം പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റം പിന്നീട് കൈയാങ്കളിയിലും കല്ലേറിലും കലാശിച്ചു. കല്ലേറിൽ മൂന്നുവീതം ബിജെപി-സിപിഎം പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. എടക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുജീഷിനാണ് തലയ്ക്കു പരിക്കേറ്റത്. അക്രമത്തിൽ പ്രകോപിതരായ ഒരു സംഘം ചാലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം നടത്തി. ഓഫീസിലെ ടിവി, കസേര, മേശ എന്നിവ തകർത്ത സംഘം ഓഫീസിലുണ്ടായിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം ബാലനെ മർദിച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിനുശേഷം ചാല അമ്പലം സ്റ്റോപ്പിന് സമീപത്തെ ഒരു ഷെഡും ഒരു സംഘം അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.കൂത്തുപറമ്പിനടുത്ത് കായലോട് സിപിഎം ഓഫീസിനു നേരേ ആക്രമണമുണ്ടായി. കായലോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള രാധാകൃഷ്ണൻ സ്മാരക ലൈബ്രറിക്കുനേരേയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ സ്ഥാപനത്തിന്‍റെ ഗ്ലാസ് തകർന്നു. കല്ലായിയിൽ സിപിഎം സ്ഥാപിച്ച കൊടിമരവും തകർക്കപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പടുവിലായി സേവാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് 15 ദിവസം മുന്പ് പോലീസിൽ രേഖാമൂലം അപേക്ഷ നൽകി നിയമാനുസരണം അനുവാദംവാങ്ങിയെങ്കിലും സിപിഎം നിർദേശപ്രകാരം പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു.

ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി

keralanews 46 led tvsets were stolen

തൃശൂർ:റോഡരികിൽ ട്രക്ക് നിർത്തി ഡ്രൈവർ ഉറങ്ങിയതോടെ വാഹനത്തിൽ ഉണ്ടായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി.ഞായറാഴ്ച വെളുപ്പിന് രണ്ടു മണിക്കാണ് സംഭവം.ക്ഷീണം മൂലം വാഹനം റോഡരികിലൊതുക്കി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ഡ്രൈവർ പറഞ്ഞു.ആലുവ തൊട്ടുമുഖത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് പെരുമ്പിലാവിൽ വെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം ലോറിയുടെ ടാർപോളിൻ പൊളിച്ചു നീക്കി ടിവി സെറ്റുകൾ കടത്തിയത്. ലോറി അനങ്ങുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഡ്രൈവർ ഉണർന്നതറിഞ്ഞ് മോഷ്ട്ടാക്കൾ വാഹനവുമായി രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തേക്കാണ് വാഹനം ഓടിച്ചുപോയത്.സമീപത്തുണ്ടായ ഓട്ടോ വിളിച്ചു ലോറിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.കളമശ്ശേരിയിലെ ഒരു ട്രാൻസ്‌പോർട് ഏജൻസി വഴിയാണ് സാധനങ്ങൾ അയച്ചിരുന്നത്.50 എൽഇഡി ടിവികൾ,വാഷിങ് മെഷീൻ,മൾട്ടി മീഡിയ സ്പീക്കർ എന്നിവയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 46 ടിവി സെറ്റുകളാണ് നഷ്ടപ്പെട്ടത്.ഏഴുലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായതായി കമ്പനി പ്രതിനിധികൾ അറിയിച്ചു.